Updated on: 1 September, 2023 9:47 PM IST
കൊക്കോ

ഒരു കാലത്ത് നമ്മുടെ വീട്ടുവളപ്പുകളിൽ ധാരാളമായി കൃഷി ചെയ്തിരുന്ന കൊക്കോ ലാഭകരമല്ലാത്തതിനാൽ വെട്ടി മാറ്റിയതാണ്. എന്നാൽ ഇന്നു കാലം മാറി, ചുരുങ്ങിയ ചിലവിൽ കൂടുതൽ വരുമാനം തരുന്ന വിളയായി കൊക്കോ മാറിയിരിക്കുന്നു. കഴിഞ്ഞ 10 വർഷത്തെ വില പരിശോധിച്ചാൽ 50 ശതമാനത്തിൽ കൂടുതൽ വർദ്ധനവാണ് ആഭ്യന്തര വിലയിലും അന്താരാഷ്ട്ര വില യിലും രേഖപ്പെടുത്തിയത്. അതായത് 2012 ൽ ഉണക്ക കുരുവിന് ആഭ്യന്തര വിപണിയിൽ 127 രൂപ ആയിരുന്നത്. 2022 ൽ 200 രൂപയിൽ കൂടുതലായി ഉയർന്നു. എന്നാൽ 2023 ൽ കൊക്കോ വില വീണ്ടും ഉയർന്ന് ജൂൺ അവസാനത്തോടെ എക്കാലത്തേയും ഏറ്റവും ഉയർന്ന വിലയിൽ എത്തി നിൽക്കുന്നു. അന്താരാഷ്ട്ര കൊക്കോ - ഓർഗനൈസേഷന്റെ കണക്കു പ്രകാരം കഴിഞ്ഞ ജൂൺ മാസം 28-ാം തീയതിയിലെ അന്താരാഷ്ട്ര കൊക്കോ വില ഉണക്കക്കുരുവിന് കിലോയ്ക്ക് 268 രൂപ 76 പൈസയാണ്.

അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലും വർദ്ധിച്ചു വരുന്ന കൊക്കോയുടെ ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അന്തരമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും, രോഗ കീടബാധയുടെ അതിപ്രസരവും കാരണം പരമ്പരാഗതമായി കൃഷി ചെയ്തു വരുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ കൊക്കോ ഉൽപാദനം കുറഞ്ഞു വരുന്നു. വരും കാലങ്ങളിൽ ഉൽപാദനം ഇനിയും കുറയാനാണ് സാധ്യത. ലോകത്ത് ഏറ്റവും കൂടുതൽ കൊക്കോ ഉൽപാദിപ്പിക്കുന്ന രാജ്യമായ ഐവറി കോസ്റ്റിൽ നിന്നുള്ള ഉൽപാദനം അവിടെ ഇപ്പോൾ കടുത്ത മഴ ലഭിക്കുന്നതിനാൽ വിപണിയിൽ പൂർണ്ണമായി എത്തിയിട്ടില്ല. ഇതും അന്താരാഷ്ട്ര വിപണിയിൽ കൊക്കൊ കുരുവിന്റെ ലഭ്യത കുറയാൻ കാരണമായി. കഴിഞ്ഞ 3-4 മാസമായുള്ള കൊക്കോ കുരുവിന്റെ എക്കാലത്തേയും ഉയർന്ന വില ലഭിക്കുന്നതിന് കാരണമായി എന്നാണ് അന്താരാഷ്ട്ര കൊക്കോ ഓർഗനൈസേഷൻ അഭിപ്രായപ്പെടുന്നു.

ഏതാനും കഴിഞ്ഞ 10 വർഷത്തെ ആവശ്യകത വർദ്ധനവും ലഭ്യതയും കണക്കിലെടുത്താൽ അടുത്ത പത്തു വർഷത്തേക്ക് കൊക്കോ വില ഉയർന്നു തന്നെ നിൽക്കാനാണ് സാധ്യത. കൂടാതെ ദേശീയ തലത്തിലും കൊക്കോയുടെ ഉപയോഗം 10 ശതമാനം പ്രതിവർഷം വർദ്ധിക്കുന്നതായിട്ടാണ് കണക്കുകൾ കാണിക്കുന്നത്. നമ്മുടെ ഇന്നത്തെ ഉൽപാദനം 28,426 ടൺ കൊക്കോ കുരുവാണ്. എന്നാൽ ഇന്ത്യയിലെ ചോക്ലേറ്റ് ഫാക്ടറികളുടെ ആവശ്യകത ഒരു ലക്ഷം ടൺ കൊക്കോ കുരുവാണ്. അതായത് നമ്മുടെ മൊത്തം ആവശ്യകതയുടെ 12 ശതമാനവും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നു. അതിനാൽ അടുത്ത 10 വർഷത്തേക്ക് വിലയിൽ കാര്യമായ വ്യത്യാസമില്ലാതെ നിലനിൽക്കാനാണ് സാധ്യത.

ഇപ്പോൾ കൊക്കോ നടാം.

വീട്ടുവളപ്പിലെ തെങ്ങുകളുടേയും മറ്റു മരങ്ങളുടേയും ഇടയിലെ ഭാഗീകമായ തണലിൽ കൊക്കോ തൈ നടാവുന്നതാണ്. എന്നാൽ ഉണക്കു കാലത്ത് നനക്കാൻ സൗകര്യമുണ്ടോ എന്ന് ഉറപ്പു വരുത്തി വേണം കൊക്കോ നടാൻ, ഗുണമേന്മയുള്ള കരുത്തുള്ള തൈകൾ തിരഞ്ഞെടുത്ത് നടുന്നതിലും ശാസ്ത്രീയ പരിപാലന മുറകൾ യഥാസമയം ചെയ്ത് കൊടുക്കുന്നതിലും ശ്രദ്ധ ആവശ്യമായ വിളയാണിത്. എങ്കിൽ മാത്രമേ നാം നടുന്നവ കരുത്തോടെ വളരുകയും യഥാസമയം പുഷ്പിക്കുകയും ചെയ്യുകയുള്ളൂ. താഴെ പറയുന്ന കാര്യങ്ങൾ കൊക്കോ തൈ നടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. തൈകൾക്ക് താഴെ പറയുന്ന സ്വഭാവ ഗുണങ്ങൾ ഉണ്ടോ എന്ന് ഉറപ്പു വരുത്തണം.

1. തൈകൾക്ക് കുറഞ്ഞത് 5 മുതൽ 6 മാസം വരെ പ്രായം ഉണ്ടായിരിക്കണം. തീരെ പ്രായം കുറഞ്ഞതും വളർച്ച മുരടിച്ചതുമായ തൈകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം.

2. തൈകൾക്ക് 5 മുതൽ 6 ജോഡി കരുത്തോടെ വളരുന്ന പച്ച നിറമുള്ള ഇലകൾ ഉണ്ടായിരിക്കണം.

3. തൈ തണ്ടിന് ഒരു പെൻസിലിന്റെ വണ്ണത്തിൽ പോളിത്തീൻ കവറിന്റെ മധ്യഭാഗത്തായി നേരെ മുകളിലേയ്ക്ക് ചരിയാതെ വളരുന്ന തൈകൾ വേണം തിര ഞെഞ്ഞെടുക്കാൻ

4. നല്ല ലക്ഷണമൊത്ത തൈകൾക്ക് 45 മുതൽ 50 സെ.മീ ഉയരം ഉണ്ടായിരിക്കും.

5. ശിഖരങ്ങൾ ഉള്ള തൈകൾ തിരഞ്ഞെടുക്കരുത്.

6. നീണ്ടു മെലിഞ്ഞ വളർച്ച മുരടിച്ചതും, രോഗബാധയേറ്റതുമായ തൈകൾ ഒഴിവാക്കണം.

ശരിയായ അലകത്തിൽ നട്ടു വളർത്തിയ തെങ്ങിൻ തോപ്പിൽ കൊക്കോ നടുമ്പോൾ രണ്ടു വരി തെങ്ങിന്റെ മദ്ധ്യഭാഗത്തായി 3 മീറ്റർ അകലത്തിൽ നടാം. എന്നാൽ നമ്മുടെ വീട്ടു വളപ്പിൽ തെങ്ങിന്റേയും മറ്റു മരങ്ങളുംടേയും ഇടയിൽ നടുമ്പോൾ കൊക്കോയും മറ്റു മരങ്ങളും തമ്മിൽ മൂന്നു മീറ്ററെങ്കിലും അകലം വിടാൻ ശ്രദ്ധിക്കണം. കൂടാതെ ഭാഗികമായ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണോ എന്ന് ഉറപ്പു വരുത്തണം.

നടാനായി 50 സെ.മീ വീതം നീളം, വീതി ആഴമുള്ള കുഴിയെടുത്ത് കുഴിയിൽ മേൽ മണ്ണ് ഉണങ്ങിയ ചാണകം, കുമ്മായം അല്ലെങ്കിൽ ഡോളോമൈറ്റ് എന്നിവ കൂട്ടി കലർത്തിയ മിശ്രിതം കൊണ്ട് കുഴി മൂടണം. അതിനു ശേഷം കുഴിയുടെ നടുവിലായി കൊക്കോ തൈയുടെ പോളിത്തീൻ കവറിലുള്ള മണ്ണ് ഇരിക്കത്തക്ക വിധം ഒരു ചെറിയ കുഴിയുണ്ടാക്കി തൈയുടെ കവർ ശ്രദ്ധാപൂർവ്വം മുറിച്ചു മാറ്റി വേരു പടത്തിന് ഇളക്കം തട്ടാതെ മണ്ണോടു കൂടി നടണം.

നല്ല ഗുണമേന്മയുള്ള തൈകൾ മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ നോക്കി തിരഞ്ഞെടുത്ത് നട്ടു വളർത്തിയാൽ 4-5 വർഷം കഴിയുമ്പോൾ ഒരു മരത്തിൽ നിന്ന് 2 കി. ഗ്രാം, ഉണക്ക കുരു ലഭിക്കും. ഇന്നത്തെ വിലയ്ക്ക് കുറഞ്ഞത് 500 രൂപ ലഭിക്കും. ഓരോ പ്രദേശത്തേയും കർഷകർ കൂട്ടായി നട്ടു വളർത്തിയാൽ നല്ല ലാഭമുണ്ടാക്കാം.

ഗുണമേന്മയുള്ള കൊക്കോ തൈകൾ ലഭിക്കുന്ന തിന് താഴെ പറയുന്ന അംഗീകൃത നേഴ്സറികളുമായി ബന്ധപ്പെടുക.

1. കൊക്കോ ഗവേഷണ കേന്ദ്രം

വെള്ളാനിക്കര, തൃശൂർ.

ഫോൺ : 0487 2438451

2. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (സി.പി.സി.ആർ.ഐ)

പ്രാദേശിക കേന്ദ്രം വിറ്റൽ, കർണ്ണാടക.

ഫോൺ : 08255 - 265289, 239244

3. മോണ്ടിലിസ് ഇന്ത്യ ഫുഡ്സ് ലിമിറ്റഡ് താമരശ്ശേരി, കോഴിക്കോട് / ഭൂതത്താൻകെട്ട്, കോതമംഗലം, എറണാകുളം.

Contact: 09656291308, 0495 299

English Summary: Cocoa farming is better now : gets double profit
Published on: 01 September 2023, 09:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now