Updated on: 30 April, 2021 9:21 PM IST

വീട്ടിൽ പശുക്കളെ വളർത്തുന്നുണ്ടെങ്കിൽ തീർച്ചയായും തീറ്റപ്പുൽ വളർത്തിയിരിക്കണം. 

പശുവളർത്തലിന്റെ ചെലവിൽ 70 ശതമാനവും തീറ്റയ്ക്കാണു മുടക്കുന്നത് പശുവിന്റെ ആരോഗ്യവും മികച്ച പാലുൽപാദനവും ഉറപ്പാക്കാൻ തീറ്റപ്പുല്ല് കൊടുക്കേണ്ടതുണ്ട്. തീറ്റച്ചെലവുകുറയ്ക്കാനും ഇത് സഹായിക്കും  വൈക്കോലും കാടിയും മാത്രം നൽകി പശുക്കളെ വളത്തിയിരുന്ന കാലം മാറി, വൈക്കോൽ ശരീരത്തിന് തീരെ ഗുണം ചെയ്യുന്ന ഒന്നല്ല. പച്ചപുല്ലിന് വളരെയേറെ ക്ഷാമം നേരിടുന്ന ഈ അവസ്‌ഥതയിൽ വീട്ടുവളപ്പിൽ തന്നെ പച്ചപ്പുൽ നട്ടു  വളർത്തുന്നതാണ് ഉത്തമം.


തെങ്ങിൻതോപ്പിൽ ഇടവിളയായി പുൽകൃഷി ചെയ്യാം. വരമ്പത്തും കനാലിന്റെ ഓരത്തും തരിശായി കിടക്കുന്ന സ്ഥലത്തും. വരമ്പത്തും കനാലിന്റെ ഓരത്തും തരിശായി കിടക്കുന്ന സ്ഥലത്തും പുല്ലു നടാം. നെൽപ്പാടങ്ങളിൽ മൂന്നാം വിളയായി പയർ, ചോളം തുടങ്ങിയ ഹ്രസ്വകാല വിളകൾ കൃഷി ചെയ്യാം. ഉൽപാദനം കൂടിയ സി.ഒ–3, സി.ഒ–4 തുടങ്ങിയ തീറ്റപ്പുല്ലിനങ്ങൾ ഇപ്പോൾ ലഭ്യമാണ്. തമിഴ്നാട് കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത ഈയിനങ്ങൾ 15 സെന്റിൽ കൃഷി ചെയ്താൽ ഒരു പശുവിനു ദിവസം തോറും പുല്ല് നൽകാനാകും.

 

വളരെ ലളിതമാണ് തീറ്റപ്പുൽ കൃഷി രീതി നന്നായി ഉഴുതു നിരപ്പാക്കിയ മണ്ണിൽ വളങ്ങൾ ചേർത്ത് ചെറിയ കുഴികൾ എടുത്തു അതിൽ കമ്പുകൾ നടാം. തണ്ട് മുറിച്ചു നട്ടോ, വേരുപിടിപ്പിച്ച ചിനപ്പുകൾ നട്ടോ ആണ് തീറ്റ പുല്ലു വളർത്തേണ്ടത്. വിത്ത് വിതച്ചതുകൊണ്ട് ചില പുല്ലുകൾ വളരില്ല. മൂന്നു മാസം മൂപ്പുള്ള തണ്ടിൽ നിന്നാണ് നടീൽ വസ്തു ശേഖരിക്കേണ്ടത്. ഒരു വർഷത്തിനു മേൽ പ്രായമായ കട ഇളക്കി, 15-20 സെന്‍റീമീറ്റർ നീളത്തിൽ തണ്ടോടുകൂടി വേർപെടുത്തിയ വേരുകളുള്ള ചിനപ്പുകളും നടീൽ വസ്തുവായി ഉപയോഗിക്കാം..

 

ജലസേചനവും, കളനിയന്ത്രണവും സമയ സമയങ്ങളിൽ നടത്തണം  

 

തീറ്റപ്പുൽ കൃഷി രീതി

 

നട്ട് 75 – 90 ദിവസം ആകുന്പോഴേക്കും പുല്ല് അരിഞ്ഞെടുക്കാൻ പാകമാകും. ചുവട്ടിൽ 15-20 സെന്‍റീമീറ്റർ കട നിർത്തിയതിനുശേഷം വേണം അരിഞ്ഞെടുക്കാൻ. തുടർന്ന് 30-35 ദിവസത്തിനകം വിളവെടുക്കാം. ജലസേചന സൗകര്യമുള്ള സ്ഥലത്തു നിന്ന് ഒരു വർഷം 8-10 പ്രാവശ്യം വരെ പുല്ല് അരിഞ്ഞെടുക്കാൻ സാധിക്കും. വേണ്ടത്ര പോഷക ഗുണം ലഭിക്കുന്നതിനു വേണ്ടി പുല്ല് കൃത്യസമയത്തുതതന്നെ മുറിച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മൂപ്പു കൂടിയാൽ തണ്ടിന്‍റെ ഉറപ്പുകൂടുകയും, നീരു കുറയുകയും ചെയ്യുന്നു. തണ്ട്, ചെറിയ കഷണങ്ങളാക്കി അരിഞ്ഞു കൊടുത്താൽ, തീറ്റ പാഴാക്കിക്കളയുന്നത് പരമാവധി ഒഴിവാക്കുവാൻ സാധിക്കും. വിവിധ ഇനകളുടെ  പ്രത്യേകത അനുസരിച്ചു വിളവെടുപ്പ് കാലത്തിൽ വ്യത്യാസം ഉണ്ടായിരിയ്ക്കും 

 

തീറ്റപ്പുൽകൃഷി വ്യാപിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ക്ഷീരവികസന വകുപ്പ് തീറ്റപ്പുൽകൃഷി വ്യാപന പദ്ധതി നടത്തിവരുന്നു. തീറ്റപ്പുൽകൃഷിക്ക് ധനസഹായവും സൗജന്യമായി പുൽവിത്തും നടീൽവസ്തുക്കളും ക്ഷീരവികസന വകുപ്പ് നൽകുന്നുണ്ട്


കേരളത്തിൽ അഞ്ചു ലക്ഷം ക്ഷീരകർഷകരുണ്ട്. ഇതിൽ തീറ്റപ്പുൽകൃഷി നടത്തുന്നവരെ സംബന്ധിച്ച് ലാഭം ചുരത്തുന്ന ഒരു കാമധേനു തന്നെയാണിത്. അമേരിക്കയിലെ, ദേശീയ കാർഷിക ഗവേഷണ കൗണ്‍സിലിന്‍റെ ശിപാർശപ്രകാരം ഒരു കറവപ്പശുവിന്‍റെ തീറ്റയിൽ ചുരുങ്ങിയത് 25 മുതൽ 33 ശതമാനം വരെ നാര്, ന്യൂട്രൽ ഡിറ്റർജന്‍റ് ഫൈബർ(എൻഡിഎഫ്) രൂപത്തിൽ അടങ്ങിയിരിക്കണം. ഇതിൽ 75 ശതമാനം പരുഷാഹാരത്തിൽ നിന്നു വരണം.


ആഹാരക്രമീകരണം

പശുവിന് ഒരു ദിവസം നൽകേണ്ട ചിട്ടപ്പെടുത്തിയ ആഹാരക്രമമാണ് ശാസ്ത്രീയ ആഹാരക്രമീകരണം. 10 മുതൽ 15 ലിറ്റർ വരെ പാൽ തരുന്ന പശുവിന് 60 ശതമാനം സാന്ദ്രീകൃതാഹാരമായ കാലിത്തീറ്റയ്ക്കു പുറമെ, 40 ശതമാനം പരുഷാഹാരവും കൊടുത്താൽ മാത്രമേ 25-33 ശതമാനം നാര് പശുവിനു ലഭിക്കൂ .

 

പരുഷാഹാരത്തിന്‍റെ പ്രാധാന്യം

കൂടുതൽ നാരടങ്ങിയ പച്ചപ്പുല്ല്, പയറുവർഗച്ചെടികൾ, വൈക്കോൽ തുടങ്ങിയവയെയാണ് പരുഷാഹാരമെന്നു പറയുന്നത്. പശുവിന്‍റെ ആമാശയത്തിന്‍റെ വലിയ അറയായ റുമൻ നിറഞ്ഞിരിക്കുന്നതിനും, ശരിയായ ദഹനപ്രക്രിയ നടക്കുന്നതിനും പരുഷാഹാരം കൂടിയേ തീരൂ. വൈക്കോൽ പരുഷാഹാരമാണെങ്കിലും പോഷകാംശം തീരെയില്ല. പ്രകൃതിദത്ത പോഷകങ്ങളടങ്ങിയ പച്ചപ്പുല്ല് നല്ലൊരു പരുഷാഹാരമാണ്. 20 കിലോ പച്ചപ്പുല്ല് ഒരുകിലോ കാലിത്തീറ്റക്കു പകരം വയ്ക്കാം. ലാഭകരമായ പാലുത്പാദനത്തിൽ പച്ചപ്പുല്ല് ഒഴിച്ചു കൂടാനാവാത്തതാണ്.

പുല്ലുകൾ

കന്നുകാലികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു തീറ്റയാണ് പച്ചപ്പുല്ല്. ശരാശരി 1.5 ശതമാനം മൊത്ത പചനീയ മാംസ്യവും, 14 ശതമാനം മൊത്ത പചനീയ ഉൗർജവുമുണ്ട്. കാൽസ്യം, വിവിധ സൂക്ഷ്മ ധാതുക്കൾ, ബി ജീവകങ്ങൾ എന്നിവയും ജീവകം എയും പുല്ലുകളിലുണ്ട്. പച്ചപ്പുല്ല് കഴിച്ചു വളരുന്ന പശുക്കളുടെ ഉത്പാദനക്ഷമതയും പ്രത്യുത്പാദനക്ഷമതയും കൂടുതലായിരിക്കും.

തനിവിളയായോ, തെങ്ങ്, കവുങ്ങ് തോട്ടങ്ങളിൽ ഇടവിളയായോ പുല്ലുകൃഷി ചെയ്യാം. പാടവരന്പുകളിലും, അതിരുകളിലുമെല്ലാം തീറ്റപ്പുല്ലിന് ഇടം കണ്ടെത്താം.

കേരളത്തിനു പറ്റിയ ഇനങ്ങൾ, കൃഷിരീതി

1. നേപ്പിയർ പുല്ല് അഥവാ ആനപ്പുല്ല്
ഏറ്റവും ഉയരത്തിൽ വളരുന്ന ഒരു പുല്ലിനമാണ് നേപ്പിയർ. ഈ പുല്ല് വളർന്നു നിൽക്കുന്നതിനിടയിൽ ഒരു ആന നിന്നാൽ പോലും കാണില്ലത്രേ. തനിവിളയായി മാത്രം കൃഷിചെയ്യാവുന്ന ഒരിനമാണ് നേപ്പിയർ. നേപ്പിയറിന്‍റെയും ബാജ്റയുടെയും സങ്കരയിനം പുല്ലായ സങ്കരനേപ്പിയറാണ് പുൽകൃഷിയിൽ പ്രചുരപ്രചാരം സിദ്ധിച്ച പുല്ലിനം. കോയന്പത്തൂർ കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത സങ്കരനേപ്പിയർ പുല്ലിനങ്ങളാണ് സിഒ1, സിഒ2, സിഒ3, സിഒ 4, സിഒ5 എന്നിവ. ഇതിൽ വളരെ വേഗം വളരുന്നതും, ഉയർന്ന വിളവു തരുന്നതുമായ സിഒ 3 യാണ് ക്ഷീരകർഷകരുടെ ഇടയിൽ ഏറ്റവും പ്രചാരം നേടിയിട്ടുള്ളത്. അടുത്തയിട പുറത്തിറങ്ങിയ സിഒ നാലും സിഒ അഞ്ചും കർഷകരുടെ ഇടയിൽ പ്രചാരം നേടി വരുന്നു.

നിലമൊരുക്കൽ

നന്നായി ഉഴുതുമറിച്ച് കളകൾ മാറ്റി കട്ടകൾ ഉടച്ച്, മണ്ണ് നിരപ്പാക്കണം. അതിനു ശേഷം 60 മുതൽ 75 സെന്‍റീമീറ്റർ അകലത്തിൽ 15 സെന്‍റീമീറ്റർ വീതിയിലും 20 സെന്‍റീമീറ്റർ താഴ്ചയിലും ചാലുകളെടുക്കണം. ഈ ചാലുകളിൽ അടിവളം ചേർത്ത് മണ്ണിട്ടു മൂടി, 15 സെന്‍റീമീറ്റർ ഉയരത്തിൽ വരന്പുകളാക്കി മാറ്റുന്നു. ഈ വരന്പുകളിൽ 50 മുതൽ 75 വരെ സെന്‍റിമീറ്റർ വരെ അകലത്തിലാണ് തണ്ടു നടേണ്ടത്. നിശ്ചിത അകലത്തിൽ ചെറിയ കുഴികളെടുത്ത് അതിൽ അടിവളം ചേർത്ത് മണ്ണിട്ടു മൂടിയതിനുശേഷവും നടാം.

നടീൽ വസ്തുക്കൾ

തണ്ട് മുറിച്ചു നട്ടോ, വേരുപിടിപ്പിച്ച ചിനപ്പുകൾ നട്ടോ ആണ് സങ്കരനേപ്പിയർ പുല്ല് വളർത്തേണ്ടത്. വിത്ത് വിതച്ചതുകൊണ്ട് ഈ പുല്ല് വളരില്ല. കാരണം, സങ്കരനേപ്പിയറിന്‍റെ വിത്തുകൾ വന്ധ്യമാണ് -നട്ടാലും മുളയ്ക്കില്ല.

മൂന്നു മാസം മൂപ്പുള്ള തണ്ടിൽ നിന്നാണ് നടീൽ വസ്തു ശേഖരിക്കേണ്ടത്. ഇളംതല മാറ്റിയതിനുശേഷം രണ്ടു മുട്ടുള്ള കഷണങ്ങളായി മുറിച്ചെടുത്തതണ്ട്, നിശ്ചിത അകലത്തിൽ ഏതാണ്ട് 45 ഡിഗ്രി ചെരിച്ച്, ഒരു മുട്ടെങ്കിലും മണ്ണിനടിയിൽ പോകത്തക്കവിധം നടണം. വെള്ളക്കെട്ടില്ലാത്ത ഉയർന്ന പ്രദേശങ്ങളിൽ തണ്ട് മണ്ണിൽ കിടത്തി നടാം. ഇങ്ങനെ നടുന്പോൾ ഒരു മുട്ടുള്ള തണ്ടിൻ കഷണവും ഉപയോഗിക്കാം. മുളച്ചു പൊങ്ങിവരുന്പോൾ മുട്ടു നീക്കിക്കൊടുക്കണം.

ഒരു വർഷത്തിനു മേൽ പ്രായമായ കട ഇളക്കി, 15-20 സെന്‍റീമീറ്റർ നീളത്തിൽ തണ്ടോടുകൂടി വേർപെടുത്തിയ വേരുകളുള്ള ചിനപ്പുകളും നടീൽ വസ്തുവായി ഉപയോഗിക്കാം. ഇപ്രകാരം നടുന്ന കടകൾ വളരെ വേഗം വേരു പിടിച്ചു കിട്ടുമെങ്കിലും, കടയിളക്കി ചിനപ്പുകൾ വേർപെടുത്തി എടുക്കുന്നത് അൽപം ശ്രമകരമാണ്. നടുന്പോൾ വരികൾ തമ്മിലും ഒരേ വരിയിലെ കടകൾ തമ്മിലും 60-75 സെന്‍റീമീറ്റർ വരെ അകലം ഉണ്ടാകാൻ ശ്രദ്ധിക്കണം. ഒരു സെന്‍റിൽ നടുന്നതിന് ഏകദേശം 100 തണ്ട് കട മതിയാകും.

ജലസേചനം

മഴയില്ലാത്ത അവസരത്തിൽ ആഴ്ചയിലൊരിക്കൽ ജലസേചനം നടത്തണം. മഴക്കാലത്തിനുശേഷം നടുന്ന അവസരത്തിൽ തണ്ട് മണ്ണിന് സമാന്തരമായി കിടത്തി നട്ട് ചപ്പുചവറുകൾക്കൊ ണ്ട് പുതയിടുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും.

കളനിയന്ത്രണം

ആദ്യത്തെ മാസം, ഒന്നു-രണ്ടുപ്രാവശ്യം കളകൾ നീക്കം ചെയ്ത് പുല്ലിനു വേണ്ടത്ര വളർച്ച ഉറപ്പുവരുത്തണം. നന്നായി വളർന്നു കഴിഞ്ഞാൽ കളകൾ അമർച്ച ചെയ്യാൻ സങ്കരനേപ്പിയറിനു കഴിയുമെന്നതിനാൽ കളകൾ വലിയ പ്രശ്നമാകാറില്ല.

വളപ്രയോഗം

നടുന്നതിനു മുന്പ് അടിവളമായി ഹെക്ടർ ഒന്നിന് 20 ടണ്‍ (ഒരു സെന്‍റിൽ 80 കിലോഗ്രാം) കോഴിക്കാഷ്ഠം, ആട്ടിൻകാഷ്ഠം എന്നിവയിൽ ഏതെങ്കിലും മണ്ണിൽ ചേർത്തുകൊടുക്കണം. ഇതോടൊപ്പം 250 കിലോ മസൂറിഫോസും (ഒരു സെന്‍റിന് ഒരു കിലോഗ്രാം) 85 കിലോഗ്രാം മ്യൂറേറ്റ് ഓഫ് പൊട്ടാഷും (ഒരു സെന്‍റിന് 350 ഗ്രാം) ചേർക്കണം. വർഷത്തിൽ നാലു പ്രാവശ്യം പുല്ല് അരിഞ്ഞതിനുശേഷം ഹെക്ടറിന് 100 കിലോഗ്രാം (ഒരു സെന്‍റിന് 400 ഗ്രാം) എന്ന തോതിൽ യുറിയ നൽകുന്നതു വളർച്ച ത്വരിതപ്പെടുത്തും. തൊഴുത്തു കഴുകിയ വെള്ളവും ഗോമൂത്രവും പുല്ലിൽ കണ്ടത്തിലേക്ക് ഒഴുക്കി വിടാൻ സൗകര്യമുള്ള സ്ഥലത്ത് മേൽവളമായി യൂറിയ നൽകേണ്ട ആവശ്യമില്ല.

 

വിളവെടുപ്പ്

നട്ട് 75 – 90 ദിവസം ആകുന്പോഴേക്കും പുല്ല് അരിഞ്ഞെടുക്കാൻ പാകമാകും. ചുവട്ടിൽ 15-20 സെന്‍റീമീറ്റർ കട നിർത്തിയതിനുശേഷം വേണം അരിഞ്ഞെടുക്കാൻ. തുടർന്ന് 30-35 ദിവസത്തിനകം വിളവെടുക്കാം. ജലസേചന സൗകര്യമുള്ള സ്ഥലത്തു നിന്ന് ഒരു വർഷം 8-10 പ്രാവശ്യം വരെ പുല്ല് അരിഞ്ഞെടുക്കാൻ സാധിക്കും. വേണ്ടത്ര പോഷക ഗുണം ലഭിക്കുന്നതിനു വേണ്ടി പുല്ല് കൃത്യസമയത്തുതതന്നെ മുറിച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മൂപ്പു കൂടിയാൽ തണ്ടിന്‍റെ ഉറപ്പുകൂടുകയും, നീരു കുറയുകയും ചെയ്യുന്നു. തണ്ട്, ചെറിയ കഷണങ്ങളാക്കി അരിഞ്ഞു കൊടുത്താൽ, തീറ്റ പാഴാക്കിക്കളയുന്നത് പരമാവധി ഒഴിവാക്കുവാൻ സാധിക്കും.

ഉത്പാദനക്ഷമത

നന്നായി പരിപാലിച്ചാൽ ഒരു വർഷം ഒരു ഹെക്ടറിൽ നിന്നും 350 മുതൽ 400 ടണ്‍ വരെ പച്ചപ്പുല്ല് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇനങ്ങളാണ് സിഒ 3, സിഒ 4, സിഒ 5 എന്നിവ. ഒരു പശുവിന് ഒരു ദിവസം 25 മുതൽ 30 കിലോ വരെ പച്ചപ്പുല്ല് ആവശ്യമുണ്ട്. ഉത്പാദനക്ഷമതയുള്ള ഒരു ചെടിയിൽ നിന്ന് ഒരു പ്രാവശ്യം 5-6 കിലോഗ്രാം പച്ചപ്പുല്ല് കിട്ടും. ഒരു ദിവസം 4-5 ചുവട് അരിഞ്ഞെടുത്താൽ ഒരു പശുവിനു വേണ്ട പുല്ലാകും. സാധാരണയായി ഒരു സെന്‍റിൽ ഉദ്ദേശം 100 ചുവട് ഉണ്ടാകും. മൂന്നാഴ്ചത്തേക്കുള്ള പുല്ല്. ഇപ്രകാരം, നല്ല സൂര്യപ്രകാശം കിട്ടുന്ന മൂന്നു സെന്‍റ് സ്ഥലത്ത് സങ്കരനേപ്പിയർ പുല്ല് കൃഷി ചെയ്താൽ ഒരു പശുവിനെ വളർത്താനുള്ള തീറ്റപ്പുല്ല് ലഭിക്കും.

2. ഗിനിപ്പുല്ല്

നമ്മുടെ നാട്ടിലെ എല്ലാത്തരം മണ്ണിനും യോജിച്ചതും കന്നുകാലികൾ ഇഷ്ടപ്പെടുന്ന ഒരു പുല്ലിനവുമാണിത്. തെങ്ങിൻ തോപ്പുകളിൽ ഇടവിളയായും, മറ്റു പുല്ലുകളുമായി ഇടകലർത്തിയും ഇതുകൃഷിചെയ്യാം. വേരോടു കൂടിയ കടകൾ ഉപയോഗിച്ചും, വിത്തു വിതച്ചും കൃഷി ചെയ്യാൻ കഴിയും. നട്ട് 70-80 ദിവസം കഴിഞ്ഞും പിന്നീട് 40-45 ദിവസം ഇടവിട്ടും വളർച്ചയനുസരിച്ച് പുല്ലരിഞ്ഞെടുക്കാവുന്നതാണ്. ജലസേചനമുണ്ടെങ്കിൽ ഒരു ഹെക്ടറിന് ഏകദേശം 100 ടണ്‍ വരെ വിളവ് ഒരു വർഷം കിട്ടും. തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി കൃഷി ചെയ്യുന്പോൾ 40-50 ടണ്‍ വരെ പുല്ല് കിട്ടും.

3. പാരാപ്പുല്ല് അഥവാ എരുമപ്പുല്ല്

നല്ല ഈർപ്പവും വെള്ളക്കെട്ടുമുള്ള സ്ഥലങ്ങളിൽ കൃഷി ചെയ്യാൻ ഏറ്റവും അന

യോജ്യമാണിത്. അതുകൊണ്ടാണ് ഇതിന് എരുമപ്പുല്ലെന്നു പറയുന്നത്. തണ്ടുകൾ മുറിച്ചു നട്ട് ഈ പുല്ല് കൃഷിചെയ്യാം. നട്ടു കഴിഞ്ഞാൽ ഇടൻ തന്നെ തറനനയ്ക്കണം. തറയിൽ പടർന്നു വളരുന്ന ഈ പുല്ലിന്‍റെ ഉത്പാദനം മറ്റു പുല്ലുകളേക്കാൾ കുറവാണ്.

4. കോംഗോസിഗ്നൽ

എരുമപ്പുല്ലിന്‍റെ വർഗത്തിൽ തന്നെപെട്ടതാണീ പുല്ലെങ്കിലും വെള്ളക്കെട്ടില്ലാത്ത സ്ഥലത്തു മാത്രമേ ഇതു വളർത്താവൂ. ഏതുതരം മണ്ണിനും യോജിച്ചതും കന്നുകാലികൾ വളരെ ഇഷ്ടപ്പെടുന്നതുമായ ഒരു പുല്ലിനമാണിത്. വെള്ളം കെട്ടി നിന്നാൽ കോംഗോ പുല്ല് നശിച്ചുപോകമെന്നകാര്യം പ്രത്യേകം ശ്രദ്ധിക്കണം. പാരാ പുല്ലിനെ പോലെ, തണ്ട് തറയിലൂടെ ഇഴഞ്ഞ് മുട്ടുകളിൽ നിന്ന് മുകളിലേക്കു വളരുന്നു. തെങ്ങിൻ തോപ്പുകളിൽ ഇടവിളയായും നടാവുന്നതാണ്. വിത്ത് വിതച്ചോ, തൈ, തണ്ട് എന്നിവ നട്ടോ പ്രസരണം നടത്താം. ഒരു ഹെക്ടറിൽ നടാൻ ആറു മുതൽ എട്ടു കിലോഗ്രാം വിത്ത് ആവശ്യമാണ്. ഒരു സെന്‍റീമീറ്റർ താഴ്ചയിൽ മണ്ണിനടിയിൽ പോകത്തക്ക രീതിയിൽ വേണം വിത്തു വിതയ്ക്കാൻ. 60 ദിവസത്തിനുശേഷവും പിന്നീട് 30-40 ദിവസം ഇടവിട്ടും, വളർച്ചയ്ക്കനുസരിച്ച് പുല്ല് അരിഞ്ഞെടുക്കാവുന്നതാണ്. നല്ല ജലസേചന സൗകര്യമുണ്ടെങ്കിൽ 80 ടണ്‍ വിളവ് ഒരു ഹെക്ടറിൽ നിന്നും ലഭിക്കും. തണ്ടിനെ അപേക്ഷിച്ച് ഇലയുടെ അനുപാതം കൂടുതലുള്ള ഈ പുല്ല്, ഉണക്കി സൂക്ഷിക്കാൻ വളരെ യോജിച്ചതാണ്. ഇത്തരത്തിൽ ഉണക്കി സൂക്ഷിക്കുന്ന പുല്ലിന് ഹേ എന്നു പറുയുന്നു.

പയർവർഗചെടികൾ

പുല്ലുകളെ അപേക്ഷിച്ച് കൂടുതൽ പോഷകമൂല്യമുള്ളതാണ് പയർവർഗ ചെടികൾ. പുല്ലിനേക്കാൾ രണ്ടര ഇരട്ടിയിലധികം മാംസ്യവും അത്രതന്നെ ഉൗർജവും ഇവയിൽ അടങ്ങിയിട്ടുണ്ട്. നാലു ശതമാനം മൊത്ത പചനീയ മാംസ്യവും, 14 ശതമാനം മൊത്ത പചനീയ ഉൗർജവും. ധാതുക്കൾ, ജീവകങ്ങൾ എന്നിവയുടെ ലഭ്യതയിലും ഇവ പുല്ലുകളേക്കാൾ മെച്ചപ്പെട്ടതാണ്. പ്രത്യേകിച്ചും കാത്സ്യത്തിന്‍റെ ലഭ്യതയിൽ. ഏകദേശം എട്ടു കിലോ പയർവർഗ ചെടികൾ ഒരു കാലിത്തീറ്റയ്ക്കു സമാനമാണ്. അതിനാൽ പയർവർഗ ചെടികൾ തീറ്റയിൽ ഉൾപ്പെടുത്തുന്നത് കാലിത്തീറ്റയുടെ അളവു കുറയ്ക്കുവാനും തീറ്റച്ചെലവു കുറയ്ക്കുക വഴി കൂടുതൽ ലാഭം നേടുവാനും സഹായിക്കും.

നമ്മുടെ നാടിനും മണ്ണിനും കാലാവസ്ഥയ്ക്കും യോജിച്ച രണ്ടു പയർവർഗചെടികളാണ് വൻപയറും തോട്ടപ്പയറും. നല്ല ജലസേചന സൗകര്യമുണ്ടെങ്കിൽ ഏകദേശം 15 ടണ്‍ വിളവ് ഒരു ഹെക്ടറിൽ നിന്നും ലഭിക്കും. സാധാരണയായി പശുക്കൾക്ക് പയർവർഗ ചെടികൾ അത്ര ഇഷ്ടമില്ല. എങ്കിലും ശീലിച്ചു കഴിഞ്ഞാൽ അവ വളരെ ഹൃദ്യമായി ഭക്ഷിക്കുന്നുതു കാണാം. പയർവ ർഗ ചെടികൾ പ്രത്യേകമായോ, പുല്ലിനോട് ചേർത്ത് കൂട്ടുകൃഷിയോ ചെയ്യാവുന്നതാണ്.

ധാന്യവിളകൾ

കൂടുതൽ വിളവു തരുന്നതും, കാലിത്തീറ്റയുടെ യോജിച്ചതുമായ ഹ്രസ്വകല സസ്യവർഗങ്ങളാണ് ധാന്യ വിളകൾ. ഇവയിൽ പ്രധാനപ്പെട്ടതാണ് മക്കച്ചോളം. ഇതിൽ ധാന്യകം കൂടുതലായി അടങ്ങിയിട്ടുണ്ട്. വായു കടക്കാത്ത അറകളിൽ വച്ച് സംസ്കരിച്ച സൈലേജ്, അല്ലെങ്കിൽ പുല്ലച്ചാർ ഉണ്ടാക്കുവാൻ ഏറ്റവും ഉത്തമമാണിത്.

ധാരാളം സൂര്യപ്രകാശം ലഭിക്കുന്നതും, നല്ല നീർവാർച്ചയുള്ളതുമായ ഏതു മണ്ണും, കൃഷി ചെയ്യാൻ അനുയോജ്യമാണ്. ജലസേചന സൗകര്യമുണ്ടെങ്കിൽ ഒരു വർഷം നാലു പ്രാവശ്യം കൃഷി ചെയ്യാം. ഹെക്ടറിന് നാലു കിലോഗ്രാം വിത്ത് ആവശ്യമാണ്. വിതച്ച് 70-75 ദിവസമാകുന്പോൾ വിളവെടുക്കാവുന്നതാണ്. ഉദ്ദേശ്യം 40-45 ടണ്‍ വിളവ് ഒരു ഹെക്ടറിൽ നിന്നും ലഭിക്കും.

 

വൃക്ഷവിളകൾ

അതിർത്തികളിലും, വരന്പുകളിലും വേലിയായി വളർത്താൻ യോജിച്ചതും കറവമാടുകൾക്ക് പരുഷാഹാരമായി ഉൾപ്പെടുത്താവുന്നതുമായ പ്രധാന വൃക്ഷവിളകൾ താഴെപ്പറയുന്നു.

1. പീലിവാക (സുബാബുൾ)

അതിർവരന്പുകളിൽ വേലിയായി കൃഷി ചെയ്യുന്പോൾ 55 സെന്‍റീമീറ്റർ അകലത്തിൽ നടാവുന്നതാണ്. നല്ല വളർച്ചയുണ്ടെങ്കിൽ, ആറു മാസം കഴിഞ്ഞാൽ ഇലകളും, ഇളം തണ്ടുകളും അരിഞ്ഞെടുക്കാം. പിന്നീട് 45 ദിവസം ഇടവിട്ടും വിളവെടുക്കാം. നല്ല ജലസേചനമുണ്ടെങ്കിൽ ഏകദേശം 30 ടണ്‍ വരെ വിളവ് ഒരു ഹെക്ടറിൽ നിന്നും ലഭിക്കും. പീലിവാകയിൽ 18 ശതമാനം മാംസ്യവും, രണ്ടുശതമാനം കാൽസ്യവും അടങ്ങിയിട്ടുണ്ട് ഈ ചെടിയുടെ ഇലയിലും കായയിലും അടങ്ങിയിട്ടുള്ള മൈമോസിൻ എന്ന വിഷാംശം, രോമം കൊഴിച്ചിൽ പോലുള്ള അസുഖങ്ങൾ ഉണ്ടാക്കും. അതിനാൽ പശുക്കൾക്കു കൊടുക്കേണ്ട മൊത്തം പരുഷാഹാരത്തിന്‍റെ പകുതിയിൽ കുറഞ്ഞ അളവു മാത്രമേ സുബാബുൾ ഇലകൾ ചേർക്കാവു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

2. ശീമക്കൊന്ന

പ്രധാനമായും പച്ചിലവളമായാണ് കർഷകർ ഇത് ഉപയോഗിക്കുന്നത്. ഇതിൽ 23 ശതമാനം മൊത്ത പചനീയ മാംസ്യവും മൂന്നു ശതമാനം കാൽസ്യവും അടങ്ങിയിരിക്കുന്നു. ശീമക്കൊന്നയുടെ ഇലകൾക്ക് ഒരു മട്ട് ചുവ ഉള്ളതിനാൽ ചില പശുക്കൾ ഇവ തിന്നാൻ മടിക്കുന്നു. അങ്ങനെയുള്ള പശുക്കൾക്ക്, നല്ല വിശന്നിരിക്കുന്ന സമയത്ത് പ്രഭാതത്തിലെ ആദ്യ തീറ്റയായി പച്ചപ്പുല്ല് പോലുള്ള മറ്റു സ്വാദിഷ്ടമായ തീറ്റവസ്തുക്കളുടെ കൂടെ കൊടുക്കുകയാണെങ്കിൽ ശീമക്കൊന്നയും കഴിച്ചുകൊള്ളും

3. അഗത്തി

പയർവർഗത്തിൽപ്പെട്ട അഗത്തിയുടെ ഇലയിൽ 22 ശതമാനം മൊത്ത പചനീയമാംസ്യവും, മൂന്നു ശതമാനം കാത്സ്യവും അടങ്ങിയിരിക്കുന്നു.

 

ഹൈഡ്രോപോണിക്സ്- മണ്ണില്ലാ പുൽകൃഷി

പച്ചപ്പുൽകൃഷി നടത്താൻ വേണ്ടി സ്ഥലം ഒട്ടും തന്നെ ഇല്ലാത്ത സംസ്ഥാനമായ കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രസക്തമായ ഒരു നൂതന സാങ്കേതിക വിദ്യയാണ് ഹൈ ഡ്രോപോണിക്സ്. കൃഷി ചെയ്യാൻ ഒട്ടും തന്നെ സ്ഥലം ആവശ്യമില്ലെന്നതാണ്, കൃഷിസ്ഥലം ഒട്ടും ലഭ്യമല്ലാത്ത നമ്മുടെ സംസ്ഥാനത്ത് ഹൈഡ്രോപോണിക്സിനുള്ള പ്രസക്തി. പോഷക ലായനിയിൽ അവയെ വളർത്തുന്ന സന്പ്രദായമാണ് ഹൈഡ്രോപോണിക്സ്. ചെടികളെ ഉറപ്പിച്ചു നിർത്തുന്നതിനായി ചകിരിച്ചോറ്, വെള്ളാരം കല്ലുകൾ തുടങ്ങിയ നിഷ്ക്രിയ പദാർഥങ്ങൾ ഉൾപ്പെടുത്താറുണ്ട്. പ്രത്യേകിച്ച് പോഷകഗുണമില്ലാത്ത ഇവയ്ക്ക് ചെടിയെ ഉറപ്പിക്കുക എന്ന ധർമ്മം മാത്രമേയുള്ളു.

വളർച്ചയുടെ വ്യത്യസ്ത ഘട്ടങ്ങളിൽ വ്യത്യസ്ത ഘടനയുള്ള പോഷകലായനികളാണ് ഉപയോഗിക്കുന്നത്. എന്നാൽ വ്യത്യസ്ത പുല്ലിനങ്ങൾക്കായി ഒരേ ലായനി മതിയാകും. ഇങ്ങനെ ഒരിക്കൽ കൃഷിക്കുപയോഗിച്ച പോഷകലായനി വീണ്ടും വീണ്ടും ഉപയോഗിക്കാമെന്നത് ഹൈഡ്രോപോണിക്സിന്‍റെ പ്രധാന മെച്ചമാണ്. പോഷക വസ്തുക്കളും ജലവും, അൽപം പോലും നഷ്ടമാകാതെയും പ്രകൃതിയെ മലിനമാക്കാതെയും കൃഷി നടത്താൻ ഇതു വഴി സാധിക്കുന്നു.

മണ്ണില്ലാ പുൽകൃഷിയുടെ മെച്ചങ്ങൾ

1. പരിമിതമായ സ്ഥലത്തു നിന്ന് പരമാവധി ഉത്പാദനം സാധ്യമാക്കുന്നു.
2. വെള്ളവും, പോഷകങ്ങളും പാഴാക്കുന്നില്ല.
3. മണ്ണൊലിപ്പു മൂലമുള്ള പോഷക നഷ്ടം അഥവാ പരിസരമലിനീകരണം ഒഴിവാക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേരളീയ സാഹചര്യത്തിൽ പരീക്ഷിച്ചു തുടങ്ങിയിട്ടു മാത്രമുള്ള ഒരു സങ്കേതിക വിദ്യയാണിത്. നിലവിലുള്ള സാഹചര്യത്തിൽ ഹൈഡ്രോപോണിക്സിന്‍റെ പ്രാരംഭ മുതൽ മുടക്ക് കൂടുതലാണ്. മുടക്കുമുതലിന് അനുസൃതമായ ആദായം കിട്ടുമോയെന്നും ഇതേ തുക മുടക്കി പരന്പരാഗത രീതിയിൽ പുല്ലുവളർത്തിയാൽ നേടുന്നതിനേക്കാൾ കൂടുതൽ വിളവു കിട്ടുമെന്നും ഉറപ്പു വരുത്തിയതിനുശേഷമേ കൂടുതൽപണം മുടക്കി ഹൈഡ്രോപോണിക്സിലേക്ക് ഇറങ്ങിത്തിരിക്കാവൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
ഭാവിയിൽ ഹൈഡ്രോപോണിക്സ് സാങ്കേതിക വിദ്യ കൂടുതൽ ചെലവു കുറഞ്ഞതായി മാറുന്പോൾ വലിയ തോതിൽ ഹൈഡ്രോപോണിക്സിലേക്ക് ഇറങ്ങാവുന്നതാണ്. അങ്ങനെ വരുന്പോൾ കേരളത്തിലെ പശുക്കളുടെ വരും ദശകങ്ങളിലെ ഭക്ഷ്യസുരക്ഷയ്ക്ക് ഹൈഡ്രോപോണിക്സ് തീർച്ചയായും ഒരു മുതൽക്കൂട്ടാവും എന്ന കാര്യത്തിൽ സംശയമില്ല.

കാലം നോക്കി കൃഷി

ജൂണ്‍ മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് തീറ്റപ്പുല്ല് നടുന്നതിന് അനുയോജ്യം. സൂര്യപ്രകാശം ലഭിക്കുന്ന പ്രദേശങ്ങളാണ് സങ്കര നേപ്പിയർ കൃഷി ചെയ്യുന്നതിന് തെരഞ്ഞെടുക്കേണ്ടത്. എക്കൽ മണ്ണ്, മണൽ കലർന്ന കളിമണ്ണ് എന്നിവയാണ് ഉത്തമമെങ്കിലും ജൈവവളപ്രയോഗം നടത്തിയാൽ മണൽ മണ്ണിലും വെട്ടുപ്രദേശങ്ങളിലും സങ്കരനേപ്പിയർ കൃഷി ചെയ്യാം. തരിശായി കിടക്കുന്ന കരപ്പാടങ്ങൾ തീറ്റപ്പുൽകൃഷിക്ക് യോജിച്ചതാണെങ്കിലും, മഴക്കാലത്ത് നീർവാർച്ച ഉറപ്പുവരുത്തിയില്ലെങ്കിൽ പുല്ലു ചീഞ്ഞു പോകും.

English Summary: fodder cultivation - kerala
Published on: 13 July 2020, 10:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now