പാമ്പിൻതോലണിഞ്ഞതുപോലുള്ള ഇലകളോടുകൂടിയ സുന്ദരി ച്ചെടി - അതാണ് ഫിറ്റോണിയ. ഇതു കൊണ്ടു കൂടിയാണ് ഇതിനെ "സ്നേക്ക് സ്കിൻ പ്ലാന്റ് ' എന്നു വിളിക്കുന്നത്. സർപ്പസൗന്ദര്യം ദ്യോതിപ്പിക്കുന്ന ഇലക്കൂട്ടം വളരുന്ന പ്രതലമാകെ മൂടും. ചട്ടിയിലാണ് വളർത്തുന്നതെങ്കിൽ ചട്ടിയുടെ ഉപരിഭാഗം ഫിറ്റോണിയയുടെ ഇലകളാൽ മറഞ്ഞിരിക്കും.
ഫിറ്റോണിയ അധികം ഉയരത്തിൽ വളരില്ല. വീട്ടിനുള്ളിൽ വളർത്താനാണുത്തമം. തൂക്കുചട്ടികളിലും വളർത്താം.
ഇലകൾക്ക് ഇളംപച്ചനിറമാണ്, മുട്ടയുടെ ആകൃതിയും. ഇലകളിൽ അടുത്തടുത്ത് ഞരമ്പുകൾ വിന്യസിച്ചിരിക്കും. തണലും നനവും ഇഷ്ടപ്പെടുന്ന അലങ്കാര ഇലച്ചെടിയാണ് ഫിറ്റോണിയ. മണ്ണും മണലും ഇലപ്പൊടിയും തുല്യയളവിൽ കലർത്തിയ പോട്ടിങ് മിശ്രിതം നിറച്ച ചട്ടി യിൽ വേണം ഇതു വളർത്താൻ. ഇടയ്ക്കിടയ്ക്ക് ഇലകളിൽ വെള്ളം ചെയ്തു കൊടുക്കുന്നതും നന്ന്. ചാണകപ്പൊടിയാണ് നല്ല വളം.
17:17:17 എന്ന രാസവളമിശ്രിതം രണ്ടു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ചുവട്ടിലൊഴിച്ചു കൊടുക്കുന്നതും നല്ലതാണ്. രാസവളപ്രയോഗം അമിതമായാൽ ഇലകളുടെ നിറം കുറയും.
മഴക്കാലത്ത് വല്ലപ്പോഴും പുറത്തിറക്കിവച്ച് ഇടവെയിൽ കൊള്ളിക്കണം. നാലിലയോടുകൂടിയ അഗ്രഭാഗം മുറിച്ചു നട്ട് തൈ വളർത്താം. പതിവച്ചും തൈയുണ്ടാക്കാം. 'ഫിറ്റോണിയ വെർഷാഫെൽറ്റി' എന്ന ഇനത്തിന്റെ ഇലകൾക്ക് ഒലിവു പച്ച നിറവും ഞരമ്പുകൾക്ക് നേരിയ പിങ്കു കലർന്ന ചുവപ്പുനിറവുമാണ്.