മരച്ചീനി
ചുവന്ന മണ്ഡരികളും ശൽക്ക കീടങ്ങളുമാണ് മരച്ചീനിയെ ബാധിക്കുന്ന പ്രധാന രണ്ടു കീടങ്ങൾ. മണ്ഡരിയെ നിയന്ത്രിക്കാൻ 10 ദിവസം ഇടവിട്ട് വെള്ളം തളിച്ചാൽ മതി. മണ്ഡരിയുടെ ഉപദ്രവം തുടങ്ങുന്ന ആദ്യഘട്ടത്തിൽ വേണം ഈ നിയന്ത്രണമാർഗ്ഗം സ്വീകർക്കാൻ, കടുത്ത ആക്രമണം കാണുപക്ഷം 1.5 മി. ലിറ്റർ റോഗർ ഒരു ലിറ്റർ വെള്ളം എന്ന തോതിൽ തളിച്ച് അവയെ നിയന്ത്രിക്കണം.
സംഭരിച്ചു സൂക്ഷിക്കുന്ന മരച്ചീനി തണ്ടുകളെ ആക്രമിക്കുന്ന ശൽക്കകീടങ്ങളെ നിയന്ത്രിക്കാൻ മുൻകരുതൽ എന്ന നിലയിൽ റോഗർ എന്ന കീടനാശിനി 1.5 മി. ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ചാൽ മതി.
മധുരക്കിഴങ്ങു
മധുരക്കിഴങ്ങു ചെള്ളുകളാണ് ഇതിന്റെ പ്രധാന ശത്രു. അവയെ നിയന്ത്രിക്കാൻ താഴെ കാണുന്ന സംയോജിത നിയന്ത്രണം ഉപയോഗിക്കണം. മുൻ വിളയുടെ അവശിഷ്ടങ്ങൾ പൂർണമായി നീക്കം ചെയ്തു നശിപ്പിക്കണം. കീടബാധയില്ലാത്ത നല്ല വള്ളികൾ മാത്രം നടാൻ എടുക്കുക. നട്ടു 30 ദിവസത്തിനുശേഷം കമ്യൂണിസ്റ്റു പച്ചകൊണ്ട് പുതയിടുക, ഹെക്റ്ററിന് 3 ടൺ വേണ്ടിവരും. നട്ടു 30 ദിവസം മുതൽ 80 ദിവസം വരെ മധുരക്കിഴങ്ങു ചെറിയ കണങ്ങളായി മുറിച്ച് 5 മീറ്റർ ഇടവിട്ട് കെണിവയ്ക്കുക. കെണിവച്ച് കീടത്തെ ആകർഷിച്ച് നശിപ്പിക്കണം
ചേന
മീലിമൂട്ടയാണ് ഇതിന്റെ പ്രധാന ശത്രു. മീലിമൂട്ടകൾ കൃഷിസ്ഥലത്തും സ്റ്റോറുകളിലും ചേനയെ ബാധിക്കുന്നു. ഇവയുടെ ഉപദ്രവം ഉണ്ടാകാതിരിക്കാൻ ഒരു പ്രതിരോധ നടപടി എന്ന നിലയിൽ നടുന്നതിനു മുമ്പായി വിത്ത് 0.2 ശതമാനം വീര്യമുള്ള റോഗർ എന്ന കീടനാശിനിയിൽ 10 മിനിറ്റ് നേരം മുക്കിവച്ചാൽ മതി.
ശൽക്കക്കീടങ്ങളാണ് കാച്ചിലിന്റെ പ്രധാന ശത്രു. കൃഷിസ്ഥലങ്ങളിലും അതു പോലെ തന്നെ വിത്തു നടാൻ വേണ്ടി സൂക്ഷിക്കുമ്പോഴും ഇതിന്റെ ഉപദ്രവം സാധാരണ കാണാറുണ്ട്. ആക്രമണം ഉണ്ടാകാതിരിക്കാൻ പ്രതിരോധ നടപടി എന്ന നിലയിൽ 0.2% വീര്യത്തിൽ കലക്കിയ ക്ലോർ പൈറിഫോസ് ലായനിയിൽ 10 മിനിറ്റ് നേരം മുക്കി വച്ചശേഷം നട്ടാൽ മതി.
ചേമ്പിന്റെ പ്രധാന ശത്രുക്കൾ
ഇലതീനിപ്പുഴുക്കളും ഏഫിഡുകളുമാണ് ചേമ്പിന്റെ പ്രധാന ശത്രുക്കൾ. ഇലതീനിപ്പുഴുക്കളെ നിയന്ത്രിക്കാൻ 2 മി. ലിറ്റർ മാലത്തിയോൺ ഒരു ലിറ്റർ വെള്ളം എന്ന തോതിൽ കലക്കി തളിച്ചാൽ മതി. പകരം സെവിൻ 50% മൂന്നുഗ്രാം ഒരു ലിറ്റർ വെള്ളം എന്ന തോതിൽ കലക്കി തളിച്ചാലും മതി. ഏഫിഡുകളെ നിയന്ത്രിക്കാൻ 2 മി. ലിറ്റർ റോഗർ ഒരു ലിറ്റർ വെള്ളം എന്ന തോതിൽ കലക്കി തളിച്ചാൽ മതി.
ചേമ്പിനെ ബാധിക്കുന്ന പ്രധാന രോഗം ഇലചീയലാണ്. ഈ രോഗം സാധാരണ കാണാറുള്ളത് മഴക്കാലത്താണ്. ഇലയുടെ ഉപരിതലത്തിൽ കറുത്ത പാടുകൾ പ്രത്യക്ഷപ്പെടുന്നതാണ് പ്രധാന രോഗലക്ഷണം. ഈ രോഗം നിയന്ത്രിക്കാൻ ആദ്യം ചെയ്യേണ്ടത് മഴയ്ക്ക് മുൻപ് കൃഷിയിറക്കുക എന്നതാണ്. ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തയ്യാറാക്കി തളിക്കുകയോ ഡൈത്തേൺ എം.45 എന്ന കുമിൾനാശിനി 2 ഗ്രാം ഒരു ലിറ്റർ വെള്ളം എന്ന തോതിൽ കലക്കി തളിക്കുകയോ ചെയ്ത് രോഗം നിയന്ത്രിക്കാവുന്നതാണ്.