പകുതിയിലധികം ചെറുകിട കർഷകർ ഉള്ള നമ്മുടെ രാജ്യത്ത് തെങ്ങ് കൃഷി ലാഭകരമാക്കി തെങ്ങിൽ നിന്നും കർഷകർ ആഗ്രഹിക്കുന്ന ഒരു വരുമാനം ലഭിക്കണമെങ്കിൽ ഉൽപ്പന്ന വൈവിധ്യവൽക്കരണം കൊണ്ട് കൈവരിക്കുവാൻ സാധിക്കുകയുള്ളൂ. കൂടുതൽ തോതിൽ നാളികേര മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കിയെടു ക്കുന്നതു വഴി നിലവിൽ കമ്പോളത്തിൽ നാളികേരത്തിന് കണ്ടു വരുന്ന വില വ്യതിയാനങ്ങൾ കാരണം കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒരു പരിധിവരെ തടഞ്ഞു നിർത്തുവാൻ സാധിക്കും.
തെങ്ങ് എന്നത് നാളികേരത്തിനും വെളിച്ചെണ്ണക്കുമപ്പുറം നമ്മുടെ കർഷകർക്ക് മുന്നിലേക്ക് തുറന്നുകാട്ടുന്നത് വിശാലമായ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ സാധ്യതകളാണ് എന്നുള്ള കാര്യം നമ്മുടെ ഉത്പാദകർ മനസ്സിലാക്കി അതിലേക്ക് ഇറങ്ങി ചിന്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിനു വേണ്ടിയുള്ള വിവിധ സാങ്കേതികവിദ്യകൾ ഇന്ന് നമുക്ക് ലഭ്യമാണ്
വിപണിയിൽ ഇന്ന് ലഭ്യമായ മറ്റേതൊരു ചിപ്സിനെ പോലെ തന്നെ നമുക്ക് ഒരു ലഘു ഭക്ഷണമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു വിഭവമാണ് നാളികേര ചിപ്‌സ്. 8 മുതൽ 9 മാസം വരെ പ്രായമായ തേങ്ങയുടെ കാമ്പിൽ നിന്നുമാണ് നാളികേര ചിപ്സ് ഉണ്ടാക്കിയെടുക്കുന്നത്. തേങ്ങയുടെ കാമ്പ് ചെറു കഷണങ്ങളായി മുറിച്ചെടുക്കുക. ഒരു കിലോഗ്രാം തുല്യമായി അരിഞ്ഞെടുത്ത തേങ്ങയുടെ കാമ്പ് ഒരു കിലോഗ്രാം പഞ്ചസാരയിലും 20 ഗ്രാം ഉപ്പും ചേർത്ത് ഒരു മണിക്കൂർ വയ്ക്കുക. ഈ പ്രക്രിയയെയാണ് ഓസ്മോട്ടിക് ഡീഹൈഡ്രേഷൻ എന്ന് പറയുന്നത്. ഓസ്മോട്ടിക് ഡിഹൈഡ്രേഷനു ശേഷം ഇലക്ട്രിക് ഡ്രയറിലിട്ട് ഇവയിലുള്ള വെള്ളത്തിന്റെ അളവ് പരമാവധി കുറച്ചെടുത്തുകൊണ്ടുവരാവുന്നതാണ്.
വിപണിയിലുള്ള മറ്റു ചിപ്‌സുകളെ പോലെ എണ്ണയിൽ വറുത്തു കോരിയെടുക്കേണ്ട ആവശ്യകത ഇവയ്ക്ക് വരുന്നില്ല. എണ്ണയിൽ വറുത്തു കോരി എടുക്കുന്നതിനു പകരം ഓസ്മോട്ടിക് ഡിഹൈഡ്രേഷൻ എന്ന പ്രക്രിയയാണ് ഇവിടെ നടപ്പിലാക്കുന്നത്. ഇതിനു വേണ്ടിയുള്ള ഉപകരണങ്ങൾ കാസർഗോഡുള്ള കേന്ദ്ര തോട്ടവിള ഗവേഷണ സ്‌ഥാപനത്തിൽ ലഭ്യമാണ്. യാതൊരു പ്രിസർവേറ്റീവുകളും ഉപയോഗിക്കാത്തതു കൊണ്ട് തന്നെ ഇവ ആരോഗ്യപ്രദവും പോഷക സമൃദ്ധവുമായ ഒരു ഭക്ഷണമായും നമുക്ക് ഉപയോഗിക്കാവുന്നതാണ്.