Updated on: 27 June, 2024 4:49 PM IST
കാപ്പി കൃഷി

കാപ്പി വിത്ത് ഗുണമുള്ളതും തൈകൾ ആരോഗ്യമുള്ളതുമാണെങ്കിൽ മാത്രമേ നട്ടുവളർത്തുന്ന തോട്ടവും നന്നാവൂ. സ്ഥിരമായി നല്ല കായ്ഫലം തരുന്ന, പൊതുവെ രോഗകീടങ്ങൾ ബാധിക്കാത്ത ആരോഗ്യമുള്ള ചെടികൾ വിത്തെടുക്കാനായി തെരഞ്ഞെടുക്കുകയാണ് ഇതിനായി വേണ്ടത്.

കാപ്പിവിത്തുണ്ടാക്കുന്ന വിധം

പൂർണമായോ മുക്കാൽഭാഗമോ പഴുപ്പെത്തിയ ആരോഗ്യവും കായ് വലുപ്പവുമുള്ള കാപ്പികായ്‌കൾ ഇതിനായി നിർത്തിയ ചെടികളിൽ നിന്നും പറിച്ചെടുക്കണം. തൊണ്ടു നീക്കി പൊള്ളയായ കായ്ക്കു‌കൾ ഒഴിവാക്കുകയും, അരിപ്പയിലൂടെ അരിച്ചെടുത്ത് വൈരൂപ്യമുള്ള പരിപ്പുകൾ മാറ്റുകയും വേണം. കായ് തുരപ്പൻ ബാധ ഉണ്ടാകാതിരിക്കാൻ ക്ലോർപൈറിഫോസിൽ മുക്കണം.

അതിനു ശേഷം ചാരം പുരട്ടി അഞ്ചു സെന്റീമീറ്റർ കനത്തിൽ പരത്തി തണലിലിട്ടുണക്കണം. ഒരു പോലെ ഉണങ്ങാൻ ദിവസത്തിൽ മൂന്നു തവണയെങ്കിലും ഇളക്കിക്കൊടുക്കണം. ഇങ്ങനെ അഞ്ചു ദിവസം ഉണക്കമെത്തിയാൽ അധികമുള്ള ചാരം കളഞ്ഞ്, ആകൃതിയില്ലാത്തതും പൊട്ടിയതുമായ വിത്തുകളൊക്കെ മാറ്റുക. വീണ്ടും കനത്തിൽ പരത്തി തണലിലുണക്കണം. ഉണങ്ങിയ വിത്ത് കുമിൾ ബാധയൊഴിവാക്കാൻ ഏതെങ്കിലും കുമിൾ നാശിനിയിൽ മുക്കാവുന്നതാണ്. വൃക്ഷത്തണലില്ലാത്ത അല്പം സംരക്ഷിത സ്ഥലമാണ് നഴ്സറിക്കായി തെരഞ്ഞെടുക്കേണ്ടത്. 

തൈപ്പാത്തി

ആവശ്യാനുസരണം നീളത്തിലും, ഒരു മീറ്റർ വീതിയിലും മണ്ണ് നല്ലവണ്ണം കൊത്തിയിളക്കി - പൊടിച്ച് ഏകദേശം 15 സെ.മീ. ഉയരത്തിൽ തൈപ്പാത്തി തയാറാക്കാം. 6 x 1 മീറ്റർ അളവിലുള്ള തൈപ്പാത്തിയിൽ നാലുകുട്ട ചാണകപ്പൊടിയും കമ്പോസ്റ്റും ഒപ്പം രണ്ടു കിലോ കാർഷികകുമ്മായവും, 400 ഗ്രാം റോക്ക്ഫോസ് ഫേറ്റും ചേർത്തു നന്നായി കൂട്ടിക്കലർത്തണം.

കളിമണ്ണാണെങ്കിൽ ആവശ്യാനുസരണം തരിമണൽ കൂടിച്ചേർത്താൽ നീർവാർച്ചയ്ക്കും വായുസഞ്ചാരത്തിനുമുതകും.

കൂടത്തൈകൾ (കൂടപ്പാത്തി)

അരിച്ചെടുത്ത കാട്ടു മണ്ണ്, ചാണകപ്പൊടി, മണൽ ഇവ 6:2:1 അനുപാതത്തിൽ കലർത്തിയ മിശ്രിതമാണ് കൂടകളിൽ നിറയ്ക്കേണ്ടത്. 23 സെന്റീമീറ്റർ x 15 സെന്റീമീറ്റർ വലിപ്പവും, 150 ഗേജ് കനവുമുള്ള കൂടകളുടെ പകുതിയിൽ വേണ്ടത്ര തുളകളിട്ട ശേഷം, പുട്ടിന്റെ പരുവത്തിൽ നനച്ച നഴ്‌സറി മിശ്രിതം നിറയ്ക്കണം. 10 കൂടകൾ വീതം ഒരു വരിയിൽ മുളങ്കുറ്റികളും മുളച്ചീന്തുകളും ഉപയോഗിച്ച് നിർത്താം.

ഇലകൾ വിരിയാത്ത നിലയിലുള്ള (ബട്ടൺ അഥവാ ടോപ്പി) തൈകൾ പാത്തി നനച്ച ശേഷം വേരുകൾക്ക് ക്ഷതമേൽക്കാതെ ചെത്തിക്കൂർപ്പിച്ച അലകുകൾ കൊണ്ട് ഇളക്കിയെടുക്കണം. തായ്‌വേരിൻ്റെ അറ്റം അല്‌പം മുറിച്ചുമാറ്റി കൂടയിൽ ആറു സെന്റീമീറ്റർ ആഴത്തിൽ കുഴിയുണ്ടാക്കി തൈകൾ അതിലേക്ക് ഇറക്കിവയ്ക്കണം. നട്ട ശേഷം വിരൽ കൊണ്ട് ഇളകിയ മണ്ണ് നന്നായി അമർത്തുക. രാവിലെയോ, വൈകിട്ടോ നടുന്നതാണ് നല്ലത്. ഈർപ്പം കുറയുന്നതിനനുസരിച്ച് നനച്ചു കൊടുത്താൽ മതി. ഇളക്കിയെടുത്ത ഉടൻ തന്നെ തൈകൾ നട്ടു തീർക്കണം.തവാരണകളിലെ(നഴ്‌സറി) ബെഡ്‌ഡുകളിൽ 30 സെന്റീമീറ്റർ അകലത്തിൽ തൈകൾ നട്ട് പുതയിട്ട് വളമിട്ട് വളർത്തിയെടുക്കുകയും ചെയ്യാം.

English Summary: Coffee farming needs good coffee seeds
Published on: 27 June 2024, 04:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now