മൈക്രോഗ്രീൻസ് വളർത്താൻ ചെറിയ പ്ലാസ്റ്റിക് ട്രേകളോ, ഐസ്ക്രീം പാത്രങ്ങളോ, ചെറിയ ചട്ടികളോ തിരഞ്ഞെടുക്കാവുന്നതാണ്. ഈ പാത്രത്തിലേക്ക് ചകിരിച്ചോറോ പോട്ടിങ് മിശ്രിതമോ നിറയ്ക്കുക. അതിന് ശേഷം മുളപ്പിച്ച വിത്തുകൾ പരത്തി വിതറാം. വിത്ത് പാകിയതിന് ശേഷം മുകളിൽ കുറച്ച് ചകിരിച്ചോറോ പോട്ടിങ് മിശ്രിതമോ വിതറാം. രണ്ട് ദിവസം ചെറുതായി നനച്ച് കോട്ടൺ തുണികൊണ്ടോ പേപ്പർ കൊണ്ടോ മൂടിക്കൊടുക്കാവുന്നതാണ്.
മൈക്രോഗ്രീൻസ് വളർത്താനായി മണ്ണോ ചകിരിച്ചോറോ മാധ്യമമായി വേണമെന്ന് നിർബന്ധമില്ല. ടിഷ്യൂപേപ്പർ, പഴയ പത്രക്കടലാസ്, വൃത്തിയുള്ള തുണി എന്നിവയിലും മൈക്രോഗ്രീൻസ് വളർത്താവുന്നതാണ്. കൃത്യമായ നന ഇവയ്ക്ക് ആവശ്യമാണ്. ആവശ്യാനുസരണം വെള്ളം ചെറിയ സ്‌പ്രേയർ ഉപയോഗിച്ച് സ്പ്രേ ചെയ്യുന്നതാണ് നല്ലത്.
സാധാരണ ഗതിയിൽ വിത്ത് മുളച്ച് 10 മുതൽ 15 ദിവസം വരെയാണ് ഇവയുടെ വളർച്ചാഘട്ടം. രണ്ടില പ്രായത്തിൽ (ഏകദേശം 9 സെ.മീ.) വിളവെടുത്ത് തുടങ്ങാവുന്നതാണ്. വേരോട് കൂടിയോ വേര് ഒഴിവാക്കിയോ വിളവെടുക്കാവുന്നതാണ്. വേരിന് ചെറിയ കയ്പ് ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ വേണമെങ്കിൽ ആവശ്യാനുസരണം ഒഴിവാക്കാവുന്നതാണ്.
നമ്മൾ സാധാരണയായി കറികളിൽ ഇലക്കറികൾ ഉപയോഗിക്കുന്നത് പോലെ മൈക്രോഗ്രീൻസും ഉപയോഗിക്കാവുന്നതാണ്. സ്വാദിഷ്ടമായ തോരൻ, മെഴുക്ക് പെരട്ടി, മറ്റ് കറികളൊക്കെ മൈക്രോഗ്രീൻസ് ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ്. ഇതിന് പുറമെ സാലഡുകളിൽ വേവിക്കാതെയും ഉപയോഗിക്കാവുന്നതാണ്.
ഏത് കാലാവസ്ഥയിലും നടാം. കൃഷിയ്ക്ക് പ്രത്യേകിച്ച് സ്ഥലം ആവശ്യമില്ലാത്തതിനാൽ എല്ലാവർക്കും ഈ കൃഷിരീതി പ്രയോജനപ്പെടുത്താം. ഏറെ പോഷക സമൃദ്ധമായ ഈ ഇത്തിരിപ്പിച്ച ആരോഗ്യകരമായ ഭക്ഷണരീതികൾക്ക് പ്രാധാന്യം നൽകുന്നവരുടെ തീൻമേശയിൽ തീർച്ചയായും ഇടം പിടിക്കും. മൈക്രോ ഗ്രീൻസ് വളർത്തുന്നതിലൂടെ എല്ലാ ദിവസവും ഇലക്കറികൾ എന്ന ആരോഗ്യകരമായ ഒരു ശീലം നമുക്കും വളർത്തിയെടുക്കാവുന്നതാണ്.