മിതമായ ചൂടും തണുപ്പും അനുഭവപ്പെടുന്ന കാലാവസ്ഥയിൽ മുന്തിരി നന്നായി വളരുന്നു. വള്ളികൾ കായ്ച്ചു തുടങ്ങുമ്പോൾ അന്തരീക്ഷത്തിൽ കൂടുതൽ ഈർപ്പമുണ്ടായാൽ ഇലകളിലും കായ്കളിലും കുമിൾരോഗം ധാരാളമായി ഉണ്ടാകുന്നതാണ്. അതിനാൽ വള്ളികൾ പിടിച്ചു തുടങ്ങിയാൽ അന്തരീക്ഷ ഈർപ്പം കുറഞ്ഞ സ്ഥലങ്ങളിലാണ് മുന്തിരി നന്നായി കായ്ക്കുന്നത്. ധാരാളം നീർവാർച്ചയുള്ള എല്ലാത്തരം മണ്ണിലും മുന്തിരി കൃഷി ചെയ്യാൻ കഴിയുന്നു. മണൽ മണ്ണിലും ചെമ്മണ്ണിലും ധാരാളം വളം ചേർക്കേണ്ടതാണ്.
മുന്തിരിയുടെ പ്രവർധന രീതി എങ്ങനെയാണ്
തലപ്പ് മുറിച്ചു നട്ടാണ് വംശ വർധനവ് നടത്തുന്നത്. മുറിച്ചെടുക്കുന്ന കട്ടിങ്സിൽ അഞ്ചോ ആറോ മുട്ടുകൾ ഉണ്ടായിരിക്കണം. രണ്ട് മുട്ടെങ്കിലും മണ്ണിനടിയിൽ താഴ്ത്തി വേണം തലപ്പുകൾ നടാൻ.
തലപ്പുകൾ നടുന്ന രീതി
3 മീറ്റർ അകലത്തിൽ ചാലുകൾ കീറിയ ശേഷം അവയിൽ ഒരു മീറ്റർ അകലത്തിൽ കുഴികൾ എടുത്ത് അതിൽ വേണം മണ്ണിൽ തലപ്പുകൾ നടുന്നത്. കുഴികൾക്ക് അര മീറ്റർ വീതം നീളം, വീതി, താഴ്ച ഉണ്ടായിരിക്കണം. മുറിച്ചെടുക്കുന്ന വള്ളികൾ നഴ്‌സറിയിൽ നട്ട് നനച്ചു വളർത്തി 3 മാസം പ്രയാമാകുമ്പോൾ ഇളക്കി സ്ഥിരമായി ചെടി നടാൻ ഉദ്ദേശിക്കുന്ന കുഴിയിൽ നടാവുന്നതാണ്.
തൈകൾ നടുന്ന രീതി
അര മീറ്റർ ആഴത്തിൽ എടുത്ത കുഴികളിൽ മേൽമണ്ണും കാലിവളവും സമാസമം നല്ലവണ്ണം കലർത്തി ഇട്ട് നിറയ്ക്കണം. ഇനി വള്ളി നടാവുന്നതാണ്. മുറിച്ചെടുക്കുന്ന വള്ളികളോ ഞാറ്റടിയിൽ വളർത്തിയ തൈകളോ ജൂൺ മുതൽ ജനുവരി വരെയുള്ള കാലയളവിൽ എപ്പോൾ വേണമെങ്കിലും നടാവുന്നതാണ്.
മുന്തിരി വള്ളി പടർത്താൻ പന്തൽ ഇടുന്ന വിധം എങ്ങനെ
പന്തലിൽ വള്ളി പടർത്തുന്ന രീതി
വള്ളികൾ പടരാൻ ഒരു പന്തൽ ആവശ്യമാണ്. വള്ളി വളർന്ന് പന്തലിൽ എത്തുന്നതുവരെ ഒറ്റ വള്ളിയായി വളരാൻ അനുവദിക്കണം. പന്തലിൽ എത്തുമ്പോൾ അതിൻ്റെ തലപ്പ് മുറിച്ചു മാറ്റിയാൽ അധികം ശാഖകൾ പൊട്ടി വളരും. അവയിൽ ശക്തിയുള്ള രണ്ടു ശിഖരങ്ങൾ രണ്ടു വശങ്ങളിലായി നിർത്തിയ ശേഷം ശേഷിക്കുന്നവ മുറിച്ചു മാറ്റണം. ശേഷിക്കുന്ന രണ്ട് ശാഖകളിലും ഓരോന്നിൻ്റെയും രണ്ടു വശത്തുമായി അധികം ഉപശാഖകൾ ഉണ്ടാകും. അവ പന്തലിൽ പടർത്തണം. ഉപശാഖകൾ 6 സെ.മീറ്റർ അകലത്തിലുള്ളവ നിർത്തി ശേഷിക്കുന്നവ നീക്കം ചെയ്യണം. ഓരോ ഉപശാഖയിലും 8-10 ശിഖരങ്ങൾ വീണ്ടും വളർന്നു പന്തലിൽ പടരുന്നു.