വലിയ മുതൽ മുടക്ക് കൂടാതെ നമ്മുടെ നാട്ടിൽ സുലഭമായ ഓല ഉപയോഗിച്ച് തന്നെ ഒരു കൂൺ ഷെഡ് നിർമ്മിച്ചെടുക്കുവാൻ സാധിക്കും. നല്ല ഈർപ്പവും വായു സഞ്ചാരവും അതുപോലെതന്നെ കുറഞ്ഞ ചൂടും പ്രകാശവും കൂൺശാലയ്ക്കുള്ളിൽ നൽകുന്നതിനായി ഓലതന്നെയാണ്. ഏറ്റവും അനുയോജ്യം. എന്നാൽ ഗാർഹികാവശ്യത്തിനു മാത്രമേ കൂൺ ഉൽപ്പാദിപ്പിക്കുന്നുള്ളുവെങ്കിൽ വീട്ടിലെ തന്നെ ഒരു മുറിയോ വരാന്തയോ ഉപയോഗിക്കാം.
കൂൺശാല കിഴക്ക് പടിഞ്ഞാറ് ദിശയിൽ
കൂൺശാല കിഴക്ക് പടിഞ്ഞാറ് ദിശയിൽ പണിയുന്നതാണ് നല്ലത്. ഷെഡ്ഡിനുള്ളിലെ പ്രകാശവും ചൂടും നിയന്ത്രിക്കുവാൻ വേണ്ടിയാണിത്. കൂൺഷെഡ്ഡ് കാലിതൊഴുത്തിനും മറ്റും അടുത്താകാതിരിക്കുന്നതാണ് ഉത്തമം. ശുദ്ധജലത്തിനുള്ള സൗകര്യവും ഇതിനോടനുബന്ധിച്ച് ഉണ്ടായിരിക്കുവാൻ ശ്രദ്ധിക്കണം.
കൂൺ ഷെഡ്ഡിലെ മുറിയുടെ വലിപ്പം ദിനംപ്രതി ഉൽപ്പാദിപ്പിക്കുവാനുദ്ദേശിക്കുന്ന കൂണിന്റെ കണക്കനുസരിച്ച് വേണം നിർമ്മിക്കുവാൻ ഒരു കിലോഗ്രാം ചിപ്പിക്കൂൺ ഒരു ദിവസം ഉൽപ്പാദിപ്പിക്കുന്നതിന് 8 ചതുരശ്ര മീറ്റർ (4× 2 മീ) വീതമുള്ള പോൺ റണ്ണിംഗ് മുറിയും കൂൺ ഉൽപ്പാദന മുറിയും മതിയാകും.
മെടഞ്ഞ ഓല ഉപയോഗിച്ച് മറയ്ക്കുന്നതാണ് നന്ന്
ഷെഡ്ഡിന്റെ എല്ലാ ഭാഗവും മെടഞ്ഞ ഓല ഉപയോഗിച്ച് മറയ്ക്കുന്നതാണ് നന്ന്. ഷെഡ്ഡിൽ ആവശ്യത്തിന് പ്രകാശവും വായുവും കടക്കുന്നതിനാവശ്യമായ വാതിലും വെന്റിലേഷനുകളും അനിവാര്യമാണ്. ഊഷ്മാവ് ക്രമീകരിക്കുവാൻ മേൽക്കൂരയ്ക്ക് താഴെയായി ഒരു വ്യാജകൂരയും നന്ന്. വെന്റിലേഷനുകൾ ഇരുവശവും തറ നിരപ്പിൽ നിന്നു ഒരേ പൊക്കത്തിൽ ഒന്നിനെതിരെ മറ്റൊന്നായിരിക്കാൻ ശ്രദ്ധിക്കണം. മേൽക്കൂര 4 മീ പൊക്കത്തിലും വ്യാജകൂര 2.25 മീ ഉയരത്തിലും ആയാൽ നന്ന്. കൂൺശാലയ്ക്കുള്ളിൽ ഓലയും വെന്റിലേഷനുകളും എല്ലാം ഇഴയടുപ്പമുള പ്ലാസ്റ്റിക്ക് വലകൊണ്ട് ഈച്ചയും മറ്റും കയറാത്തവിധം അടയ്ക്കുക.
ബെസ്റ്റുകൾ വയ്ക്കുവാനുള്ള ബഹുനില തട്ടുകളുള്ള ഷെൽഫുകൾ കൊണ്ടോ തെങ്ങിൻ തടികൊണ്ടോ ഉണ്ടാക്കാവുന്നതാണ്. രണ്ടു തട്ടുകൾ തമ്മിലുള്ള അകലം 0.15 സെ.മീ. ഉം ഏറ്റവും താഴത്തെ തട്ട് തറനിരപ്പിൽ നിന്നും 40 സെ.മീ. ഉയരത്തിലായിരിക്കാനും ശ്രദ്ധിക്കണം. ഏകദേശം 80 ബെഡ്ഡുകൾ വയ്ക്കുന്നതിനായി നിർമ്മിക്കുന്ന ഷെൽഫിന്റെ 2.5 . വീതി 0.6 മീ. ഉയരം 2.25 മീ എന്നിങ്ങനെ വേണം. ഷെൽഫുകൾക്ക് പകരം സ്ഥലം ലാഭിക്കുവാനായി കൊളുത്തുകൾ, കമ്പി നാട്ടിയതിൽ ഘടിപ്പിച്ച് ബെഡ്ഡുകൾ തൂക്കിയിടാം.
ഷെഡ്ഡിനുള്ളിൽ ചൂട് ക്രമീകരിക്കുവാൻ ഒരടി പൊക്കത്തിൽ മണൽ മെറ്റൽ ചിപ്സ് തറയിൽ നിരത്തി ഒരു ദിവസം രണ്ടു പ്രാവശ്യം നനച്ചു കൊടുക്കണം. ഷെഡ്ഡിനുള്ളിൽ തന്നെ കമ്പി നാട്ടി ചണച്ചാക്ക് നനച്ച് ഇടുന്നതും ഈർപ്പം ഉയർത്താൻ സാധിക്കുന്നു.
പോൺ റണ്ണിംഗ് മുറിയിൽ കൂടുതൽ പ്രകാശം ആവശ്യമില്ല. എന്നാൽ വായുസഞ്ചാരം അത്യാവശ്യമായി ഉണ്ടായിരിക്കേണ്ടതാണ്. 24-20ºC +ൽ കൂടുതൽ ചൂട് ഉണ്ടായിരിക്കുന്നത് നന്നല്ല. എന്നാൽ ഉൽപ്പാദന മുറിയിലെ ചൂട് സ്പോൺ റണ്ണിംഗ് മുറിയിലേക്കാൾ കുറവായിരിക്കണം. അതായത് 23-25°C, ഈ മുറിയിൽ അൽപം പ്രകാശം ആവാം. അന്തരീക്ഷ ആർദ്രത 70-80% ഉണ്ടായിരിക്കണം.
അൽപ്പം ഒന്നു ശ്രദ്ധിച്ചാൽ വലിയ മുതൽ മുടക്കു കൂടാതെ തന്നെ കൂൺശാല നിർമ്മിക്കാം. പരമാവധി വൃത്തി ഉണ്ടായിരിക്കണം. കൂൺ ഷെഡ്ഡിൽ കൃഷി തുടങ്ങുന്നതിനായി ധൂമീകരണം നടത്തുന്നത് നല്ലതാണ്. അതിനായി ഒരു പാത്രത്തിൽ 20 മില്ലി ഫോർമലിൻ എടുത്ത് അതിലേക്ക് 10 ഗ്രാം പൊട്ടാസ്യം പെർമാംഗനേറ്റ് ചേർത്ത് മുറിയുടെ മദ്ധ്യത്തിൽ വെച്ച് മുറി 24 മണിക്കൂർ അടച്ചിടുക.
ഒരു ദിവസം കഴിഞ്ഞ് ഷെഡ് ഒന്ന് ഒന്നര ദിവസം തുറന്ന് ഇട്ടിരുന്നതിനുശേഷം വേണം കൃഷിക്കായി പ്രയോജനപ്പെടുത്തേണ്ടത്. രണ്ടു മാസം കൂടുമ്പോൾ കൂൺ ബെഡ്ഡുകൾ എല്ലാം നീക്കിതിനുശേഷം ഇത് ആവർത്തിക്കണം.