സെപ്റ്റംബറിൽ മഴക്കാലമായതിനാൽ ചെല്ലി ആക്രമണം കൂടാൻ സാധ്യതയുണ്ട്.
പ്രത്യേകിച്ചും കുള്ളൻ തെങ്ങുകൾ ആണെങ്കിൽ പറയുകയേ വേണ്ട
ചെല്ലികൾ കൂട്ടത്തോടെ വന്ന് തെങ്ങിനെ മൊത്തത്തിൽ നശിപ്പിക്കുന്നു. കൊമ്പൻ ചൊല്ലിക്കും ചെമ്പൻ ചെല്ലിക്കും ചെയ്യേണ്ട പരിഹാരമാർഗ്ഗങ്ങൾ നോക്കാം
കൊമ്പൻ ചെല്ലി
തെങ്ങിന്റെ മണ്ട വൃത്തിയാക്കുന്ന സമയത്ത് കൊമ്പൻ ചെല്ലിയെ ചെല്ലിക്കോലുപയോഗിച്ച് കുത്തിയെടുത്ത് നശിപ്പിക്കുക.
വളക്കുഴികളിലും ചെല്ലിയുടെ പുഴുക്കൾ വളരുന്ന മറ്റിടങ്ങളിലും മെറ്റാ റൈസിയം കുമിൾ തളിച്ചു കൊടുക്കുക. ചെല്ലികൾ പെരുകുന്ന ഇടങ്ങളിൽ പറമ്പുകളിൽ ധാരാളമായി കാണുന്ന പെരുവലം എന്ന സസ്യം വേരോടെ പിഴുതിടുക. തെങ്ങിൻ തൈകളിൽ തിരി നാമ്പിനു ചുറ്റുമുള്ള മു ന്ന് ഓലക്കവിളുകളിൽ ഓരോ പാറ്റ ഗുളിക (4 ഗ്രാം) വീതം വച്ച് മുകളിൽ മണൽ നിറച്ചും കൊമ്പൻ ചെല്ലികളുടെ ആക മണത്തെ പ്രതിരോധിക്കാം.
വലിയ തെങ്ങുകളിൽ തിരിനാമ്പിനു ചുറ്റുമുള്ള 3 - 4 ഓലക്കവിളുകളിൽ 250 ഗ്രാം മരോട്ടി വേപ്പിൻ പിണ്ണാക്ക് തുല്യ അളവിൽ മണലുമായി ചേർത്ത് നിറച്ചു കൊടുക്കുക. ക്ലോറോൻ ടി നിലിപ്പോൾ അടങ്ങിയ പച്ച ലേബലിലുള്ള കീടനാശിനി 3 ഗ്രാം തുണിക്കിഴികളിലാക്കി തിരിനാമ്പിനു ചുറ്റുമുള്ള 3 - 4 ഓലക്കവിളുകളിൽ നിക്ഷേപിക്കുന്നതും ചെല്ലിയെ പ്രതിരോധിക്കാൻ പറ്റിയ മാർഗ്ഗമാണ്.
ചെമ്പൻ ചെല്ലി
കീടബാധയേറ്റ ഭാഗം വൃത്തിയാക്കി ഇമിഡാക്ലോറിഡ് (0.02%) ഒരു മില്ലി ലിറ്ററിന് ഒരു ലിറ്റർ വെള്ളം എന്ന തോ തിൽ നേർപ്പിച്ച് മിശ്രിതമാക്കി കീടബാധയേറ്റ ഭാഗത്തു കൂടി തടിക്കുള്ളിലേയ്ക്ക് ഒഴിച്ചു കൊടുക്കണം.
മുൻകരുതൽ എന്ന നിലയിൽ
1) തെങ്ങിൻ തടിയിൽ മുറിവുണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
2) കൂമ്പു ചീയൽ, ഓലചീയൽ, കൊമ്പൻചെല്ലി എന്നിവയ്ക്കെതിരെ - പ്രതിരോധ നടപടികൾ സ്വീകരിക്കുക.
3) പച്ച മടലുകൾ കഴിവതും ഒരു മീറ്റർ എങ്കിലും നീളം നിർത്തി മാത്രം വെട്ടുക.
4) ചെല്ലി ബാധ കൊണ്ട് നശിച്ച തെങ്ങുകൾ വെട്ടിക്കീറി തീയിട്ടു നശിപ്പിക്കുക.
സെപ്റ്റംബറിൽ ചെയ്യേണ്ട വളപ്രയോഗം
മഴയെ ആശ്രിയിച്ച് കൃഷി ചെയ്യുന്ന തോട്ടങ്ങളിൽ ശുപാർശ ചെയ്തിട്ടുള്ള രാസവളത്തിന്റെ മൂന്നിൽ രണ്ടു ഭാഗം രണ്ടാം ഗഡുവായി നൽകണം. ഒരു കിലോ ഗ്രാം റോക്ക് ഫോസ്ഫേറ്റ് അല്ലെങ്കിൽ 1.33 കിലോ ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, 720 ഗ്രാം യൂറിയ, 1.33 കിലോ ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന തോതിലാണ് ഒരു തെങ്ങിന് രണ്ടാം ഗഡു രാസവളം നൽകേണ്ടത്. ഇത് പൊതുവായ ശുപാർശയാണ്.
പൊതുവായ ശുപാർശ അതേപടി അനുവർത്തിക്കുന്ന തെങ്ങിൻ തോട്ടത്തിലെ മണ്ണു പരിശോധനയുടെ അടിസ്ഥാനത്തിൽ നിർദ്ദേശിക്കപ്പെടുന്ന അളവിൽ രാസവള പ്രയോഗം നടത്തുന്നതാണ് എല്ലായ്‌പ്പോഴും അഭികാമ്യം. തെങ്ങിനു ചുറ്റും 1.8 മീറ്റർ ചുറ്റളവിലും 25 സെന്റിമീറ്റർ ആഴത്തിലും തടമെടുത്ത് പച്ചിലവളമോ കാലിവളമോ കമ്പോസ്റ്റോ 50 കിലോ ഗ്രാം വീതം ചേർക്കണം. ഇതിനു മുകളിലായി മേൽ പറഞ്ഞ രാസവളങ്ങൾ വിതറി തടം മണ്ണു കൊണ്ടു മൂടുക.
ജലസേചന സൗകര്യമുള്ള തോട്ടങ്ങളിൽ തെങ്ങിന് രാസ വളങ്ങളുടെ നാലിലൊരു ഭാഗം രണ്ടാം ഗഡുവായി നൽകിയാൽ മതി. മണ്ണിൽ മഗ്നീഷ്യത്തിന്റെ അഭാവം മൂലമുള്ള മഞ്ഞളിപ്പ് തെങ്ങോലകളിൽ കാണുകയാണെങ്കിൽ രാസവളങ്ങൾക്കൊപ്പം തെങ്ങൊന്നിന് 500 ഗ്രാം മഗ്നീഷ്യം സൾഫേറ്റ് കൂടി ചേർത്തു കൊടുക്കണം.
ബോറോൺ എന്ന സൂക്ഷ്മ മൂലകത്തിന്റെ അഭാവ ലക്ഷണങ്ങൾ കാണിക്കുന്ന തെങ്ങുകൾക്ക് 100 ഗ്രാം വീതം ബോറാക്‌സും തടത്തിൽ ചേർത്തു കൊടുക്കുക
നിർദ്ദേശിക്കുന്ന അളവിൽ തുടർച്ചയായി ഭാവഹ വളങ്ങൾ ചേർക്കുന്നതു വഴി മണ്ണിൽ ഭാവഹത്തിന്റെ അളവ് കൂടുന്നു. ഭാവഹത്തിന്റെ തോത് 20 പി.പി.എം ൽ അധികമാകുമ്പോൾ കുറച്ചു വർഷത്തേക്ക് ഭാവഹ വളങ്ങളുടെ ഉപയോഗം ഒഴിവാക്കാം. ഭാവഹത്തിന്റെ തോത് 20 പി.പി.എം.ൽ താഴെയാകുമ്പോൾ വീണ്ടും ഭാവഹവളങ്ങൾ ചേർക്കാൻ തുടങ്ങണം.