കാപ്പിപ്പൊടിക്ക് മറ്റു പല ഉപയോഗങ്ങളും നമ്മുടെ തോട്ടത്തിലുണ്ട്. ഹൈഡ്രേഞ്ചിയ, ബ്ലൂ ബെറി, ലില്ലി എന്നിങ്ങനെയുള്ള അമ്ല സ്വഭാവമുള്ള മണ്ണ് ഇഷ്ടപ്പെടുന്ന ചെടികള്‍ക്കു ചുറ്റും പൊടി വിതറാവുന്നതാണ്.
ഏറ്റവും കൂടുതല്‍പ്പേര്‍ക്ക് പ്രശ്‌നമുണ്ടാക്കിയ കീടമേതെന്ന് ചോദിച്ചാല്‍ കൊതുക് എന്നൊരുത്തരം പ്രതീക്ഷിക്കാം. കൊതുകുകടിയേല്‍ക്കാത്തവര്‍ നമുക്കിടയില്‍ വിരളമായിരിക്കും. അസുഖം പരത്തുന്നത് കൂടാതെ ചര്‍മത്തില്‍ അലര്‍ജിയുണ്ടാക്കുകയും അസ്വസ്ഥതയ്ക്ക് കാരണമാകുകയും ചെയ്യുന്നു.
പൂന്തോട്ടത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൊതുക് ഉണ്ടാക്കുന്ന അസ്വസ്ഥത ചില്ലറയല്ല. കാപ്പിപ്പൊടിക്ക് കൊതുകിനെ തുരത്താന്‍ കഴിയുമെങ്കില്‍ ആ വഴിക്കും ശ്രമം നടത്താമല്ലോ.
ഇന്ന് കൊതുകിനെ തുരത്താനായി വിപണിയില്‍ നിന്ന് വാങ്ങുന്ന സ്‌പ്രേകളും ലോഷനുകളുമെല്ലാം ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമോയെന്ന സംശയം പലര്‍ക്കുമുണ്ടാകാം. ഇവിടെയാണ് കൊതുകുനിവാരിണികളായി ചെടികളും കാപ്പിപ്പൊടിയുമൊക്കെ നമുക്ക് ആവശ്യമായി വരുന്നത്.
കാപ്പിപ്പൊടി തോട്ടത്തില്‍ വിതറിയാല്‍ കൊതുക് പമ്പ കടക്കുമെന്ന് കരുതരുത്. വെള്ളത്തില്‍ കാപ്പിപ്പൊടി ലയിപ്പിച്ച് സ്‌പ്രേ ചെയ്താല്‍ കൊതുകിന്റെ മുട്ടകളെ നശിപ്പിക്കാന്‍ കഴിയും. ലാര്‍വകളെ നശിപ്പിക്കാനാണ് ഇത് പ്രയോജനപ്പെടുന്നത്.
കാരറ്റ്, റാഡിഷ് എന്നിവ നടുന്നതിന് മുമ്പ് മണ്ണില്‍ അല്‍പ്പം കാപ്പിപ്പൊടി യോജിപ്പിച്ച് ചേര്‍ത്താല്‍ മതി. കളകള്‍ വളരാതിരിക്കാനും ചില കുമിളുകളെ തുരത്താനും കാപ്പിപ്പൊടി സഹായിക്കും.
കാപ്പിപ്പൊടിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ അമിതമായി പ്രയോഗിച്ചാല്‍ ചെടികള്‍ക്ക് ഹാനികരമായി മാറിയേക്കാം. അതുകൊണ്ട് ഉപയോഗിക്കാത്ത കാപ്പിപ്പൊടിയാണ് ചെടികള്‍ക്ക് നല്‍കുന്നതെങ്കില്‍ വളരെ കുറച്ച് മാത്രം മണ്ണില്‍ യോജിപ്പിച്ചാല്‍ മതി. ഉപയോഗശേഷമുള്ള പൊടിയും ചെടികള്‍ക്ക് വളമാണ്.
കാപ്പിപ്പൊടി മണ്ണില്‍ ചേര്‍ത്താല്‍ മണ്ണിന്റെ പി.എച്ച് മൂല്യം കുറയ്ക്കാന്‍ കഴിയും. അമ്ല സ്വഭാവം വര്‍ധിപ്പിക്കാന്‍ കഴിയുന്നതുകൊണ്ടാണ് ചില ചെടികള്‍ക്ക് ഇത് പ്രയോജനപ്പെടുന്നത്. പുതുമയുള്ളതും കഴുകിയെടുക്കാത്തതുമായ കാപ്പിപ്പൊടിയിലാണ് ഈ ഗുണമുള്ളത്.
ഉപയോഗശേഷമുള്ള കാപ്പിപ്പൊടി, ചെടികള്‍ക്ക് പുതയിടാനും ഒച്ചിനെ തുരത്താനും ഉപയോഗിക്കുന്നുണ്ട്. മണ്ണിരക്കമ്പോസ്റ്റ് നിര്‍മിക്കുമ്പോള്‍ അല്‍പം കാപ്പിപ്പൊടി ചേര്‍ക്കുന്നത് നല്ലതാണ്.