അധികം ഉത്പാദനച്ചെലവില്ലാതെ വളര്‍ത്തിയെടുക്കാവുന്നതാണ് കാച്ചില്‍. ഏത് പ്രതികൂലസാഹചര്യത്തിലും നൂറുശതമാനം കൃഷിനാശം സംഭവിക്കില്ല എന്നത് കര്‍ഷകനെ സംബന്ധിച്ചിടത്തോളം ആശ്വാസമാണ്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളാണ് നടാന്‍ പറ്റിയ സമയം. പശയില്ലാത്തതും വെള്ളം കെട്ടിനില്‍ക്കാത്തതുമായ ഇളക്കമുള്ള മണ്ണാണ് അനുയോജ്യം. കുറഞ്ഞത് രണ്ടടിയെങ്കിലും താഴ്ചയില്‍ ഇളക്കമുള്ള മണ്ണാണെങ്കില്‍ നല്ല ആകൃതിയിലും വലുപ്പത്തിലുമുള്ള വിളവ് ലഭിക്കും.
വിളവെടുത്തശേഷം കാച്ചിലിന്റെ മുകള്‍ഭാഗമാണ് സാധാരണയായി നടുക. ചെറിയ കാച്ചില്‍ വര്‍ഗങ്ങള്‍ അങ്ങനെത്തന്നെയോ വലിയ കാച്ചില്‍ മുറിച്ചു കഷണങ്ങളാക്കിയോ വിത്തിനായി ഉപയോഗിക്കാം.
തെങ്ങ്, കമുക്, വാഴ, റബർ, കാപ്പി എന്നീ വിളകൾക്കൊപ്പം കാച്ചിൽ, ഇടവിളയായി വളർത്താം. റബറിലും കാപ്പിയിലും ആദ്യത്തെ മൂന്നു-നാലു വർഷത്തേക്ക് കാച്ചിൽ ഇടവിളയായി വളർത്തിയാൽ പ്രധാന വിളയുടെയും ഇടവിളയുടെയും വളർച്ചയ്ക്കും വിളവിനും യാതൊരു കുറവും സംഭവിക്കുകയില്ല എന്ന് പരീക്ഷണഫലങ്ങൾ തെളിയിക്കുന്നു.
തെങ്ങിൻചുവട്ടിൽ നിന്ന് രണ്ടു മീറ്റർ അർദ്ധവ്യാസത്തിലുള്ള സ്ഥലം വിട്ടിട്ട് ബാക്കിയുള്ള സ്ഥലത്ത് ഏകദേശം 9000 കാച്ചിൽ ചെടികൾ 90x90 സെ.മീറ്റർ അകലത്തിൽ കുഴിയെടുത്ത് ഇടവിളയായി കൃഷി ചെയ്യാൻ കഴിയും. ഇവിടെ തെങ്ങിനും കാച്ചിലിനും നിർദേശിച്ചിട്ടുള്ള അളവിൽ വെവ്വേറെ വളം ചെയ്യണം എന്നു മാത്രം. കാച്ചിലിന്റെ ശ്രീലത, ശ്രീകീർത്തി, ശ്രീപ്രിയ എന്നീ ഇനങ്ങൾ ഇങ്ങനെ ഇടവിളക്കൃഷിക്ക് അനുയോജ്യമാണ്.
നേന്ത്രൻ, റോബസ്റ്റ വാഴകൾക്കൊപ്പവും കാച്ചിൽ ഇടവിളയായി വളർത്താം. നേന്ത്രനാണെങ്കിൽ വാഴയുടെ നടീൽ അകലം 3.6 x 1.8 മീറ്ററായി ക്രമീകരിച്ച് 1500 വാഴക്കന്ന് ഒരു ഹെക്ടറിൽ നടണം. രണ്ടു വരി വാഴയ്ക്കിടയിൽ മൂന്നു വരി കാച്ചിൽ നടണം. ഉദ്ദേശം 8000 കാച്ചിൽ ചെടികൾ ഒരു ഹെക്ടർ വാഴത്തോപ്പിൽ നടാൻ കഴിയും.
റോബസ്റ്റ വാഴയാണെങ്കിൽ 2.4 X 1.8 മീറ്റർ അകലത്തിൽ ഏകദേശം 2300 വാഴക്കന്ന് ഒരു ഹെക്ടറിൽ നടണം. ഇവിടെ, രണ്ടുവരി വാഴയ്ക്കിടയിൽ, രണ്ടു വരി കാച്ചിൽ നടാം. അങ്ങനെ ഒരു ഹെക്ടർ വാഴത്തോപ്പിൽ 6000 കാച്ചിൽ നടാൻ പറ്റും.
റബറിനിടയിലും ആദ്യത്തെ മൂന്നു നാലു വർഷം വരെ കാച്ചിൽ ഇടവിളയായി വളർത്താം. റബറിന്റെ ചുവട്ടിൽ നിന്ന് ഒന്നരമീറ്റർ മാറി ബാക്കിയുള്ള സ്ഥലത്ത് ഏകദേശം 6000 കാച്ചിൽ ചെടികൾ ഒരു ഹെക്ടറിൽ വളർത്താൻ കഴിയും.
കമുകിൻ തോട്ടത്തിലാണ് കാച്ചിൽ ഇടവിളയായി വളർത്തുന്ന തെങ്കിൽ, കമുകിൻചുവട്ടിൽ നിന്ന് ഒരു മീറ്റർ മാറി ശേഷിക്കുന്ന സ്ഥലത്ത് വേണം നടാൻ. ഒരു ഹെക്ടറിൽ ഇത്തരത്തിൽ ഉദ്ദേശം 7000 കാച്ചിൽ വരെ നടാം.