'റോസ് ഗല്ലിക്ക ഒഫിസിനാലിസ്' എന്ന സസ്യനാമത്തിൽ വിഖ്യാതമായ ഫ്രഞ്ച് റോസിന് 'അപ്പോത്തിക്കരി റോസ്' (Apothecary Rose) എന്നും പേരുണ്ട്. പുരാതന ഉദ്യാന റോസിനങ്ങളിൽ പ്രമുഖ സ്ഥാനമുള്ള ഫ്രഞ്ച് റോസ്, റോമിലും ഗ്രീസിലുമൊക്കെ അന്നും ഇന്നും ഒരു പോലെ ആരാധകരുള്ള ഇനമാണ്. ഔഷധാവശ്യത്തിനും പാചകത്തിനും ഈ ഇനം വളരെയേറെ ഉപയോഗിച്ചിരുന്നു. ഗല്ലിക്ക റോസുകൾ എന്നും ഇവ അറിയപ്പെടുന്നു.
തികച്ചും വന്യവും കടുത്ത നിറങ്ങളും കാരണം ഒരു കാലത്ത് ഫ്രഞ്ച് റോസിനെ 'ഭ്രാന്തൻ ഗല്ലിക്ക' (Mad Gallica) എന്നുപോലും വിളിച്ചിരുന്നു. കാരണം അവയുടെ സവിശേഷ വർണസങ്കലനങ്ങൾ മനു ഷ്യനെ അത്രമാത്രം ഹരം കൊള്ളിച്ചിരുന്നു എന്നർഥം. ഇതളുകളിൽ വരയും കുറിയും പുള്ളികളും ഒക്കെ ഉള്ള പൂക്കൾ ഈ വിഭാഗത്തിൽ സുലഭമായിരുന്നു!
വേനലിൻ്റെ തുടക്കത്തിൽ 3-4 ആഴ്‌ചയാണ് ഇവയുടെ പൂക്കാലം. എന്നാൽ ചിലത് ആറാഴ്‌ചയോളം പുഷ്‌പിക്കുന്ന പതിവുമുണ്ട്.
തരക്കേടില്ലാത്ത രോഗപ്രതിരോധശേഷിയാണ് ഫ്രഞ്ച് റോസിന്റെ മറ്റൊരു സവിശേഷത. പതിനെട്ടും പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതി വരെയുള്ള കാലഘട്ടവുമാണ് ഫ്രഞ്ച് റോസിന് ഏറ്റവുമധികം പ്രചാര മുണ്ടായിരുന്ന സമയം. അക്കാലത്തെ പല നഴ്‌സറികളും മൂവായിരത്തോളം ഇനം ഫ്രഞ്ച് റോസുകളെങ്കിലും വളർത്തിയിരുന്നതായി രേഖകളുണ്ട്. ഫ്രഞ്ച് രാജവംശത്തിനും സമ്പന്നവർഗത്തിനും ഇത്രത്തോളം പ്രിയതരമായ മറ്റൊരിനം റോസ് ഉണ്ടായിരുന്നില്ല എന്നു തന്നെ പറയാം.