റീസൈക്ലിംഗ് സിസ്റ്റം എന്ന പുതിയ മത്സ്യകൃഷി രീതിയിലൂടെ ആണ് തിരുവനന്തപുരം ജില്ലയിൽ ആര്യനാട് പഞ്ചായത്തിലെ വലിയകലുങ്ക് എന്ന സ്ഥലത്തുള്ള കർഷകനായ ജയമോഹൻ മത്സ്യകൃഷി ചെയ്യുന്നത്. വമ്പൻ വിളവെടുപ്പ് നടത്തി ജയമോഹൻ വിജയിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ സുഹൃത്തും ചേട്ടനും ഗുരുവുമായ തച്ചൻകോട് മനോഹരൻ നായർ ആണ് ഈയൊരു കൃഷിസമ്പ്രദായം വികസിപ്പിച്ചെടുക്കാൻ സഹായിച്ചത്.
സാധാരണയായി പടുതാകുളത്തിൽ കൃഷി ചെയ്യുമ്പോൾ വെള്ളം കളയാൻ പ്രത്യേക സംവിധാനം അതിൽ ചെയ്തു വരാറുണ്ട്. അത് വലിയ രീതിയിൽ വെള്ളം നഷ്ടവും അധ്വാനവും കൂട്ടുന്നു. അതുപോലെ ബയോഫ്ളോക്ക്, റാറസ് , അക്വാപോണിക്സ് എന്നീ മത്സ്യ കൃഷി രീതികൾ എല്ലാം വളരെ ചെലവേറിയതാണ്. എന്നാൽ ഇവിടെ ഒറ്റത്തവണ നിക്ഷേപത്തിലൂടെ
വളരെ ചെലവ് കുറച്ച് മത്സ്യ കൃഷി ചെയ്യാം എന്നാണ് ജയമോഹൻ തെളിയിച്ചിരിക്കുന്നത്.
വെള്ളം റീസൈക്കിൾ ചെയ്യാൻ ഉപയോഗിക്കുന്ന സംവിധാനങ്ങൾ
പടുതാക്കുളത്തിലെ അഴുക്ക് വെള്ളം രണ്ട് വീപ്പുകളുടെ സഹായത്താൽ അരിച്ചെടുക്കുന്ന സംവിധാനമാണ് ഇത്. കുളത്തിലെ അഴുക്ക് വെള്ളം ശുദ്ധീകരിച്ച് തിരിച്ചു കുളത്തിലേക്ക് തന്നെ തിരികെ നൽകുന്നു. ഇതിനായി തയ്യാറാക്കിയിരിക്കുന്ന രണ്ടു വീപ്പ കളിൽ കൽക്കരി, ചെറിയ പാറകഷണങ്ങൾ, സ്പോഞ്ച് തുടങ്ങിയവയാണ് നിറച്ചിരിക്കുന്നത്.
സാധാരണയായി കുളത്തിൽ അഴുക്ക് അടിഞ്ഞു കൂടുമ്പോഴാണ് അമോണിയ ഉണ്ടാക്കുന്നത്. കുളത്തിൽ അഴുക്ക് അടിച്ചുകൂടാതിരിക്കുക എന്ന തത്വമാണ് ഇവിടെ പ്രാവർത്തികമാക്കിയിരിക്കുന്നത്.
രണ്ട് വീപ്പകളെ കൂടാതെ ഒരു പെയിന്റ് ബക്കറ്റും ഈ ശുദ്ധീകരണ പ്രക്രിയയിൽ ഉപയോഗിച്ചിട്ടുണ്ട്. ഈ ബക്കറ്റിൽ പച്ചക്കയും സ്പോഞ്ചുമാണ് ശുദ്ധീകരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
ശുദ്ധീകരണ പ്രക്രിയ
പടുതാക്കുളത്തിലെ അഴുക്ക് വെള്ളം പൈപ്പ് വഴി ആദ്യത്തെ ബക്കറ്റിലേക്ക് വരുന്നു. അവിടെവച്ച് പായൽ പോലുള്ള അഴുക്കുകളെ പച്ചകക്കയും സ്പോഞ്ചും ചേർന്ന് ആഗീരണം ചെയ്യുന്നു. ബാക്കിയുള്ള അഴുക്കുകളെ ആദ്യത്തെ വീപ്പയിൽ ശുദ്ധീകരണം ചെയ്യുന്നു. ആദ്യത്തെ ബക്കറ്റിൽ നിന്ന് ശുദ്ധീകരിച്ചു വരുന്ന വെള്ളം ആദ്യത്തെ വിപിയുടെ അടിവശത്തേക്ക് പൈപ്പ് വഴി പോകുന്നു. അവിടെ നിന്ന് തട്ടുതട്ടായി ശുദ്ധീകരിച്ച് മുകളിലേക്ക് വരുന്ന വെള്ളം അഴുക്ക് കുറഞ്ഞതാകുന്നു.
ആദ്യത്തെ വീപ്പയിൽ നിന്ന് ശുദ്ധീകരിച്ച വെള്ളം പൈപ്പ് വഴി രണ്ടാമത്തെ വീപ്പയിലേക്ക് പോകുന്നു. ആദ്യത്തേത് പോലെ തന്നെ ഇതിൽ കുളത്തിലെ വെള്ളത്തെ പരിപൂർണ്ണമായി ശുദ്ധീകരിക്കുന്നു. ഇങ്ങനെ പരിപൂർണ്ണമായി ശുദ്ധീകരിച്ച വെള്ളം തിരിച്ചു കുളത്തിലേക്ക് തന്നെ പോകുന്നു.
ഇങ്ങനെ വെള്ളത്തെ റീസൈക്ലിങ് ചെയ്യുന്നത് വഴി കുളത്തിൽ അഴുക്കുകൾ തങ്ങിനിൽക്കുന്നില്ല. അതിനാൽ അമോണിയത്തിന്റെ അതിപ്രസരവും കുളത്തിൽ ഉണ്ടാകുന്നില്ല. മീനുകൾക്ക് നല്ല വളർച്ചയും ലഭിക്കുന്നു.
ഈ സംവിധാനത്തിന്റെ ഗുണങ്ങൾ
സാധാരണ ഓക്സിജൻ അത്യാവശ്യമായ മറ്റു മത്സ്യകൃഷി രീതികളിൽ ഒരു മണിക്കൂർ നേരം ഓക്സിജൻ നിന്നു പോയാൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പോകുന്നു.
എന്നാൽ ഇവിടെ ഒന്ന് രണ്ട് ദിവസം ഓക്സിജൻ ഇല്ലേലും മത്സ്യങ്ങൾക്ക് ഒരു ഹാനിയും ഉണ്ടാകുന്നില്ല.
നിരന്തരം വെള്ളം ശുദ്ധീകരണം നടക്കുന്നതിനാൽ കുളത്തിൽ അമിതമായ രീതിയിൽ അമോണിയം ഉണ്ടാകുന്നില്ല.
പടുതാക്കളത്തിൽ തയ്യാറാക്കിയിരിക്കുന്ന മറ്റു ബദൽ സംവിധാനങ്ങൾ
മൂന്ന് മോട്ടോറുകൾ ആണ് മത്സ്യകൃഷിയിൽ ഉപയോഗിച്ചിരിക്കുന്നത്
വെള്ളത്തില് ഓളം ഉണ്ടാവാൻ , വെള്ളത്തിൽ ഓക്സിജൻ നൽകാനും, വെള്ളം അടിച്ചു കേറ്റാനും ആണ് മോട്ടോറുകൾ ഉപയോഗിച്ചിരിക്കുന്നത്
ജയമോഹന്റെ അഭിപ്രായത്തിൽ ഇവിടെ ഒറ്റത്തവണ മാത്രം നിക്ഷേപം ഉള്ളതിനാൽ മൂന്ന് വിളവെടുപ്പിലൂടെ തന്നെ ലാഭം നിക്ഷേപം തിരിച്ച് കിട്ടുകയും ലാഭം ഉണ്ടാവുന്നതുമാണ്. തിലാപ്പിയ ആണ് ഇവിടെ കൃഷി ചെയ്യുന്നത്.
തിലാപ്പിയക്ക് നല്ല വളർച്ചയും നല്ല ഡിമാൻഡും ഈ കൃഷി രീതിയിലൂടെ ലഭിക്കുന്നുണ്ടെന്ന് തന്റെ അനുഭവം സാക്ഷ്യമാക്കി അദ്ദേഹം പറഞ്ഞു.
700 മീനുകൾ കൃഷി ചെയ്യുന്ന ഒരു കർഷകന് 75,000 രൂപ വരെ ഒറ്റവിളവെടുപ്പിൽ നിന്ന് തന്നെ ലഭിക്കുമെന്ന് മത്സ്യകൃഷി വിദഗ്ധനായ തച്ചൻകോട് മനോഹരൻ നായർ പറഞ്ഞു. ചെലവ് കുറച്ച് നല്ല രീതിയിൽ വിളവ് നേടാൻ കർഷകരെ സഹായിക്കുന്ന നൂതനമായ മത്സ്യകൃഷി രീതിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Phone - 9446217255, 9495568619