ഏതു രീതിയിലുള്ള മണ്ണും കാലാവസ്ഥയുമാണ് ചേമ്പ് കൃഷി ചെയ്യുവാൻ അനുയോജ്യം ?
നല്ല നീർവാർച്ചയുള്ള മണ്ണാണ് ചേമ്പു കൃഷിയ്ക്ക് അനുയോജ്യം. മഴയെ ആശ്രയിച്ചു കൃഷി ചെയ്യുമ്പോൾ 120-150 സെ.മീറ്റർ മഴ വളർച്ചാകാലത്ത് ലഭിക്കേണ്ടതാണ്. നല്ല ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയാണ് ചേമ്പ് വളർത്താൻ അനുയോജ്യം.
ചേമ്പ് നടാൻ അനുയോജ്യമായ സമയം എപ്പോഴാണ് ?
മേയ് - ജൂൺ മാസങ്ങളാണ് നടാൻ പറ്റിയ സമയം. നനവുള്ള സ്ഥലങ്ങളിൽ എപ്പോൾ വേണമെങ്കിലും കൃഷി ചെയ്യാം.
കേരളത്തിൽ കൃഷി ചെയ്യുവാൻ അനുയോജ്യമായ ഇനങ്ങൾ
ശ്രീ രശ്മി, ശ്രീ പല്ലവി, ശ്രീ കിരൺ എന്നിവ തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവർഗ്ഗ വിള ഗവേഷണ സ്ഥാപനത്തിൽ നിന്നും പുറത്തിറക്കിയ ഇനങ്ങളാണ്.
ചേമ്പ് കൃഷി ചെയ്യുവാൻ നിലമൊരുക്കുന്ന വിധം എങ്ങനെ
നിലം നല്ലപോലെ കിളച്ച് 60 സെ. മീറ്റർ അകലത്തിൽ വാരങ്ങൾ കോരി 45 സെ. മീറ്റർ അകലത്തിൽ വിത്ത് നടണം. നട്ടതിനു ശേഷം പുതയിടണം. നിലമൊരുക്കുമ്പോൾ ഹെക്റ്ററിന് 12 ടൺ എന്ന തോതിൽ കാലിവളമോ കമ്പോസ്റ്റോ ചേർക്കണം.
ചേമ്പ് വിത്തുകൾ നടുന്ന രീതിയും ആവശ്യമായി വരുന്ന വിത്തിന്റെ അളവും എങ്ങനെ
25-35 ഗ്രാം തൂക്കം വരുന്ന ചേമ്പു വിത്തു വേണം നടാൻ ഉപയോഗിക്കുന്നത്. ഒരു ഹെക്റ്ററിൽ നടാൻ 1200 കി.ഗ്രാം വിത്തു വേണം. 37,000 മൂട് ചേമ്പ് ഒരു ഹെക്റ്ററിൽ നടാൻ കഴിയുന്നു.
ചേമ്പ് കൃഷി ചെയ്യുമ്പോൾ മറ്റു കൃഷിപ്പണികൾ എന്തെല്ലാം ചെയ്യണം ?
ചേമ്പിന് ഇടയിളക്കലും കളയെടുപ്പും പ്രാധാന്യമർഹിക്കുന്നു. നട്ട് 30-45 ദിവസങ്ങൾക്കുള്ളിലും 60-75 ദിവസങ്ങൾക്കുള്ളിലും കളയെടുപ്പും മണ്ണടുപ്പിക്കലും നടത്തണം. ചുവട്ടിൽ കാണുന്ന ആരോഗ്യം കുറഞ്ഞതായ മുളകൾ നീക്കം ചെയ്യണം