കൊല്ലം ജില്ലയിൽ ഇരവിപുരത്തെ വാളത്തുങ്കൽ ഉള്ള കർഷകനായ ശശിയുടെ കൃഷിയിടത്തിൽ നിന്നാണ് 30 കിലോ മരച്ചീനിയുടെ വിളവെടുപ്പ് നടന്നത്. വീടിന്റെ പുറകുവശത്തുള്ള 5 സെന്റ് സ്ഥലത്താണ് ഈ കർഷകൻ മരച്ചീനി കൃഷി ചെയ്തിരുന്നത്.
സ്വന്തമായി രൂപപ്പെടുത്തിയെടുത്ത കൃഷി രീതിയിലൂടെയാണ് അദ്ദേഹത്തിന് ഇത്രയും മികച്ച വിളവ് ലഭിച്ചത്. മരച്ചീനി കമ്പ് വെയ്ക്കുന്നത് മുതൽ പരിപൂർണ്ണമായ വളർച്ചയെത്തുന്നത് വരെ കൃത്യമായ വളപ്രയോഗവും പരിചരണവുമാണ് അദ്ദേഹത്തിന് ഇത്രയും നല്ല വിളവ് ലഭിക്കാൻ സാധ്യമായത്.
മരച്ചീനി കമ്പ് തെരഞ്ഞെടുക്കുമ്പോൾ
കർഷകനായ ശശി മരച്ചീനി കമ്പ് തയ്യാറാക്കുമ്പോൾ ചെയ്യുന്ന കാര്യങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്.
മരച്ചീനി കമ്പിന്റെ മേൽഭാഗം മുതൽ താഴെ ഏകദേശം മുക്കാൽ ഭാഗം നീളം വരുന്ന കമ്പാണ് കൃഷിക്ക് യോഗ്യമെന്ന് അദ്ദേഹത്തിന്റെ അഭിപ്രായം.
ഏകദേശം കമ്പിന്റെ മുകൾ ഭാഗം മുതൽ പകുതി വരെയുള്ള സ്ഥലത്ത് നിന്ന് മരച്ചീനി കമ്പ് വെട്ടിയെടുക്കുകയാണെങ്കിൽ സാധാരണയായി ഏഴു മുതൽ എട്ടു കിലോ വരെ ലഭിക്കാം.
പകുതി ഭാഗത്തുനിന്നും താഴെ വേരിന്റെ ഭാഗത്തേക്കുള്ള കമ്പ് കൃഷിക്കായി തിരഞ്ഞെടുക്കുമ്പോൾ വിളവ് കുറയാൻ സാധ്യതയുണ്ട്. അതിനാൽ മരച്ചീനി കമ്പിന്റെ മുഗൾഭാഗത്തെ ആദ്യപകുതിയാണ് കൃഷിക്കായി മികച്ചത് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
30 കിലോ മരച്ചീനി ലഭിക്കാൻ ചെയ്യുന്ന കൃഷി രീതികൾ
മരച്ചീനി കമ്പ് തയ്യാറാക്കുമ്പോൾ
ആദ്യമായി മരച്ചീനി കമ്പ് 60 സെന്റീമീറ്റർ നീളത്തിൽ മുറിച്ചെടുക്കുക. എന്നിട്ട് കമ്പിന്റെ താഴെയുള്ള ഭാഗത്തു നിന്ന് 20 സെന്റീമീറ്റർ മുകളിലോട്ടു അളക്കുക.
എന്നിട്ട് ഈ 20 സെന്റീമീറ്റർ ഭാഗത്തെ തൊലി ചെത്തി കളയുക. ഇത്രയും ഭാഗം മണ്ണിന്റെ അടിയിൽ പൂർണ്ണമായും പോകേണ്ടതാണ്. മരച്ചീനി കമ്പ് മണ്ണിൽ ഉറച്ചിരിക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത്. ഇതിനു മുകളിലായി ഉള്ള രണ്ടാമത്തെ ഞെട്ടിന്റെ താഴെ ചന്ദ്രാകൃതിയിൽ തൊലി കളയുക. ഇതിനു മുകളിലായി ഉള്ള മൂന്നാമത്തെ ഞെട്ടിന്റെ താഴെയും ചന്ദ്രാകൃതിയിൽ തൊലി കളയുക.
സാധാരണരീതിയിൽ മരച്ചീനി കമ്പിന്റെ ഒരു ഭാഗത്തുനിന്ന് മാത്രം ആണ് വേര് രൂപപ്പെട്ടു ചീനി ഉണ്ടാവുന്നത്. അതിനാൽ ഒരു മരച്ചീനി കമ്പിൽ നിന്ന് അഞ്ചോ ആറോ കിലോയേ ലഭിക്കൂ. എന്നാൽ ഇങ്ങനെ ചെയ്യുന്നത് വഴി മരച്ചീനി കമ്പിന്റെ മൂന്ന് ഭാഗത്തു നിന്നും ചീനി ഉണ്ടാകുന്നു. അങ്ങനെ ഏകദേശം 20 മുതൽ 30 കിലോ വരെ വിളവ് ലഭിക്കും.
മരച്ചീനി കമ്പ് മണ്ണിൽ കുഴിച്ചു വെക്കുമ്പോൾ
തൊലി ചെത്തിക്കളഞ്ഞ ആദ്യത്തെ 20 സെന്റീമീറ്റർ, തടമെടുത്ത കുഴിയിലേക്ക് കുഴിച്ചു വെയ്ക്കുക. എന്നിട്ട് മരച്ചീനി കമ്പിൽ ചന്ദ്രക്കല രൂപത്തിൽ തൊലി കളഞ്ഞതിന് മുകളിലായി ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ചാണകപ്പൊടിയും, വേപ്പിൻ പിണ്ണാക്കും, എല്ലുപൊടിയും കരിയിലയും മിശ്രിതമാക്കി മണ്ണിട്ടു മൂടുക.
ശിഖരങ്ങൾ ചെറുതായി വന്നു കഴിയുമ്പോൾ കമ്പിന് ചുറ്റും ചെറുതായി ഒന്ന് കൊത്തി ഇളക്കിയ ശേഷം 100 ഗ്രാം ഫാക്ടംഫോസ് വിതറാവുന്നതാണ്. ഇത് മരച്ചീനിയുടെ വേരിനെ ശക്തിപ്പെടുത്തും.
നാലു മാസം കഴിയുമ്പോൾ ഒരു സിമന്റ് ചട്ടി നിറച്ചു ചാണകപ്പൊടിയും 250 ഗ്രാം എല്ലുപൊടിയും മിസ്തൃതമാക്കി കമ്പിന് ചുറ്റും മണ്ണ് പൊക്കി കൊടുക്കുക. ഇത് മരച്ചീനി നല്ല വണ്ണതോടെ പിടിക്കാൻ സഹായിക്കും.
പിന്നീട് ഒന്നും ചെയ്യേണ്ടതില്ല. എട്ടാം മാസം ആവുമ്പോൾ വിളവെടുക്കാം. എന്നാലും രുചികരമായ മരച്ചീനി ലഭിക്കാൻ പത്താം മാസം വിളവെടുക്കുന്നതാണ് ഉത്തമം.
കർഷകനായ ശശി - 9496195163