മുപ്പതു വർഷത്തിനു മേൽ പ്രായമുള്ള തെങ്ങിൻതോപ്പിൽ ബന്ദി, കോഴിപ്പൂവ്, വാടാമല്ലി,സൂര്യകാന്തി തുടങ്ങിയ വാർഷിക പൂച്ചെടികൾ ആദായകരമായിത്തന്നെ വളർത്താമെന്ന് കേന്ദ്രതോട്ട വിളഗവേഷണസ്ഥാപനത്തിന്റെ കായംകുളം പ്രാദേശിക കേന്ദ്രത്തിൽ നടന്ന കൃഷിയിട പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. വർഷം മുഴുവൻ കൃഷി ചെയ്യാമെങ്കിലും മഴ കുറയുന്ന സമയത്താണ് കൂടുതൽ വിളവ് കിട്ടുക.
പൂക്കൾക്ക് ഏറ്റവുമധികം ഡിമാന്റുള്ള ഡിസംബർ - മാർച്ച് കാലയളവിലേക്ക് പൂക്കൾ കിട്ടാൻ ആഗസ്റ്റ് - സെപ്റ്റംബർ മാസം വിത്തു പാകണം. വിളഞ്ഞുണങ്ങുന്ന പൂക്കളിൽ നിന്ന് വിത്തെടുക്കാം. അതല്ലെങ്കിൽ മികച്ച പൂച്ചെടി വിത്തുകൾ ഇന്ന് ധാരാളം വാങ്ങാനും കിട്ടും. ആഴം കുറഞ്ഞ പരന്ന ചട്ടികളിലോ ട്രേകളിലോ വിത്ത് പാകുക. ഒരു പത്രക്കടലാസു കൊണ്ട് ചട്ടി മൂടിയാൽ അതിൽ ആവശ്യത്തിന് ഈർപ്പവും ഊഷ്മാവും നിലനിൽക്കും. വിത്ത് മുളയ്ക്കുമ്പോൾ ഇത് മാറ്റി ചട്ടി ഇളംവെയിലത്തേക്കും രണ്ടു ദിവസം കഴിഞ്ഞ് നല്ല വെയിലത്തേക്കും മാറ്റാം. ദിവസവും നനയ്ക്കണം.
തെങ്ങിൻ ചുവട്ടിൽ നിന്ന് 2 മീറ്റർ അകലത്തിൽ അര അടി പൊക്കത്തിൽ ഞാറ്റടിയൊരുക്കണം. തൈചീയൽ പോലുള്ള കുമിൾരോഗങ്ങൾ തടയാൻ മണ്ണ് സൂര്യപ്രകാശം ഏൽപ്പിച്ച് ചൂടാക്കുകയോ ഏതെങ്കിലും കുമിൾനാശിനി ഉപയോഗിച്ച് മണ്ണ് കുതിർക്കുകയോ വേണം.
മണ്ണ് ചൂടാക്കാനെങ്കിൽ ഒരു ചതുരശ്രമീറ്റർ സ്ഥലത്തിന് 20 മില്ലി ഫോർമാലിൻ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി മണ്ണിലൊഴിച്ച് പ്ലാസ്റ്റിക് ചാക്കുകൊണ്ട് രണ്ടു ദിവസം മൂടണം. മണ്ണു വഴി പകരുന്ന രോഗകീടങ്ങളെ ഇങ്ങനെ നശിപ്പിക്കാം. കിളച്ചൊരുക്കിയ കൃഷിയിടത്തിൽ ചതുരശ്രമീറ്ററിന് അഞ്ചുകിലോ ഉണങ്ങിയ ചാണകവും കാൽ കിലോ എല്ലുപൊടിയും ചേർത്ത് മണ്ണ് നിരപ്പാക്കണം.
നാലില പ്രായമായ തൈകൾ വേരു പൊട്ടാതെ ഇളക്കിയെടുത്ത് ഒന്നര-രണ്ടടി അകലത്തിൽ നടണം. ആവശ്യത്തിന് നനയ്ക്കുക. 5 കിലോ ഉണങ്ങിയ ചാണം. ഒരു കിലോ കടലപ്പിണ്ണാക്ക്, ഒരു പിടി 17:17:17 രാസവള മിശ്രിതം, എന്നിവ 25 ലിറ്റർ വെള്ളത്തിൽ കലർത്തി ഒരാഴ്ച വയ്ക്കുക. ഇതിൽ നിന്ന് ആവശ്യത്തിനെടുത്ത് പത്തിരട്ടി വെള്ളം ചേർത്തു നേർപ്പിച്ച് രണ്ടാഴ്ചയിൽ ഒരിക്കൽ ചെടികൾക്ക് ഒഴിച്ചു കൊടുക്കണം. ഇത് ചെടികളുടെ കരുത്തുള്ള വളർച്ചയ്ക്ക് ഉപകരിക്കും.