അടുക്കള അവശിഷ്ടങ്ങൾ വലിച്ചെറിയുന്നതിനു മുൻപ് ചിന്തിക്കുക. ഒന്നാന്തരം കംപോസ്റ്റിനുള്ള വകയാണ് പാഴാക്കാനൊരുങ്ങുന്നത്. കംപോസ്റ്റിങ് അറിയാവുന്നവർക്ക് ജൈവവളം വാങ്ങേണ്ടതില്ലെന്നു സാരം.
ജൈവവസ്തുക്കൾ സംസ്കരിച്ചു വളമാക്കുന്നതാണ് കംപോസ്റ്റിങ്. ഇതിന്റെ ഗുണമേന്മ ഉണ്ടാക്കാനുപയോഗിക്കുന്ന വസ്തുക്കളെ ആശ്രയിച്ചിരിക്കും. ഭക്ഷ്യാവശിഷ്ടങ്ങൾ, പച്ചക്കറി, ഇറച്ചി, മത്സ്യാവശിഷ്ടങ്ങൾ, ചപ്പുചവറുകൾ, കരിയില തുടങ്ങി ഉണങ്ങിയ ഓല വരെ കംപോസ്റ്റാക്കാം. ജൈവവസ്തുക്കൾ കൂട്ടിയിട്ടു കംപോസ്റ്റ് തയാറാക്കുമ്പോൾ കടുത്ത വെയിലിൽ നിന്നും മഴയിൽ നിന്നും സംരക്ഷണം ഉറപ്പു വരുത്തണം.
അന്തരീക്ഷത്തിലെ ചൂടും ജൈവവസ്തുക്കളുടെ സ്വഭാവവും ഈർപ്പത്തിന്റെ നിലവാരവും കംപോസ്റ്റിനെ സ്വാധീനിക്കും. കംപോസ്റ്റ് തയാറാക്കുമ്പോൾ ഈർപ്പവും വായുസഞ്ചാരവും ഉറപ്പുവരുത്തണം. ജൈവാവശിഷ്ടങ്ങൾക്കു മീതെ പച്ചില വളങ്ങളും കളകളും നിരത്തി ചാണക സ്റ്ററി ഒഴിക്കണം. ഇതിനു മീതെ വീണ്ടും ജൈവാവശിഷ്ടങ്ങൾ ചേർക്കാം. ഇതാണ് ഏറ്റവും ലളിതമായ കംപോസ്റ്റ്.
കംപോസ്റ്റ് കുഴിയെടുത്തും തയാറാക്കാം. പറമ്പിലെ ഏറ്റവും തണലുള്ള സ്ഥലമാണ് ഇതിന് ഏറ്റവും അനുയോജ്യം. നീളവും വീതിയും ആവശ്യാനുസരണവും ആഴം ഒരു മീറ്ററിൽ കൂടാതെയുമുള്ള കുഴിയാണ് നല്ലത്. കുഴിയുടെ അരികുകൾ അടിച്ചുറപ്പിക്കണം. ഉണങ്ങിയ ഓലകളുടെ മടൽ അടിയിൽ നിരത്തുക. ഇതിനു മേൽ ഓലകളും വാഴത്തടയും അടുക്കളാവശിഷ്ടങ്ങളും ശീമക്കൊന്നയോ പറമ്പിൽ നിന്നു പറിച്ചെടുത്ത കളകളോ ചേർക്കാം. മുകളിലായി മേൽമണ്ണ് തൂകിക്കൊടുക്കണം. കുഴി നിറയുന്നതുവരെ ഇതേ രീതി ആവർത്തിക്കാം.
ദിവസവും ചെറിയ തോതിൽ നനയ്ക്കണം. കുഴിയിൽ മഴവെള്ളവും വെയിലും നേരിട്ട് പതിക്കാതിരിക്കാൻ പാഷൻ ഫ്രൂട്ട് പന്തലോ കോവൽ പന്തലോ ഒരുക്കാം. കുഴി നിറഞ്ഞാൽ മേൽമണ്ണിട്ട് മൂടണം. പല തരം ജൈവാവശിഷ്ടങ്ങൾ ഉപയോഗിച്ചാൽ ഗുണം കൂടും.