അസോളയുടെ പ്രധാനകാണ്ഡം ഒന്നിടവിട്ട് നിരവധി ശാഖകളും ഉപശാഖകളും ഉള്ളവയാണ്. ശാഖകൾ തണ്ടുമായി ചേരുന്ന ഓരോ സ്ഥലത്തും വിഛേദിക്കപ്പെടാവുന്ന പാളികൾ കാണുന്നു. ഇത്തരം മുട്ടുകൾ പ്രധാന ശാഖകളിൽ നിന്ന് വിഛേദിക്കപ്പെട്ട് സ്വതന്ത്രമാകും. ഇങ്ങനെയാണ് അസോളയിൽ വംശവർദ്ധനവ് സാധ്യമാകുന്നത്.
അസോള നഴ്‌സറി ഉണ്ടാക്കുന്ന വിധം
4 മീറ്റർ നീളം, 1 മീറ്റർ വീതി, 15 സെ.മീ ആഴം എന്ന തോതിൽ ഒരു ചെറിയ കുഴി തയ്യാറാക്കുക. അതിനുശേഷം പഴയ പ്ലാസ്റ്റിക് ചാക്ക് നിരത്തുക. അതിനു മുകളിൽ മാർക്കറ്റിൽ ലഭ്യമായ സിൽ പോളിൻ ഷീറ്റ് 4 × 1 മീറ്റർ വലിപ്പത്തിൽ വിരിക്കുക. ഷീറ്റിനുമുകളിൽ 28 കി.ഗ്രാം അരിച്ചെടുത്ത വളക്കൂറുള്ള മണ്ണ് നിരത്തി ഇടുക.
10 കി.ഗ്രാം പച്ചചാണകം എടുത്ത് അതിൽ 60 ഗ്രാം രാജ്‌ഫോസും കലക്കി മണ്ണിൽ ഒഴിയ്ക്കണം. എന്നിട്ട് ബെഡിലെ ജലനിരപ്പ് 8 സെ.മീ ആകത്തക്കവിധം ആവശ്യാനുസരണം വെള്ളമൊഴിക്കുക. ഇപ്രകാരം നിർമിച്ച ബെഡിൽ 1 കി.ഗ്രാം മുതൽ 2 കി.ഗ്രാം വരെ രോഗകീട വിമുക്തമായ അസോള ഒരു പോലെ നിക്ഷേപിക്കേണ്ടതാണ്.
വിളവെടുപ്പ്
സാധാരണ ഏഴു ദിവസം കൊണ്ട് ഷീറ്റ് പൂർണമായും അസോള കൊണ്ട് നിറയും. അങ്ങനെയായാൽ ഏഴാം ദിവസം മുതൽ ഓരോ ദിവസവും ഒരു കുഴിയിൽ നിന്ന് 750 ഗ്രാം മുതൽ 1 കി.ഗ്രാം വരെ അസോള വിളവെടുക്കാം.
പരിപാലനം
മൂർച്ചയില്ലാത്ത കമ്പു കൊണ്ട് ബെഡ്ഡിലെ അസോളയെ ഇടയ്ക്കിടക്ക് ഇളക്കി കൊടുക്കണം. അസോളയിൽ നൈട്രജൻ പ്രദാനം ചെയ്യുന്ന നീലഹരിത ആൽഗയ്ക്ക് വായുസഞ്ചാരം അത്യാവശ്യമായതിനാലാണ് ഇതു ചെയ്യുന്നത്. ഓരോ മാസം കൂടുമ്പോഴും ആറിലൊരു ഭാഗം മണ്ണ് ബെഡിൽ നിന്നും മാറ്റുകയും അത്രയും തന്നെ പുതിയ മണ്ണ് ബെഡിലേക്ക് ഇടുകയും ചെയ്യുക.
അതുപോലെ തന്നെ ഓരോ മാസം കൂടുമ്പോൾ ആറിലൊരു ഭാഗം ജലം മാറ്റുകയും പുതുതായി വെള്ളമൊഴിക്കുകയും ചെയ്യണം.
ദിവസേന വിളവെടുക്കാവുന്ന അസോള വളരെ കൂടിയ അളവിൽ ബെഡ്ഡിൽ ഉള്ള മണ്ണിൽ നിന്ന് ധാതുലവണങ്ങൾ മാറ്റുന്നതു കൊണ്ട് ഓരോ ഏഴുദിവസത്തിലും ബെഡ് ഒന്നിന് 30 ഗ്രാം രാജ്ഫോസ്, 1.5 കി.ഗ്രാം ചാണകത്തിൽ കലക്കി ബെഡ്ഡിൽ ഒഴിയ്ക്കണം. ഇപ്രകാരം ദിവസേന അല്ലെങ്കിൽ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ വിളവെടുത്തും ഓരോ ഏഴാം ദിവസവും വളപ്രയോഗം നടത്തിയും ഓരോ ബൈഡിൽ നിന്നും മൂന്നു മുതൽ ആറു മാസം വരെ തുടർച്ചയായി വിളവെടുക്കാം