സസ്യങ്ങളുടെ വളർച്ചാ ക്രമീകരണ വസ്തുക്കൾ അഥവാ സസ്യ ഹോർമോണുകൾ, ഇന്ന് ഫല ഉദ്യാന സസ്യങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നു. ഇവയെ ഫൈറ്റോ ഹോർമോണുകൾ എന്നു പറയുന്നു. ആയിരത്തിതൊള്ളായിരത്തി മുപ്പതോടെയാണ് PGR (Plant Growth Regulator) കണ്ടുപിടിച്ചത്. ഇവ വളരെ കുറഞ്ഞ അളവിൽ മാത്രമേ ഉപയോഗിക്കാവൂ. രണ്ടുതരം പ്രവർത്തന രീതികൾ കണ്ടുവരന്നു. സസ്യങ്ങളുടെ പൊതുവെയുള്ള വളർച്ച ത്വരിതപ്പെടുത്താനും അവയുടെ വളർച്ച തടസ്സപ്പെടുത്താനും ഈ രാസവസ്തുക്കൾക്കു കഴിയും.
വളർച്ചാ ക്രമീകരണ ഹോർമോണുകൾ ഉപയോഗിക്കുന്ന രീതി
1. കൂടുതൽ സമയം മുക്കിവയ്ക്കുന്നത്
ഈ വിധത്തിൽ ചെടികമ്പുകൾ ഹോർമോണുകൾ നേർപ്പിച്ച ലായനിയിൽ 24 മണിക്കൂർ മുക്കിവയ്ക്കുന്നു. ഇതിനുശേഷം ഈ കമ്പുകൾ നഴ്സറിയിലോ ഏതെങ്കിലും സൗകര്യപ്രദമായ സ്ഥലത്തോ നടുന്നു. ഈ ഹോർമോണുകൾ 20-200 പി.പി.എം. വരെ നേർപ്പിച്ചാണ് ഉപയോഗിക്കുന്നത്. ഇത് ഏത് സസ്യമാണോ, ഏതുതരം കമ്പുകളാണോ എന്നതിനെ ആശ്രയിച്ചിരിക്കും. പെട്ടെന്ന് വേരു പിടിക്കുന്ന കമ്പുകൾക്ക് ഏറ്റവും കുറഞ്ഞ നേർപ്പിച്ച ലായനി മതിയാകും. വേരു പിടിപ്പിക്കാൻ പ്രയാസമുള്ള കമ്പുകളിൽ ഈ ഹോർമോൺ പുരട്ടൽ വളരെ പ്രയോജനപ്രദമാണ്. ഈ ഹോർമോൺ കൂടാതെ വിറ്റാമിനുകൾ, പഞ്ചസാര, ചില നൈട്രജൻ മിശ്രിതങ്ങളും ഇതൊടൊപ്പം ചേർക്കും.
2. പെട്ടെന്ന് മുക്കി മാറ്റുന്നത്
ഇത് നഴ്സറി ഉടമകൾ ചെയ്യുന്ന ഒരു രീതിയാണ്. വളരെ കുറച്ചു സമയം - അതായത് 5 സെക്കന്റെ മുതൽ 2 മിനിറ്റുവരെ കമ്പുകൾ - അതി സാന്ദ്രതയുള്ള ഹോർമോൺ ലായനിയിൽ മുക്കിവയ്ക്കും. ഇപ്രകാര ഹോർമോൺ പുരട്ടിയ കമ്പുകൾ തോട്ടത്തിൽ വേരുപിടിക്കാൻ നേരിട്ട് നടുന്നു. 500 മുതൽ 1,00,000 പി.പി.എം. വരെയുള്ള ഹോർമോൺ ലായനി ഉപയോഗിക്കുന്നു. ഇതും മേൽപ്പറഞ്ഞ പോലെ കമ്പുകളുടെയും ചെടികളുടെയും തരം പോലെയിരിക്കും. പൊതുവേ 4000-5000 പി.പി.എം. വരെ ഉപയോഗിക്കും.
3. പൊടിയിൽ മുക്കൽ
പൊടി രൂപത്തിലുള്ള ഹോർമോൺ പൊടിയിൽ പച്ചയായ കമ്പുകൾ കുറച്ചു സമയം മുക്കി വയ്ക്കുന്നു. അധികമുള്ള പൊടി കുടഞ്ഞു കളഞ്ഞ് ഈ കമ്പുകൾ ഒരു ചെടിച്ചട്ടിയിൽ നടാം. ഇപ്രകാരം ഉപയോഗിക്കുന്ന ഒരു ഹോർമോൺ പൊടിയാണ് സെറാഡിക്സ് (scradix). ഇതിന് കമ്പുകളിൽ ഈർപ്പം വേണ്ടി വരും. അധികം പറ്റിപ്പിടിക്കുന്ന പൊടി കുടഞ്ഞുകളയണം
4. തളിക്കൽ
മാതൃചെടിയിൽ നിന്നും കമ്പുകൾ മുറിക്കുന്നതിനു മുമ്പായി മാതൃസസ്യത്തിൽ ഹോർമോൺ തളിക്കുന്നു. കമ്പുകൾ മുറിക്കുന്നതിന് 30-40 ദിവസം മുൻപായി 25-100 പി.പി.എം. എന്ന തോതിൽ 2, 4-5 ടി.പി. ഹോർമോൺ തളിക്കുന്നു. ഇതിൽ നിന്ന് എടുക്കുന്ന കമ്പുകൾ ഹോർമോൺ തളിക്കാത്ത ചെടിയിലെ കമ്പുകളേക്കാൾ വളരെ വേഗം വേരു പിടിക്കും.
5. ലനോലിൻ കുഴമ്പു
1BA പോലുള്ള ഹോർമോണുകൾ ലനോലിൻ കുഴച്ച് ഒരു കുഴി രൂപത്തിലാക്കി പതിവച്ച ഭാഗങ്ങളിൽ തേച്ചു കൊടുക്കുന്നു.