പൂക്കുലയെന്നാൽ മലയാളിക്ക് തെങ്ങിൻ പൂക്കുല തന്നെ, ഒരു ചൊട്ടകുലയിൽ 200 നും 300 നും ഇടയ്ക്കാണ് തെങ്ങിൻ പൂവുകൾ നിറയുന്നത്. ഇവയിൽ വെള്ളയ്ക്ക് (മച്ചിങ്ങ്) ആവുന്നത്. നേർ പകുതി മാത്രം. വീണ്ടും അവയിൽ പൊഴിച്ചിലുകൾ ഉണ്ടാവാം. ഏതാണ്ട് മുപ്പത് മാസങ്ങൾ കഴിഞ്ഞ് പക്വമായ തേങ്ങയായി മാറുന്നവ നാൽപതോ അമ്പതോ മാത്രം! ഇതു കണ്ടറിഞ്ഞാണ് നാലിരട്ടിയിലേറെ പൂക്കളെ പ്രകൃതി തെങ്ങിൻ പൂക്കുലയിൽ വിന്യസിക്കുന്നത്.
തെങ്ങിൻ പൂക്കുല മുറിയ്ക്കുന്നതു നിരോധിച്ചു
ഓണാഘോഷങ്ങൾക്കായി സകല വീടുകളും തെങ്ങിൻ പൂക്കുല മുറിയ്ക്കുന്നതു ശ്രദ്ധയിൽപ്പെട്ട തിരുവിതാംകൂർ മഹാരാജാവ് വിശാഖം തിരുനാളാണ് ഈ ഏർപ്പാട് നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയത്.
സകലമാന ആളുകളേയും തെരിയപ്പെടുത്തുന്നതെന്തെന്നാൽ ഓണാഘോഷത്തിനായി വ്യാപകമായി തെങ്ങിൻ പൂക്കുലകൾ മുറിച്ചു മാറ്റുന്നത് തേങ്ങയുടെ ക്ഷാമത്തിനു കാരണമാകുന്നു. ആയതിനാൽ ആരാധനാലയങ്ങളിൽ ഒഴികെയുള്ള എല്ലായിടത്തും തെങ്ങിൻ പൂക്കുല വിടർത്തിയുള്ള ഓണാഘോഷ പരിപാടി ഇനി ഉണ്ടാവുന്നതല്ല. ഇതായിരുന്നു രാജകല്പനയുടെ ചുരുക്കം.
തേങ്ങയും തെങ്ങും ഓണാഘോഷത്തിൽ
പൂക്കുല അങ്ങിനെ ഒഴിവാക്കിയില്ലെങ്കിലും തേങ്ങയും തെങ്ങും ഓണാഘോഷത്തിൽ നിറഞ്ഞു തന്നെ നിൽക്കുന്നു. ആടിയറുതി (ദുരിതകാലം) കളഞ്ഞ് ആവണി ശ്രീ വരവേൽപ്പു നൽകാൻ കുരുത്തോല പന്തൽ വേണം. രണ്ടായി മുറിച്ച തേങ്ങയിൽ നെയ് നിറച്ചു കത്തിച്ച ദീപം വേണം. പച്ചോല പന്തൽ വേണം ഇനി ഓണത്തിന്റെ പ്രാധാന വിഭവമായ ഉപ്പേരിയും ശർക്കരപുരട്ടിയും തയ്യാറാക്കാൻ ശുദ്ധമായ വെളിച്ചെണ്ണ തന്നെ വേണം. ആവണിപ്പിറപ്പിന് ശീവോതി മംഗളം ചൊല്ലുന്ന ഏർപ്പാടിലും തെങ്ങു തന്നെ താരം. പച്ച മടൽ ഏതാണ്ട് അരമീറ്റർ നീളത്തിൽ മുറിച്ച് അതിന്റെ മേൽഭാഗം നീക്കിയ ശേഷം കത്തികൊണ്ട് മൂന്നു നാലു നാരുകൾ ശ്രദ്ധാപൂർവ്വം അൽപം ഉയർത്തുന്നു. ഇതിനടിയിലേക്ക് പെൻസിൽ വണ്ണമുള്ള കണ്ടു കമ്പുകൾ ഇരു വശത്തും തിരികിക്കയറ്റുമ്പോൾ നാരുകൾ വീണ കമ്പികൾ പോലെ ഉയർന്നു നിൽക്കും.
കൈ കൊണ്ടു പിഴിഞ്ഞ് തേങ്ങാപ്പാലെടുത്താണ് ഓണപ്പായസമുണ്ടാക്കുക. ഇതിനു ശേഷം മിച്ചം വരുന്ന തേങ്ങാപ്പീര ഗ്രാമീണർ പാഴാക്കിയിരുന്നില്ല. വെയിലിൽ നിരത്തി ഇത് ഉണക്കിയെടുത്ത് വരട്ടു ചമ്മന്തിയുണ്ടാക്കാനും ആട്ടി വെളിച്ചെണ്ണയെടുക്കുവാനുമായിരുന്നു അവർക്കു താൽപര്യം. ഓണ ശേഷം ഉണക്കപ്പീര വാങ്ങാനായി വീടുകൾ തോറും കയറിയിറങ്ങുന്ന എണ്ണച്ചെട്ടികൾ ഉണ്ടായിരുന്നു. നന്നായി ഉണങ്ങിയ പീര നാഴി കൊണ്ട് അളന്നെടുത്താണവർ വില നൽകിയിരുന്നത്. ഇപ്രകാരം ശേഖരിക്കുന്ന പീര മുഴുവൻ അവർ ആട്ടിയെടുത്ത് എണ്ണയും പിണ്ണാക്കുമായി ഗ്രാമീണർക്കു തന്നെ വിറ്റിരുന്നു.
കാലമേറെ മാറി പഴയതിലും വർണ്ണാഭവും സുഗന്ധപൂരിതവുമായി ഓണമെത്തുമ്പോഴും പണ്ടത്തെയത്രയും ചാരുത ഇന്നത്തെ ഓണത്തിനുണ്ടോ എന്നതിലാണു സംശയം. നന്മകളാൽ സമൃദ്ധമായിരുന്ന നാട്ടിൻ പുറങ്ങളിലെ ഉൺമ ഇന്നു നഷ്ടമായിരിക്കുന്നു. എങ്കിലും ആചാരാനുഷ്ഠാനങ്ങൾ മറക്കുന്നില്ലല്ലോ എന്നോർത്ത് സമാധാനിക്കാം.