സാധാരണയായി തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയ്ക്ക് മുൻപായി മെയ്-ജൂൺ മാസമാണ് തെങ്ങിൻതൈ നടീലിന് അനുയോജ്യം. താഴ്ന്ന പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് ശേഷം സെപ്റ്റംബർ മാസം തൈകൾ നടാം.
തൈ നടീൽ : നീർവാർച്ചയുള്ള മണ്ണിൽ 1 മീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴിയെടുക്കണം. മണലിന്റെ അംശം കൂടിയ പ്രദേശങ്ങളിൽ 0.75 മീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴികളും, അടിയിൽ പാറയുള്ള പ്രദേശങ്ങളിൽ 1.2 മീറ്ററായിരിക്കണം കുഴികളുടെ വലിപ്പം.
കുഴിയെടുക്കുമ്പോൾ കിട്ടുന്ന മണ്ണ് കുഴിക്ക് ചുറ്റുമായി ഉറപ്പിച്ചാൽ വെള്ളം കുഴിയിൽ ഇറങ്ങി തൈ നശിക്കാതെ സംരക്ഷിക്കാം.
വെട്ടുകല്ലുള്ള മണ്ണിൽ തൈ നടാനായി കുഴിയെടുക്കുമ്പോൾ 2 കിലോ കല്ലുപ്പ്/കരി ഇട്ട് 6 മാസത്തിനു ശേഷം വെട്ടുകല്ല് ദ്രവിക്കുമ്പോൾ കുഴി വലുതാക്കി മേൽമണ്ണിറക്കി തൈ നടാം.
കുഴികളെടുത്ത ശേഷം കുഴികളുടെ മുക്കാൽ ഭാഗം മേൽമണ്ണ് ഇട്ട് വീണ്ടും നിറക്കുക. ഈ മണ്ണിൽ പുളി രസം നിർവീര്യമാക്കാനായി 1 കി.ഗ്രാം കുമ്മായമോ/ഡോളമൈറ്റോ ചേർത്ത് നന്നായി കുട്ടി കലർത്തി ഒരാഴ്ച്‌ചക്ക് ശേഷം കുഴിയുടെ നടുഭാഗത്തായി തെങ്ങിൻ തൈനടുക. നടുന്ന സമയത്ത് 5 കിലോ ട്രൈക്കോഡർമ സംപുഷ്‌ടികരിച്ച ചാണകവും ചേർത്ത് കൊടുക്കണം.
വരൾച്ചയുള്ള സ്ഥലങ്ങളിൽ/ മണൽ പ്രദേശങ്ങളിൽ ഏറ്റവും അടിയിലായി രണ്ട് നിര ചകിരി മലർത്തി അടുക്കുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും.
ആദ്യ വർഷം തൈയ്ക്ക് താങ്ങ് കൊടുക്കണം.
വളരുന്നതനുസരിച്ച് വലുതാക്കി കൊടുക്കണം. അത് വള പ്രയോഗത്തിന് മുമ്പായി ചെയ്യണം.
3 വർഷത്തോളം തണൽ കൊടുക്കണം.
ചകിരിച്ചോറോ കരിയിലകളോ ഉപയോഗിച്ച് തടത്തിൽ പുതയിടാം.
മഴ ലഭിക്കാത്ത സമയങ്ങളിൽ നാലു ദിവസം കൂടുമ്പോൾ തൈ നനച്ചു കൊടുക്കണം. 45 ലിറ്റർ വെള്ളം ലഭിച്ചിരിക്കണം. തുള്ളി നനയാണെങ്കിൽ 10 ലിറ്റർ മതിയാകും. നനച്ചു വളർത്തിയ തൈകൾ വേഗം പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യും.