ഭൂമിയുടെ കലപ്പയാണ് മണ്ണിര. പ്രകൃതി അവയ്ക്കു അറിഞ്ഞു നല്കിയ സ്വഭാവവും പേരുപോലെതന്ന അന്വര്‍ഥം. മണ്ണിനെ ഉഴുതുമറിച്ച് വായുവിന്റെ അളവ് മണ്ണില്‍ വര്‍ധിപ്പിക്കുക എന്നതാണ് അവ കര്‍ഷകനുവേണ്ടി ചെയ്യുന്ന പ്രധാന സഹായം. ഇതിനോടൊപ്പം മണ്ണിലെ ജൈവമാലിന്യങ്ങളെ ചെടികള്‍ക്ക് ഉപകാരപ്രദമായരീതിയില്‍ മാറ്റാനും അവയ്ക്കു കഴിയുന്നു. ഭൂമിയുടെ കുടല്‍ എന്നാണ് അരിസ്റ്റോട്ടില്‍ മണ്ണിരയെ വിശേഷിപ്പിച്ചത്. ജൈവവസ്തുക്കളെ വളമാക്കി മാറ്റാനുള്ള മണ്ണിരയുടെ കഴിവിനെ ഉപകാരപ്പെടുത്തി കൃത്രിമ സാഹചര്യത്തില്‍ തയാറാക്കിയെടുക്കുന്ന പ്രക്രിയയ്ക്കാണ് വെര്‍മി കള്‍ച്ചര്‍ എന്നു പറയുന്നത്. ഇങ്ങനെ തയാറാക്കി എടുക്കുന്ന വളത്തിനെ വെര്‍മി കമ്പോസ്റ്റ് എന്നും വിളിക്കുന്നു.
മണ്ണിരയുടെ ശരീരഘടന
നട്ടെല്ലില്ലാത്ത ജീവിയാണ് മണ്ണിര. ദിലിംഗ ജീവിയാണ് മണ്ണിര (Hermaphrodate). അതായത് ആണ്‍, പെണ്‍ ജനനേന്ദ്രിയം ഒരു മണ്ണിരയില്‍ത്തന്നെ ഉണ്ടാകും. പ്രജനനത്തിനുശേഷം ശരീരത്തിലെ ക്ലൈറ്റെല്ലാര്‍ ഭാഗത്ത് ഒരു ക്യാപ്‌സ്യൂള്‍ രീതിയില്‍ കൊക്കൂണ്‍ രൂപപ്പെടും. ഇത് പിന്നീട് പുറംതള്ളി തണുപ്പുള്ള സ്ഥലത്ത് നിക്ഷേപിക്കും. ഒരു കൊക്കൂണില്‍ നിരവധി മുട്ടകളുണ്ടെങ്കിലും വളരെ കുറച്ചു മാത്രമേ കുഞ്ഞുങ്ങള്‍ ആവാറുള്ളൂ.
മണ്ണിരയും മണ്ണും
മണ്ണിന്റെ വളക്കൂറ് വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നവരാണ് മണ്ണിരകള്‍. ജൈവ വസ്തുക്കള്‍ പുനഃചംക്രമണം നടത്തി ചെടികള്‍ക്കാവശ്യമായ പോഷകങ്ങളാക്കി നല്കാന്‍ മണ്ണിരകള്‍ക്കു കഴിയുന്നു.
12.5%-17.2% നനവുള്ള മണ്ണാണ് മണ്ണിരകള്‍ക്ക് ഏറ്റവും അനുയോജ്യം. 16 ഡിഗ്രി മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയില്‍ ജീവിക്കാന്‍ മണ്ണിരയ്ക്കു കഴിയും. അതില്‍ കൂടിയാല്‍ അവ നശിക്കും. മണ്ണിലെ ഹൈഡ്രജന്‍ അയോണിന്റെ തോതിനോട് വിപരീതാനുപാതത്തിലാണ് മണ്ണിര ജീവിക്കക. അതുകൊണ്ടുതന്നെ മണ്ണിന്റെ pH 7 ആയ സാഹചര്യത്തിലാണ് മിക്ക മണ്ണിരകളും ജീവിക്കാന്‍ ഇഷ്ടപ്പെടുക.
കമ്പോസ്റ്റിലെ രസതന്ത്രം
മണ്ണില്‍ അലിയുന്ന ജൈവമാലിന്യങ്ങള്‍ കഴിച്ച് വളമാക്കി മാറ്റുമ്പോള്‍ അവയില്‍ ചെടികള്‍ക്ക് ഉപകാരപ്രദമായ വളരെയധികം മൂലകങ്ങള്‍ മണ്ണിര ഉത്പാദിപ്പിക്കുന്നുണ്ട്. ഫോസ്‌ഫേറ്റ്, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവയാണ് അവയില്‍ പ്രധാനപ്പെട്ടത്.
ബയോഗാസ് സ്ലറിയും മണ്ണിരയും
ചാണകവും ജൈവമാലിന്യത്തില്‍ നിന്നുമുള്ള ബയോഗാസ് സ്ലറി ഉപയോഗിക്കുന്ന വിളകളില്‍ സാധാരണയായി യാതൊരു കീടങ്ങളും രോഗങ്ങളും ആക്രമിക്കുകയില്ല. മണ്ണിനടിയില്‍ 15 അടിവരെ ആഴത്തില്‍ കഴിയുന്ന മണ്ണിരകള്‍ മുകളിലെത്തുകയും സസ്യങ്ങള്‍ക്കാവശ്യമുള്ള മൂലകങ്ങള്‍ വേരുപടലത്തിനടുത്തെത്തിക്കുകയും ചെയ്യും. മണ്ണില്‍ വളരുന്ന നാടന്‍ മണ്ണിര മാത്രമേ ഇങ്ങനെ ചെയ്യുകയുള്ളൂ. വിദേശമണ്ണിരകള്‍ (വളര്‍ത്തുവിരകള്‍) മണ്ണു തിന്നില്ല. അവ ജൈവവസ്തുക്കള്‍ ചീയുന്നതു മാത്രമേ തിന്നുകയുള്ളൂ. അവ മണ്ണ് ഉഴുകയില്ല.
ചാണകം സസ്യങ്ങള്‍ ഭക്ഷണമായി വലിച്ചെടുക്കുന്നില്ല മറിച്ച് അത് കോടാനുകോടി സൂക്ഷ്മജീവികളുടെ മഹാസാഗരമാണ് .നാടന്‍ മണ്ണിര മണ്ണിലുണ്ടങ്കില്‍ സൂക്ഷ്മമൂലകങ്ങളെ കോടാനുകോടി സൂക്ഷ്മജീവികളുടെ സഹായത്തോടെ സസ്യങ്ങളുടെ വേരുകള്‍ക്ക് വലിച്ചെടുക്കാന്‍ പറ്റുന്നഘടനയിലേക്ക് മണിനെ രൂപാന്തരപ്പെടുത്തുന്നു .അതിനാല്‍ ഒരു ജൈവകര്‍ഷകന്റെ മിത്രമാണ് മണ്ണിര.