കുറിയ ഇനം തെങ്ങുകൾക്ക് ആയുർദൈർഘ്യം ശരാശരി 40 വർഷം മാത്രമേയുള്ളൂ. പേരു പോലെ കുറിയ ഇനം തെങ്ങുകൾക്ക് ഉയരം കുറവാണ്. 20 വർഷം പ്രായമെത്തുമ്പോൾ ഏതാണ്ട് 8-10 മീറ്റർ മാത്രമേ ഇവയ്ക്ക് ഉയരമുണ്ടാവൂ. ഇവ നട്ടു 3-4 വർഷം കഴിഞ്ഞ് കായ്ക്കാൻ തുടങ്ങും. കുറിയ ഇനം തെങ്ങുകളിൽ പ്രധാനമായും സ്വപരാഗണമാണ് നടക്കുന്നത്. അതുകൊണ്ട് ഈ ഇനത്തിൽപ്പെട്ട തെങ്ങുകളിൽ നിന്ന് ശേഖരിച്ച് വിത്തു തേങ്ങകൾ മുളപ്പിച്ചുണ്ടാക്കിയ സന്തതികളിൽ ഐക്യ രൂപമുണ്ട്. കുറിയ ഇനങ്ങളുടെ തേങ്ങ ചെറുതോ ഇടത്തരം വലിപ്പമുള്ളതോ ആണ്.
മിക്ക കുറിയ ഇനങ്ങളുടേയും കൊപ്രയ്ക്കു ഗുണമേന്മ കുറവാണ് എന്നത് പ്രധാന പോരായ്മ. അതുകൊണ്ട് വെളിച്ചെണ്ണ ഉണ്ടാക്കാൻ ഇവ ഉപയോഗിക്കുന്നില്ല. ഇളനീരിന് അനുയോജ്യമാണ് എന്നതാണ് കുറിയ ഇനങ്ങളുടെ ഏറ്റവും പ്രധാന ഗുണവിശേഷം. കൂടാതെ സങ്കരയിനങ്ങളുടെ ഉൽപാദനത്തിനും കുറിയ ഇനങ്ങൾ പ്രയോജനപ്പെടുത്തുന്നു. ചാവക്കാട് ഓറഞ്ച് കുറിയ തെങ്ങിനം (ചെന്തെങ്ങ്, ഗൗരീഗാത്രം തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു) ഇളനീരിന് അനുയോജ്യമായ ഇനമാണ്.
കൽപ്രശ്, (ചാവക്കാട് കുറിയ പച്ച ഇനത്തിൽ നിന്നുള്ള സെലക്ഷൻ, കൂടാതെ, കാറ്റു വീഴ്ച പ്രദേശങ്ങളിലേക്ക് അനുയോജ്യം), കൽപജ്യോതി (മലയൻ കുറിയ മഞ്ഞ ഇനത്തിൽ നിന്നുള്ള സെലക്ഷൻ), കൽപസൂര്യ (മലയൻ കുറിയ ഓറഞ്ച് ഇനത്തിൽ നിന്നുള്ള സെലക്ഷൻ), കൽപ രക്ഷ ( മലയൻ കുറിയ പച്ച ഇനത്തിൽ നിന്നുള്ള സെലക്ഷൻ, ഈ ഇനം തീർത്തും കുറിയതല്ല, ഇടത്തരം ഉയരത്തിൽ വളരുന്നതും, ഇളനീരിനും കൊപ്രയ്ക്കും യോജിച്ചതും, കാറ്റു വീഴ്ചയെ ചെറുക്കുന്നതുമാണ്) തുടങ്ങിയവയാണ് സി. പി.സി.ആർ.ഐ പുറത്തിറക്കിയ കേരളത്തിലേക്കു യോജിച്ച് കുറിയ തെങ്ങിനങ്ങൾ.
പക്ഷെ കൊപ്രയ്ക്ക് അനുയോജ്യമല്ല, കീടരോഗ ബാധ ഈ ഇനങ്ങൾക്ക് പൊതുവെ കൂടുതലുമാണ്. കുറിയ ഇനങ്ങൾ നട്ടാൽ തെങ്ങു കൃഷിയിലെ പ്രശ്നങ്ങളെല്ലാം തീരും എന്ന - തെറ്റിദ്ധാരണ കൊണ്ടാണ് പലരും കുറിയ ഇനങ്ങളുടെ - തൈകൾ നട്ടത്. നല്ല പരിചരണം നൽകാൻ (പ്രത്യേകിച്ച് കീടരോഗ ബാധയ്ക്കെതിരെ യഥാസമയം നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ സാധിച്ചില്ലെങ്കിൽ കുറിയ ഇനങ്ങളുടെ കൃഷി ആദായകരമാകില്ല. ഇളനീർ വിപണനത്തിന് താത്പര്യമുള്ള കൃഷിക്കാർക്ക് കുറിയ 3 ഇനങ്ങളുടെ കൃഷി ഉപകാരപ്രദമാവും. അതല്ലെങ്കിൽ ഇവ കർഷകർക്ക് ഗുണം ചെയ്യില്ല.
വീട്ടാവശ്യത്തിന് കറി അരയ്ക്കാനും മറ്റും ഇവയുടെ തേങ്ങ അത്ര നല്ലതല്ല. ഗംഗാബോന്ദം എന്ന കുറിയ ഇനത്തെക്കുറിച്ച് ധാരാളം കർഷകർ അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഗുണഗണങ്ങളെക്കുറിച്ച് പല അവകാശ വാദങ്ങളും പറഞ്ഞ് കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നതിനും തൈകൾ അമിത വിലയ്ക്ക് വിൽക്കുന്നതിനും ചിലരൊക്കെ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഗംഗാബോരും ആന്ധ്രാപ്രദേശിൽ നിന്നുള്ള കുറിയ തെങ്ങിനമാണ്. കരിക്കിനു വേണ്ടിയാണ് ആന്ധ്രയിൽ ഈ ഇനം കൃഷി ചെയ്യുന്നത്. ഈ ഇനത്തിന്റെ തേങ്ങ കൊപ്രയ്ക്ക് അനുയോജ്യമല്ല. കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ ലക്ഷ ഗംഗ, കേര ഗംഗ, അനന്തഗംഗ തുടങ്ങിയ സങ്കരയിനങ്ങൾ ഉൽപാദിപ്പിക്കുന്നതിന് പിതൃവൃക്ഷമായിട്ട് ഗംഗാ ബോദമാണ് ഉപയോഗിക്കുന്നത്.