മഴയെ ആശ്രയിച്ചും നനച്ചും ചേന കൃഷി ചെയ്യാം. വയലുകളിൽ ഡിസംബർ -ജനുവരി മാസങ്ങളിൽ മിതമായ നനയോടെയും പിന്നീട്, വേനൽമഴയുടെ ആരംഭത്തോടെയും ചേനകൃഷി തുടങ്ങാം. സാധാരണ കുംഭമാസത്തിൽ വേനൽമഴയുടെ പിൻപറ്റിയാണ് നിലം ഒരുക്കൽ കാത്സ്യം ഒരു പാടു വേണം ചേനയ്ക്ക്.
ചേനയുടെ ചൊറിച്ചിലിനു പിന്നിൽ അതിലെ കാത്സ്യം ഓക്‌സലേറ്റ് തരികളാണ്. അതിനാൽ, തടം കിളച്ചൊരുക്കുമ്പോൾ തന്നെ ഒരു കുഴിക്ക് 100 ഗ്രാം തോതിൽ കുമ്മായപ്പൊടി അല്ലെങ്കിൽ ഡോളമൈറ്റ് ചേർക്കുക. കഴുത്ത് അഴുകി വീഴുന്ന Collar rot രോഗം ചെറുക്കാനും ഇതു സഹായിക്കും. 8-9 മാസം കഴിഞ്ഞ് വിളവെടുത്താൽ ദീർഘകാലം സൂക്ഷിച്ചു വയ്ക്കാം. ശ്രീ പദ്‌മ, ഗജേന്ദ്ര, ശ്രീ ആതിര എന്നിവ നല്ല പാചകഗുണം ഉള്ള ഇനങ്ങൾ. ആദ്യത്തെ രണ്ടും ചൊറിച്ചിൽ ഇല്ലാത്ത ഇനങ്ങൾ.
നടുനാമ്പിന്റെ അൽപം ഭാഗം ഉൾപ്പെടുന്ന രീതിയിൽ മുക്കാൽ കിലോ മുതൽ ഒരു കിലോ വരെ വലുപ്പമുള്ള പൂളുകൾ നടാം. ചാണകക്കുഴമ്പിൽ മുക്കി, തണലത്തുണക്കി നടുന്നതാണ് പരമ്പരാഗത രീതി വേരുകൾ നശിപ്പിക്കുന്ന നിമാവിരകളെ നിയന്ത്രിക്കാൻ നടുന്ന സമയത്ത് പൊടിച്ച വേപ്പിൻ പിണ്ണാക്ക് ചേർക്കാം. 2 അടി വീതം നീളവും വീതിയും ഒന്നരയടി വ്യാസവുമുള്ള തടങ്ങളിൽ ചേന നടാം. ഒരു സെന്റിൽ 3 അടി അകലത്തിൽ 49 തടങ്ങളാകാം.
ചാണകപ്പൊടിയും (ഒരു തടത്തിൽ രണ്ടരക്കിലോ വരെ) വേപ്പിൻപിണ്ണാക്കും അൽപം എല്ലുപൊടിയും മേൽമണ്ണുമായി കൂട്ടിക്കലർത്തി കുഴിയിലേക്കിട്ട്. മുക്കാലടി കുഴി മൂടി, അതിനു മുകളിൽ ചേനപ്പൂള് വച്ച്, ഒരു ചെറിയ പാളി മണ്ണിട്ട്, കരിയിലകൾ കനത്തിൽ വച്ച്, വിത്തിനെ സംരക്ഷിക്കാം എത്ര കൂടുതൽ കരിയിലകൾ വയ്ക്കുന്നുവോ അത്ര കണ്ട് മണ്ണ് ഇളക്കമുള്ളതാകുകയും കിഴങ്ങ് വലുപ്പം വയ്ക്കുകയും ചെയ്യും നട്ട് ഒന്നര മാസം കഴിയുമ്പോൾ, അല്ലെങ്കിൽ ചേന മുളച്ചു വന്നതിനു ശേഷം ചെറിയ അളവിൽ എൻപികെ വളങ്ങൾ തടത്തിനു ചുറ്റും വിതറി ചിക്കിക്കൊടുക്കാം. വീണ്ടും ഒരു മാസം കഴിഞ്ഞാൽ
അൽപം നൈട്രജനും പൊട്ടാഷും ചേർത്താൽ വളപ്രയോഗം പൂർണമാകും.