വാളൻപുളിയുടെ പ്രവർധനം ഏതു രീതിയിലാണ്
വിത്ത് മുളപ്പിച്ച തൈകൾ, ഒട്ടുതൈകൾ, ബഡ്ഡു തൈകൾ എന്നിവയിലൂടെയാണ് പ്രവർധനം നടത്തുന്നത്. വിത്താണ് ഉപയോഗിക്കുന്നതെങ്കിൽ പോട്ടിംഗ് മിശ്രിതം നിറച്ച പ്ലാസ്റ്റിക് കവറുകളിൽ മുളപ്പിച്ച് 40-60 സെ.മീറ്റർ ഉയരമാകുമ്പോൾ പറിച്ചു നടാം.
പെട്ടെന്ന് കായ്ക്കുന്നതിനും സ്ഥിരമായി വിളവ് ലഭിക്കുന്നതിനും വിത്തു തൈകളേക്കാൾ നല്ലത് ഒട്ടുതൈകളാണ്. സാധാരണയായി വശം ചേർത്തൊട്ടിക്കൽ, ഇനാർച്ചിങ്, പാച്ച് ബഡ്ഡിങ് എന്നീ മാർഗങ്ങൾ അവലംബിച്ചുവരുന്നു. പാച്ച് ബഡ്ഡിങ് ചെയ്യുന്നതിന് 9 മാസം പ്രായമായ തൈകളാണ് കൂടുതൽ നല്ലത്.
വാളൻപുളി നടുന്ന രീതി എങ്ങനെയാണ്? ഏതു മാസത്തിലാണ് ഇത് നടാൻ അനുയോജ്യം. നടുമ്പോൾ തൈകൾ തമ്മിൽ എന്ത് അകലം കൊടുക്കണം?
ജൂൺ മുതൽ നവംബർ വരെയുള്ള മാസങ്ങളാണ് നടാൻ യോജിച്ചത്. വരികൾ തമ്മിലും ചെടികൾ തമ്മിലും 10 മീറ്റർ വീതം അകലം നൽകണം. നടാൻ കുഴിയെടുക്കുമ്പോൾ 1 × 1 × 1 മീറ്റർ വീതം നീളം, വീതി, താഴ്ച്‌ച നൽകണം.
കുഴിയെടുത്ത ശേഷം അതിൽ 15 കി.ഗ്രാം കാലിവളം ചേർത്ത് തൈ നടാം. തറനിരപ്പിൽ നിന്നും 3 മീറ്റർ ഉയരത്തിൽ വച്ച് മുറിച്ചുമാറ്റിയാൽ ചെടികളിൽ കൂടുതൽ ശിഖ രങ്ങൾ വശങ്ങളിൽ നിന്നും ഉണ്ടാകുന്നു.
വാളൻപുളിയുടെ ഇടയിൽ ഇടവിള കൃഷി ചെയ്യാൻ അനുയോജ്യമായ വിളകൾ ഏതെല്ലാം?
മരങ്ങൾ ശിഖരങ്ങൾ വീശി തണൽ വീഴുന്നതുവരെ ഇടവിളയായി നിലക്കടലയും പച്ചക്കറികളും എള്ളും കൃഷി ചെയ്യാവുന്നതാണ്.