ട്രെയിനിങ്ങിലും പ്രൂണിങ്ങിലും ആവശ്യമില്ലാത്ത ശിഖരങ്ങൾ മുറിച്ചു മാറ്റുകയാണ് ചെയ്യുന്നതെങ്കിലും. ഇത് ചെയ്യുന്നതിൻ്റെ ലക്ഷ്യം രണ്ടിലും വ്യത്യസ്‌തമാണ്.
ട്രെയിനിങ്ങിന്റെ പ്രധാന ലക്ഷ്യം ചെടിക്ക് പ്രത്യേക രൂപവും ആകൃതിയും ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ്. അതിനായി ചില ശിഖരങ്ങൾ മുറിച്ചു മാറ്റേണ്ടി വരും. മറ്റു ചിലത് പ്രത്യേക ദിശയിലേക്ക് നിയന്ത്രിച്ച് വളർത്തേണ്ടി വരും. ചെടിക്ക് ഒരു ചട്ടക്കൂട് ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതൊക്കെ ചെയ്യുന്നത്. ട്രെയിനിങ് കൂടുതലും വളർച്ചയുടെ ആദ്യ കാലങ്ങളിലാണ് നടത്തുന്നത്.
പ്രൂണിങ് പഴച്ചെടികളിലാണ് പ്രധാനമായും ചെയ്യുന്നത്. ഗുണനിലവാരവും ഉൽപ്പാദനവും കൂട്ടുകയാണ് പ്രധാന ലക്ഷ്യം. കായിക വളർച്ച അധികമായാൽ അത് ഉൽപ്പാദനത്തെ ബാധിക്കും. അതിനാൽ കായികവളർച്ച നിയന്ത്രിക്കുന്നതിനു വേണ്ടിയും പ്രൂണിങ് ചെയ്യാറുണ്ട്. കായിക വളർച്ചയും ഉൽപ്പാദനവും തമ്മിൽ ഒരു സന്തുലിതാവസ്ഥ എപ്പോഴും ആവശ്യമാണ്. സാധാരണയായി ഉൽപ്പാദനം തുടങ്ങിയ ശേഷമോ അതിന് തൊട്ടു മുമ്പോ ആണ് പ്രൂണിങ് ചെയ്യുന്നത്. മുന്തിരി പോലുള്ള പഴച്ചെടികൾ പൂക്കുകയും കായ്ക്കുകയും ചെയ്യണമെങ്കിൽ പ്രൂണിങ് അത്യാവശ്യമാണ്. ഇല കൊഴിയുന്ന പഴവർഗ വിളകൾക്ക് കൃത്യമായ പ്രൂണിങ് ചെയ്യേണ്ടി വരും.
ഫലവർഗ സസ്യങ്ങളിലും, പുഷ്‌പവിളകളിലും ശരിയായ ഉൽപ്പാദനം ലഭിക്കുന്നതിന് പ്രൂണിങ് വളരെ അത്യാവശ്യമാണ്. സസ്യങ്ങളുടെ തലപ്പ് മുറിച്ചു കളയുകയോ, വേരുപടലം മുറിച്ചു നീക്കുകയോ ആണ് പ്രൂണിങ്ങിലൂടെ ചെയ്യുന്നത്. പ്രൂണിങ്ങിൻ്റെ ഉദ്ദേശ്യം പലപ്പോഴും വ്യത്യസ്തമായിരിക്കും.
ഒരു തൊഴിൽ എന്ന നിലയിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ഒരാളുടെ ലക്ഷ്യം അതിൽ നിന്നു പരമാവധി ലാഭം ഉണ്ടാക്കുക എന്നുള്ള താണ്. അതിനു വേണ്ടി പ്രൂണിങ്ങിലൂടെ പഴങ്ങളുടെ നിറമോ ആകൃതിയോ, വലിപ്പമോ മെച്ചപ്പെടുത്തുകയായിരിക്കും ഉദ്ദേശ്യം.
എന്നാൽ ഒരു തൊഴിൽ എന്നതിനെക്കാൾ ഉപരിയായി പൂന്തോട്ട നിർമാണം ഒരു കലയായും ഹോബിയായും ശീലിച്ചിട്ടുള്ള അനേകം ആളുകളുണ്ട്. അവരെ സംബന്ധിച്ചിടത്തോളം പ്രൂണിങ് കൊണ്ടുദ്ദേശിക്കുന്നത് ചെടികൾ ഏറ്റവും മനോഹരവും ആകർഷകവും ആക്കുക എന്നുള്ളതാണ്. ചെടികളുടെ വളർച്ച നിയന്ത്രിക്കുന്നതിനാണ് തണ്ടും ചിലപ്പോൾ വേരുകളും പ്രൂണിങ്ങിന് വിധേയമാക്കുന്നത്.