അനാക്കാർഡിയം ഓക്സിഡെന്റയിൽ എന്നാണ് ശാസ്ത്രനാമം. കശുമാവ് എല്ലാത്തരം മണ്ണിലും കൃഷി ചെയ്യാം. ചൊരിമണലും പശിമരാശിയുള്ള ചുവന്ന മണ്ണിലും ഇവ കൃഷി ചെയ്യാം. സമുദ്ര നിരപ്പിൽ നിന്നും 600-700 മീറ്റർ ഉയരത്തിലുള്ള പ്രദേശത്ത് ഇത് കൃഷി ചെയ്യാം. തീരദേശത്തും ഇത് നല്ലവണ്ണം വളരും, വെള്ളക്കെട്ടുള്ളതും, നീർവാർച്ച ഇല്ലാത്തതുമായ മണ്ണിൽ ഇവ വളരുകയില്ല.
കശുമാവിന്റെ മാതൃസസ്യം തെരഞ്ഞെടുക്കൽ
50-60 ദിവസം പ്രായമുള്ള ഒറ്റതണ്ട് ഉള്ള തൈകൾ ഇതിനായി തെരെഞ്ഞെടുക്കാം.
ഒട്ടുകമ്പ് തെരഞ്ഞെടുക്കൽ
നല്ല വിളവുള്ള മരങ്ങൾ വേണം ഒട്ടുകമ്പിനു വേണ്ടി തിരഞ്ഞെടുക്കാൻ. 3-5 മാസം പ്രായമുള്ള പുഷ്പിക്കാത്ത, വശങ്ങളിലേക്കുള്ള കമ്പുകൾ വേണം തെരഞ്ഞെടുക്കാൻ. ഇത്തരം കമ്പുകൾക്ക് 10-12 സെ.മീ നീളവും ഉരുണ്ടതും, പെൻസിൽ വണ്ണവും വേണം. അവയുടെ അഗ്രഭാഗത്ത് പുഷ്ടിയുള്ള തവിട്ടു നിറത്തിലുള്ള അഗ്രമുകുളങ്ങൾ കാണണം. അറ്റത്തുള്ള 4-5 ഇലകൾക്ക് പച്ചനിറവും വേണം. ഇവ പാകമെത്തിയ കമ്പിന്റെ ലക്ഷണമാണ്.
ഒട്ട് കമ്പ് തയാറാക്കൽ
ഇലകളുടെ മുക്കാൽ ഭാഗം മുറിച്ച് സയോൺ കമ്പുകൾ തയാറാക്കാം. ഇത്തരം ഇല വെട്ടിയ കമ്പുകൾ 7-10 ദിവസം കഴിഞ്ഞാൽ ഒട്ടിപ്പിന് എടുക്കാം.
ഒട്ടുകമ്പ് ശേഖരിക്കൽ
മേൽപ്രകാരം തയാറാക്കിയ കമ്പുകൾ അതിരാവിലെ തന്നെ മരങ്ങളിൽ നിന്ന് ശേഖരിക്കണം. അഗ്രമുകുളങ്ങൾ പൊട്ടി വരുന്നതിനു മുമ്പ് അവ മരത്തിൽ നിന്ന് വെട്ടിയെടുക്കണം. ഇപ്രകാരം ശേഖരിച്ച ഒട്ടിപ്പുകമ്പുകൾ നനഞ്ഞ തുണിയിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറുകളിൽ ശേഖരിക്കണം. ഇവ വിത്ത് നേഴ്സറിയിൽ കൊണ്ടുവന്ന് ഒട്ടിപ്പ് നടത്താം. മൂന്ന് നാല് ദിവസം വരെ അവ അപ്രകാരം കവറിൽ സൂക്ഷിക്കാം.
മാതൃസസ്യം തയ്യാറാക്കൽ
ഒരു മൂർച്ചയുള്ള കത്തി കൊണ്ട് തൈ ചെടിയുടെ അടിയിലുള്ള രണ്ടിലകൾ മാത്രം നിർത്തി ബാക്കിയുള്ളവ പൊഴിച്ചു കളയണം. തൈച്ചെടിയുടെ തണ്ടിൽ തറനിരപ്പിൽ നിന്നും 10-20 സെ.മീ. മുകളിലായി ഒരു ചെരിച്ച് വെട്ടു കൊടുക്കുക. 4-5 സെ.മീ. ആഴത്തിൽ ഈ തണ്ടിന്റെ മധ്യത്തിൽ നെടുകെ ഒരു വിടവ്. ഉണ്ടാക്കണം.
ഒട്ടിപ്പുകനി തയാറാക്കൽ
മാതൃസസ്യത്തിന്റെ അതെ വണ്ണമുള്ള കമ്പുകൾ തെരഞ്ഞടുക്കണം. കമ്പിന്റെ മുറിവു ഭാഗം നാക്കിന്റെ ആകൃതിയിൽ കൂർപ്പിച്ച് തയാറാക്കണം. ഇതിന് 4-5 സെ.മീ. നീളം വേണം. ഇതിന്റെ ഇരു വശത്തേയും തൊലിയും കുറച്ചു തടി ഭാഗവും ചീകി കളയണം.
ഒട്ടിക്കൽ
ഒട്ടിപ്പുകമ്പിന്റെ നാക്ക് പോലുള്ള ഭാഗം മാതൃസസ്യത്തിന്റെ തണ്ടിൽ നെടുകെയുണ്ടാക്കിയ വിടവിൽക്കടത്തി അവ നല്ലവണ്ണം ചേർത്ത് ഒന്ന് ഉറപ്പിക്കണം. ഇവിടം ഒരു പ്ലാസ്റ്റിക് നാട കൊണ്ട് ചുറ്റി കെട്ടണം. ഇപ്രകാരം ഒട്ടിച്ച തൈകൾ ഒരു നനഞ്ഞ പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി അതിന്റെ അടിഭാഗം കെട്ടിവെക്കണം. നല്ല ഈർപ്പം കിട്ടാൻ വേണ്ടിയാണ് ഇപ്രകാരം ചെയ്യേണ്ടത്. ഈ കവർ അഗ്രമുകുളങ്ങളെ തൊടാതെ നിർത്തണം. ഈ ഒട്ടിപ്പുകൾ 10-15 ദിവസംവരെ തണലത്ത് സൂക്ഷിക്കണം. അതിനുശേഷം പ്ലാസ്റ്റിക് കവറുകൾ നീക്കം ചെയ്ത് തുറസ്സായ സ്ഥലത്ത് ഒട്ടിപ്പ് തൈകൾ വക്കണം. ഒട്ടിപ്പ് ശരിയായാൽ 34 ആഴ്ചകൾക്കുള്ളിൽ പുതിയ നാമ്പുകൾ വളരും. ഇത്തരം ഒട്ടിപ്പുകൾ 5-6 മാസം കഴിയുമ്പോൾ തോട്ടത്തിൽ മാറ്റി നടാം. കേരളത്തിന്റെ കാലാവസ്ഥയിൽ ഇത്തരം ഒട്ടിപ്പ് മാർച്ച് സെപ്റ്റംബർ മാസത്തിൽ ചെയ്യുന്നതാണ് നല്ലത്.