കാർഷിക വിളകളെ ആക്രമിക്കുന്ന നിമവിരകൾ വേരു പുഴുക്കൾ കായ് തുരപ്പൻ പുഴുക്കൾ എന്നിവയെ അകറ്റാൻ കൃഷി ഇടത്തിൽ ബെന്തി നടുന്നതു വഴി സാധിക്കും. ബെന്തിയുടെ വേരുകൾ പുറം തള്ളുന്ന സ്രവത്തിന് നിമ വിരകളെയും വേരു പുഴുക്കളെയും നശിപ്പിക്കുവാൻ കഴിവുണ്ട്.
കുരുമുളക് ചെടിയുടെ ചുറ്റും ബെന്തി നടുക തെങ്ങിൻ തടത്തിൽ ബെന്തി നടുക, പച്ചക്കറി കൃഷി ചെയ്യുന്നതിന് ഒരു മാസം മുമ്പേ അവിടെ ബെന്തി നടുക. ബെന്തി പൂ കൊണ്ട് കീടനാശിനി ഉണ്ടാക്കാം. മഞ്ഞബെന്തിപ്പൂവിൽ മോളി ബഡ്ഡിനം എന്ന സൂഷ്‌മ മൂലകം ഉണ്ട്.
ചെത്തിക്കൊടുവേലി
കിഴങ്ങുവിളകൾക്കിടയിൽ ചെത്തിക്കൊടുവേലി നട്ടുവളർത്തിയാൽ രണ്ട് ലാഭമുണ്ട്. ഒന്ന് എലികളെ തുരത്താം. രണ്ട് ആയുർവ്വേദ ഔഷധനിർമ്മാണത്തിന് കൊടുവേലി കിഴങ്ങ് ആവശ്യമാണ്. നല്ല വില കിട്ടുകയും ചെയ്യും.
കൃഷിയിലെ വിദ്യകൾ
മണ്ണ് നന്നാക്കാൻ ചോലപയർ കൃഷി
മഴയെ ആശ്രയിച്ച് ചെയ്യുന്ന ചോല പയർ കൃഷി വിളവ് പ്രതീക്ഷിച്ചല്ല ചെയ്യുന്നത്. പയർ കൃഷി ചെയ്‌താൽ മണ്ണ് നന്നാവും എന്ന തിരിച്ചറിവിൽ പഴയ തലമുറ ചോല പയർ കൃഷി നടത്തിവ രുന്നു. തെങ്ങിൻ തടങ്ങളിലും, കപ്പ കൃഷിക്കിടയിലും കൃഷി ഇടത്തിൽ ഒഴിവുള്ള ഭാഗങ്ങളിലും നട്ടിരുന്ന കുറ്റി പയറിൽ നിന്നും വീട്ടാവശ്യത്തിനുള്ള പയർ ലഭിക്കും.
പയറിൻ്റെ ഇലത്തോരൻ നല്ല ഒരു കറിയുമാണ്. മണ്ണ് ജീവാണു സമ്പന്നമാവുകയും കൃഷി ഇടത്തിൽ ധാരാളം മിത്ര കീടങ്ങൾ ഉണ്ടാവുകയും ചെയ്യും.
“തുവര കടിച്ച എലിയെ പോലെ”
കിഴങ്ങ് വിളകൾ കൃഷി ചെയ്യുന്ന സ്ഥലത്തിന് ചുറ്റും കിഴങ്ങ് വിളകൾക്കിടയിലും തുവര നട്ട് വളർത്തിയാൽ എലി ശല്യം കുറയ്ക്കാം. മണ്ണ് തുരന്ന് കിഴങ്ങ് കവരാൻ വരുന്ന എലി തുവരയുടെ വേരു കടിക്കുകയും എലിയുടെ വായും നാവും ഒക്കെ പൊള്ളി എലി ചത്തു പോവുകയും ചെയ്യും. പച്ചതുവരയും കപ്പയും ചേർത്ത പുഴുക്ക് നല്ല സ്വാദിഷ്ഠമാണ്. തുവര പയർ വർഗ്ഗ ചെടിയാണ്. മണ്ണ് നന്നാവും.