.
കൃഷിരീതി
ഏതു തരം മണ്ണിലും മുരിങ്ങ വളരുമെങ്കിലും ഫലപുഷ്ടിയുള്ള മണൽ കലർന്ന പശിമരാശി മണ്ണാണ് മുരിങ്ങ കൃഷിക്കു പറ്റിയത്. വിത്തു നട്ടും തണ്ടുകൾ മുറിച്ചുനട്ടും മുരിങ്ങ വളർത്താം. വിത്തുകൾ നട്ടാണ് വളർത്താനുദ്ദേശിക്കുന്നതെങ്കിൽ പോളിത്തീൻ കൂടുകളിൽ മണ്ണുനിറച്ച് അവയിൽ വിത്ത് നട്ടുവയ്ക്കണം. വിത്ത് മുളച്ച് 25-30 സെമീ ഉയരം വയ്ക്കുമ്പോൾ തൈകൾ കുഴികളിലേക്കു മാറ്റിനടാം. ശിഖരങ്ങളാണു നടാനുദ്ദേശിക്കുന്നതെങ്കിൽ 10-12 അടി നീളമുള്ളതും കൈയുടെ വണ്ണമുള്ളതുമായവ നടാനുപയോഗിക്കാം. മെയ്-ജൂൺ മാസങ്ങളാണ് മുരിങ്ങ നടാൻ അനുയോജ്യം.
45 സെ.മീ. വീതം നീളവും വീതിയും ആഴവും ഉള്ള ചതുരക്കുഴികളിൽ 15 കിലോഗ്രാം ജൈവവളം മണ്ണോടു ചേർത്തിളക്കി, അതിൽ ആണ് നടേണ്ടത്. കൂടുതൽ എണ്ണം മുരിങ്ങ നടുമ്പോൾ വരികൾ തമ്മിലും നിരകൾ തമ്മിലും 2.5 മീറ്റർ അകലം ഉറപ്പാക്കണം. തൈകൾക്ക് ഇടയ്ക്കിടയ്ക്ക് ജലസേചനം ചെയ്യണം. തൈകൾ 75 സെമീ ഉയരമെത്തുമ്പോൾ അഗ്രമുകുളം നുള്ളിക്കളയുന്നതു ധാരാളം ശിഖരങ്ങൾ ഉണ്ടാ കാൻ സഹായിക്കും. കായ്ച്ചുതുടങ്ങിയാൽ വർഷത്തിൽ രണ്ട് സീസണിൽ വിളവ് ലഭിക്കും. പ്രായപൂർത്തിയായ മരം ഒരു വർഷ ത്തിൽ ആയിരത്തിൽപരം കായ്കൾ ഉത്പാദിപ്പിക്കുമത്രേ. ഉയരം കൂടിയാൽ മുരിങ്ങ കാറ്റിൽ പെട്ട് ഒടിയാൻ സാധ്യതയുള്ളതി നാൽ ശിഖരങ്ങൾ വെട്ടി ഉയരം ക്രമീകരിച്ചുകൊടുക്കണം.