കേരളത്തിൽ പ്രചാരം ലഭിച്ചു കഴിഞ്ഞ ഒരു ഫലവൃക്ഷമാണ് മാർട്ടാ നാരകം. ചെറുനാരങ്ങയ്ക്കുള്ള ഉപയോഗമെല്ലാം ഇതിനും ഉണ്ട്; അച്ചാറിടാനായാലും സർബത്തുണ്ടാക്കാനായാലും.
കൊമ്പ് ഒടിച്ചുകുത്തിയാണ് ഈ നാരകം സാധാരണ വളർത്തുന്നത്. അതു കൊണ്ടു തന്നെ ഇത് “ഒടിച്ചു കുത്തി നാരകം" എന്നും അറിയപ്പെടുന്നു. രണ്ടു രണ്ടര മീറ്ററിൽ കൂടുതൽ ഉയരത്തിൽ ഇതു വളരാറില്ല. അസംഖ്യം ശാഖോപശാഖകളോടെ വിസ്‌താരത്തിൽ ഇതു വളരുന്നു. മിക്കവാറും എല്ലായ്പ്‌പോഴും കായ്ക്കുകയും ചെയ്യുന്നു. ഒരു വർഷം ഏകദേശം 300 മുതൽ 800 വരെ കായ്‌കൾ നൽകുന്നു.
"സിട്രസ് ലെമൺ" എന്നാണിതിൻ്റെ ശാസ്ത്രനാമം. റൂട്ടേസ്യേ കുടുംബത്തിലെ ഒരംഗമാണിത്. കേരളത്തിലെ കാലാവസ്ഥയ്ക്കു വളരെ യോജിച്ചതും ഏതു തരം മണ്ണിലും വളരാൻ കഴിയുന്നതുമായ ഒന്നാണിത്.
മഴ ലഭിച്ചു മണ്ണ് നന്നായി നനഞ്ഞു കഴിഞ്ഞാൽ നടാനുള്ള കുഴികൾ അധികം ചൂടേൽക്കാത്ത സ്ഥലത്തെടുക്കുന്നതാണ് ഉത്തമം. ഒരു മീറ്റർ നീളം, വീതി, താഴ്‌ച എന്ന അളവിൽ കുഴിയെടുത്തു മേൽമണ്ണും ചാണകപ്പൊടിയും ചേർത്തു കുഴിയുടെ മൂന്നിൽ രണ്ടു ഭാഗം മൂടുക. അതിനു ശേഷം വേരുപിടിപ്പിച്ച തൈകൾ കുഴിയുടെ മധ്യഭാഗത്തായി നടുക. നട്ട ശേഷം ചുറ്റുമുള്ള മണ്ണ് ഉറപ്പിക്കുകയും നന്നായി നനച്ചു കൊടുക്കുകയും വേണം.
ഒരു വർഷം പ്രായമാകുമ്പോഴേക്കും ചെടി കായ്ച്ചു തുടങ്ങും. വേനൽക്കാലത്തു രണ്ടാഴ്‌ചയിലൊരിക്കൽ നനച്ചു കൊടുക്കണമെന്നു മാത്രം. ചെടിയുടെ വളർച്ചയ്ക്കനുസരിച്ച് വർഷം തോറും 10 മുതൽ 25 കിലോഗ്രാം വരെ ചാണകവും, 70 ഗ്രാം വീതം പാക്യജനകം, ഭാവകം, ക്ഷാരം എന്നിവ ഒന്നാം വർഷവും അവ ക്രമേണ വർധിപ്പിച്ച് 400 ഗ്രാം പാക്യജനകം, 480 ഗ്രാം ഭാവകം, 900 ഗ്രാം ക്ഷാരം എന്ന തോതിൽ ഏഴാം വർഷം മുതലും നൽകണം.