സിഗാടോക്ക രോഗം വ്യാപകമായി കാണുന്നു. ആരംഭത്തിൽത്തന്നെ അടിയന്തരമായി രോഗനിയന്ത്രണം നടത്തണം. അല്ലാത്ത പക്ഷം രോഗബാധ തീവ്രമായി വിളവിനെ ബാധിക്കും. ഇലകളെ ബാധിക്കുന്ന deightoniella leaf spot ചിലയിടങ്ങളിൽ കണ്ടു വരുന്നു. രോഗം ബാധിച്ച ഇലകൾ മുറിച്ചു മാറ്റി കത്തിച്ചു കളയുന്നത് ആദ്യ ഘട്ടത്തിൽ ഏറ്റവും പ്രധാനമായ നിയന്ത്രണമാണ്.
രണ്ടാംഘട്ട ജൈവനിയന്ത്രണത്തിൽ ബാസില്ലസ് സബ്‌ടിലിസ് ലായനി Non ionic wetting agent ചേർത്ത് പ്രയോഗിക്കുക. രോഗം കൃത്യമായി തിരിച്ചറിഞ്ഞാൽ മാത്രമേ ഇതിൻ്റെ രാസനിയന്ത്രണം ഫല പ്രദമാവുകയുള്ളൂ. രണ്ട് രോഗങ്ങൾക്കും വ്യത്യസ്‌ത രാസഘടനയുള്ള കുമിൾനാശിനികളാണ് പ്രയോഗിക്കണ്ടത്. രോഗം തിരിച്ചറിയുന്നതിന് കൃഷിഭവൻ സേവനം തേടുന്നതാണ് ഏറ്റവും ഉചിതം.
വാഴയിൽ മണ്ഡരിബാധ കാണുന്നു. ചെറിയ തോതിൽ തണലുള്ളിടത്ത് രോഗം രൂക്ഷമാണ്. ഇലകൾ ചൂടുവെള്ളം വീണ് പൊള്ളിയതു പോലെയാകുന്നുണ്ടെങ്കിൽ സംഗതി രൂക്ഷമാണെന്നു സാരം. രാവിലെ വെയിൽ ഉറയ്ക്കുന്നതിനു മുൻപു നോക്കിയാൽ തളിരിലകളുടെ അടിഭാഗത്ത് മണ്ഡരിയെ കാണാം. 8 കാലുകളോടു കൂടിയ ഇവയെ ലെൻസിൽ കൂടി നോക്കിയാൽ വ്യക്‌തമായി തിരിച്ചറിയാം.
നിയന്ത്രണത്തിന് വെർട്ടിസീലിയം ലെക്കാനി 40 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി അതിൻ്റെ തെളിയിൽ 4 ലീറ്ററിന് ഒരു മില്ലി വെറ്റിങ് ഏജൻ്റ് വീതം ചേർത്ത് വാഴയുടെ താഴെയുള്ള മണ്ണിലും പുല്ലിലും സ്പ്രേ ചെയ്യുക. ഇലകളുടെ അടിയിലും കൂമ്പിലും നന്നായി വീഴത്തക്ക വിധമാവണം ഇത്.
കാത്സ്യത്തിന്റെ കുറവ് വ്യാപകമായി കണ്ടുവരുന്നു. ഇല വിരിയാതിരിക്കുക, പുതിയ കൂമ്പ് വെള്ളനിറത്തിലിരിക്കുക, കൂമ്പ് ബലമില്ലാതെ വളഞ്ഞിരിക്കുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. പരിഹാരമായി 4 ഗ്രാം കാത്സ്യം നൈട്രേറ്റ് ഒരു ലീറ്റർ വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്യുക.