ഉപഭോക്തൃ താൽപര്യങ്ങൾക്കു മുൻഗണന ലഭിക്കുന്ന സ്വഭാവ സവിശേഷതകൾക്കായി പ്രജനന പദ്ധതികളിൽ ഉൾപ്പെടുത്താൻ കഴിയുന്ന കൗതുകമുളവാക്കുന്ന ചില ജനിതക വൈവിധ്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൃദുവായ ഉൾക്കാമ്പുള്ള തൈരു തേങ്ങ, ഭക്ഷ്യയോഗ്യമായ തൊണ്ടുള്ള കൈത താളി, മധുര തേങ്ങ, പിങ്ക് തൊണ്ടോടു കൂടിയ തേങ്ങ എന്നിവ നാളികേര വൈവിധ്യം മെച്ചപ്പെടുത്തുന്നതിന് വളരെയധികം സാധ്യതയുള്ള മ്യൂട്ടന്റുകളാണ്.
തൈര് തേങ്ങ (Makapuno/ buttery coconut)
പശ്ചിമതീര നേടിയ ഇനം തെങ്ങിലെ ചില തേങ്ങകളിൽ ഉള്ളിൽ വെള്ളമില്ലാതെ ഉൾക്കാമ്പ് തൈര് പോലെ നിറഞ്ഞിരിക്കുന്നതായി കാണാം. തൈര് തേങ്ങ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഈ തേങ്ങകൾ കൊപ്രയ്ക്ക് അനുയോജ്യമല്ലെങ്കിലും ഭക്ഷ്യയോഗ്യമാണ്.
മകപുനോ തേങ്ങ പ്രോസസ്സിംഗ് ചെയ്യാതെ നേരിട്ട് ഡെസ്സയേട് ആയി കഴിക്കാം. ഫിലിപ്പിനോ പാചകരീതിയിൽ, മക്കാപുനോ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു,
ഐസ്ക്രീമുകൾ, പേസ്ട്രികൾ, കേക്കുകൾ, മിഠായികൾ, പാനീയങ്ങൾ എന്നിവയുൾപ്പെടെയുള്ള സംസ്കരിച്ച ഭക്ഷ്യ ഉൽപന്നങ്ങളിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നു. ഫിലിപ്പീൻസിൽ വ്യാവസായികമായി ഉല്പ്‌പാദിപ്പിക്കുന്ന മകപുനോ തേങ്ങ പോലെ ഉൾക്കാമ്പ് ജെല്ലി പോലെയുള്ള തേങ്ങ വളരെ മുൻപ് തന്നെ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. മകപുനോ ഒരു ജീനിലുള്ള ജനിതക വ്യതിയാനം മൂലമാണ് ഉണ്ടാകുന്നത്.
സീഷെൽ സിലെ 'കൊക്കോ ഗ്രാ', ഇന്തോനേഷ്യയിലെ 'കോസ്പോർ', ശ്രീലങ്കയിലെ 'ഡിക്രി പോൾ', തായ്‌ലൻഡിലെ 'മഫറാവോ ഖാതി', മലേഷ്യയിലെ 'ക്ലാപദദ', വിയറ്റ്‌നാമിലെ 'കേയ് ദുവാ ബോങ്', പാപുവ ന്യൂ ഗിനിയയിലെ 'നിയു ഗരുക് തുടങ്ങി നാളികേര കൃഷി ചെയ്യുന്ന രാജ്യങ്ങളിൽ നിന്നും സമാനമായ മ്യൂട്ടൻറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മകപുനോ തേങ്ങകൾ സാധാരണ തേങ്ങകളിൽ നിന്ന് പുറമെ നോക്കിയാൽ തിരിച്ചറിയാൻ സാധിക്കില്ല. മകപുനോ തേങ്ങകളിൽ ഉയർന്ന തോതിൽ പഞ്ചസാരയും അമിനോ അമ്ലങ്ങളും അടങ്ങിയിട്ടുണ്ട്. സാധാരണ മൂപ്പെത്തിയ നാളികേരത്തെ അപേക്ഷിച്ചു കൊഴുപ്പിന്റെ (lipid) അളവ് മകപുനോ തേങ്ങയിൽ കുറവായി കാണുന്നു. ഇതിനു പുറമെ സിട്രിക്, മാലിക് ആസിഡുകളുടെ സാന്നിധ്യവും മകപുനോ തേങ്ങയുടെ കാമ്പിനു സവിശേഷ സ്വാദ് നൽകുന്നു.
സാധാരണ വലിപ്പത്തിലുള്ള ഭ്രൂണം കാണപ്പെടുമെങ്കിലും സ്വാഭാവിക സാഹചര്യങ്ങളിൽ ഇവ മുളയ്ക്കാറില്ല. എങ്കിലും എംബ്രിയോ കൾച്ചർ രീതിയിലൂടെ ഇവയെ മുളപ്പിച്ചെടുക്കാവുന്നതാണ്. ഇത്തരത്തിലുള്ള തെങ്ങിന്റെ തൈകൾ വ്യാവസായിക അടിസ്‌ഥാന ത്തിൽ ഉൽപ്പാദിപ്പിച്ചെടുക്കുന്നതിനു ടിഷ്യുകൾച്ചർ പോലെയുള്ള മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതായിട്ടുണ്ട്. ഇത്തരത്തിലുള്ള തേങ്ങയുടെ ഉത്പാദനം കൂട്ടുന്നത് ഉൽപ്പന്ന വൈവിധ്യവൽക്കരണത്തിനു പുതിയ അവസരങ്ങൾ സൃഷ്ടിക്കും.