മനോഹരമായ റോസ് ചെടികള്‍ ഇഷ്ടപ്പെടാത്തവർ ആരുംതന്നെ കാണില്ല. റോസാച്ചെടി കണ്ടാൽ ഒരു കമ്പെങ്കിലും ചോദിച്ച് വാങ്ങി സ്വന്തം വീട്ടില്‍ കൊണ്ടുവന്ന് വളര്‍ത്തുന്നവരുണ്ട്.
കടുംചുവപ്പും റോസും വെളുപ്പും ഹൈബ്രിഡ് ഇനങ്ങളുമായി മനംകവരുന്ന ഈ ഉദ്യാനസുന്ദരിയെ പരിചരിച്ച് ഭംഗിയാക്കി നിലനിര്‍ത്തുന്നതിനിടയില്‍ ചിലപ്പോള്‍ പലതരം കീടാക്രമണങ്ങളും അസുഖങ്ങളും ബാധിച്ചേക്കാം. റോസാച്ചെടിയില്‍ സാധാരണയായി ബാധിക്കുന്ന അസുഖങ്ങളും പ്രതിവിധികളുമാണ് ഇവിടെ വിശദമാക്കുന്നത്.
പനിനീര്‍ച്ചെടി വളര്‍ത്തുന്നവരാണെങ്കില്‍ ചെടികളെ ബാധിക്കുന്ന അസുഖങ്ങളുമായും പൊരുതാന്‍ തയ്യാറാകണം. വളര്‍ച്ചയുടെ എതെങ്കിലും ഘട്ടത്തില്‍ ബ്ലാക്ക് സ്‌പോട്ടുകള്‍ അഥവാ കറുത്ത കുത്തുകളും മൊസൈക് രോഗവും പൗഡറി മില്‍ഡ്യുവും എല്ലാം നിങ്ങളുടെ ചെടികളില്‍ കണ്ടേക്കാം. പലരും ഇതൊന്നും കാര്യമാക്കാറില്ല. നല്ല സൂര്യപ്രകാശവും വായുസഞ്ചാരവും ലഭിക്കുന്ന സ്ഥലത്ത് വളരാനിഷ്ടപ്പെടുന്ന ചെടിയാണ് പനിനീര്‍. കൃത്യമായ കൊമ്പുകോതലും നശിച്ച കലകളെ ഒഴിവാക്കലും നടത്തിയാല്‍ത്തന്നെ അസുഖങ്ങളും ഒരു പരിധി വരെ കുറയ്ക്കാം.
അതുപോലെ അസുഖങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന ഇനത്തില്‍പ്പെട്ട ചെടികളെ തെരഞ്ഞെടുത്ത് വളര്‍ത്തുന്നതും നല്ലതാണ്. കൊമ്പുകോതല്‍ നടത്താനുപയോഗിക്കുന്നത് നല്ല മൂര്‍ച്ചയുള്ളതും വൃത്തിയുള്ളതുമായ ഉപകരണമായിരിക്കണം. കൃത്യമായി മുറിച്ചെടുത്താല്‍ ചെടിക്ക് ദോഷം വരാതെ അസുഖങ്ങളെ ഒഴിവാക്കാന്‍ കഴിയും. പല അസുഖങ്ങളും ഇത്തരം ഉപകരണങ്ങള്‍ വഴിയാണ് പകരുന്നത്. മുറിക്കാനുപയോഗിക്കുന്ന കത്തിയില്‍ അണുനാശകം അടങ്ങിയ ലായനി സ്‌പ്രേ ചെയ്ത ശേഷം ഓരോ ചെടിയിലും കൊമ്പുകോതല്‍ നടത്തുന്നതാണ് നല്ലത്.
ബ്ലാക്ക് സ്‌പോട്ട്
സാധാരണയായി കാണപ്പെടുന്ന അസുഖമാണ് ഡിപ്ലോകാര്‍പന്‍ റോസേ എന്ന കുമിള്‍ പരത്തുന്ന കറുത്ത പുള്ളിക്കുത്തുകള്‍. ഇത് ഇലകളെ നശിപ്പിക്കുന്നു. ഒരു ടീസ്പൂണ്‍ ബേക്കിങ്ങ് സോഡ ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ചെടികളില്‍ സ്‌പ്രേ ചെയ്യാം. അതുപോലെ സള്‍ഫര്‍ അടങ്ങിയ കുമിള്‍നാശിനിയും ഉപയോഗിക്കാം. വേപ്പെണ്ണയും പ്രതിരോധിക്കാനായി പ്രയോഗിക്കാവുന്നതാണ്. പക്ഷേ, ഉപകാരികളായ പരാഗണകാരികള്‍ക്ക് ദോഷം വരാതെ ശ്രദ്ധിക്കണം.
റസ്റ്റ് ( Rust)
9 വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട കുമിളുകള്‍ പരത്തുന്ന രോഗമാണിത്. ചെടികളുടെ ഇലകളില്‍ ഓറഞ്ച് നിറത്തോടടുപ്പിച്ച് കാണപ്പെടുന്ന തുരുമ്പ് പോലുള്ള അടയാളങ്ങളാണ് ലക്ഷണം. ഇലപൊഴിയുന്ന കാലത്ത് താഴെ വീഴുന്ന ഇലകളെ ഒഴിവാക്കി വൃത്തിയാക്കി അസുഖം പടരുന്നത് തടയണം. അതുപോലെ രോഗപ്രതിരോധ ശേഷിയുള്ള തൈകള്‍ നോക്കി വാങ്ങി നടാനും ശ്രദ്ധിക്കണം. രാസപ്രതിരോധ മാര്‍ഗമാണെങ്കില്‍ ബേയര്‍ അഡ്വാന്‍സ്ഡ് ഡിസീസ് കണ്‍ട്രോള്‍ (Bayer advanced disease control) ഉപയോഗിക്കാം.
പൗഡറി മില്‍ഡ്യു
തോട്ടത്തിലെ മിക്കവാറും എല്ലാ ചെടികളെയും ബാധിക്കുന്ന അസുഖമാണിത്. അന്തരീക്ഷത്തില്‍ ഈര്‍പ്പമുള്ളപ്പോളും വരണ്ടിരിക്കുമ്പോഴുമെല്ലാം പൗഡറി മില്‍ഡ്യു ബാധിക്കാനുള്ള സാധ്യതയുണ്ട്. എപ്പോഴാണ് ചെടിയെ ആക്രമിക്കുന്നതെന്ന് പ്രവചിക്കാന്‍ കഴിയില്ല. നേരത്തേ പറഞ്ഞ കുമിള്‍നാശിനികള്‍ തന്നെ ഈ അസുഖത്തിനും പ്രതിരോധമായി ഉപയോഗിക്കാവുന്നതാണ്. ഇലകളുടെ മുകള്‍ഭാഗത്തും അടിവശത്തും ഒരുപോലെ സ്‌പ്രേ ചെയ്യാന്‍ ശ്രമിക്കണം.
ബോട്രിറ്റിസ് ബ്ലൈറ്റ്
പൂമൊട്ടുകളെ നശിപ്പിക്കുന്ന ഈ അസുഖം വേനല്‍ച്ചൂടിലാണ് ബാധിക്കുന്നത്. കുമിള്‍നാശിനികള്‍ ഉപയോഗിച്ചാലും അതിനെതിരെ പ്രതിരോധശേഷി കൈവരിക്കുന്നവയാണ് ഈ രോഗാണു.
തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ കുമിള്‍നാശിനികള്‍ ഫലപ്രദമാകില്ല. മധ്യവേനല്‍ക്കാലത്ത് വളപ്രയോഗം കുറച്ച് പുതിയ വളര്‍ച്ചയില്ലാതാക്കുന്നതാണ് നല്ലത്.