വിഷുക്കാലമായി. ഈ സമയത്താണ് ഇഞ്ചി മഞ്ഞൾ പോലുള്ള കൃഷികൾ തുടങ്ങേണ്ടത്. ഇവ തെങ്ങിൻ തോപ്പിലും കവുങ്ങിൻ തോപ്പിലും ഇടവിളയായി നടാവുന്ന കൃഷികളാണ്.
ഇവ രണ്ടിനും ഏകദേശം ഒരുപോലെയുള്ള വളര്‍ച്ചാ സ്വഭാവമായതിനാല്‍ ഇവയുടെ കൃഷിരീതികളും ഒരുപോലെതന്നെ.തെങ്ങിന്‍ തോപ്പില്‍ ഇഞ്ചികൃഷിയ്ക്ക് നല്ല നീര്‍വാര്‍ച്ചയുള്ള സ്ഥലം തെരഞ്ഞെടുക്കണം
വേനല്‍മഴ ലഭിക്കുന്നതോടെ തെങ്ങുകള്‍ക്കിടയിലുള്ള സ്ഥലം നന്നായി ഉഴുതുമറിച്ച് കളകള്‍ നീക്കിയിട്ടുവേണം കൃഷിപ്പണി ആരംഭിക്കുവാന്‍. അമ്ലത്വമുള്ള മണ്ണില്‍ കുമ്മായം ഒരു സെന്റിന് 2 കിലോ എന്ന തോതില്‍ വിതറി നിലം ഉഴുന്നത് നല്ലതാണ്.
തെങ്ങുകള്‍ക്ക് ചുറ്റും 2 മീറ്റര്‍ അകലത്തില്‍ വൃത്താകൃതിയില്‍ തടങ്ങള്‍ക്ക് സ്ഥലം വിട്ടതിനുശേഷം ബാക്കി സ്ഥലം 3 മീറ്റര്‍ നീളം, 1 മീറ്റര്‍ വീതി, 15 സെ.മി ഉയരമുള്ള തടങ്ങളായി തിരിയ്ക്കണം. ഇവയില്‍ 25 സെ.മി അകലത്തില്‍ ചെറിയ കുഴികള്‍ എടുത്ത് ഉണങ്ങിയ ചാണകപ്പൊടി സെന്റിന് 120 കി.ഗ്രാം നിരക്കില്‍ അടിവളമായി നല്‍കണം. സെന്റിന് 8 കിലോഗ്രാം വേപ്പിന്‍പിണ്ണാക്ക് അടിവളമായി ചേര്‍ത്താല്‍ ചുവടു ചീയല്‍ രോഗവും നിമാവിരശല്യവും കുറയ്ക്കാം.
ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിലും കാലവര്‍ഷത്തിനുമുന്‍പ് മഴ ലഭിക്കുന്ന സ്ഥലങ്ങളിലും ഏപ്രില്‍ അവസാനത്തോടെ ഇഞ്ചി നടുന്നതാണ് നല്ലത്. ജൂണില്‍ മഴ ലഭിക്കുമ്പോഴേയ്ക്കും വിത്ത് മുളച്ച് നല്ല കായിക വളര്‍ച്ചയിലെത്താന്‍ ഇത് സഹായിക്കും. വേനല്‍മഴ കാര്യമായി ലഭിക്കാത്തിടങ്ങളില്‍ മെയ് മാസമാണ് ഇഞ്ചി നടാന്‍ നന്ന്. മഴയില്ലെങ്കില്‍ ഇഞ്ചി നട്ടതിനുശേഷം ആവശ്യത്തിന് നനയ്ക്കണം.
ഇഞ്ചി നടുന്നതിന് ഇഞ്ചിക്കിഴങ്ങാണ് ഉപയോഗിക്കുന്നത്. ഒന്നോ രണ്ടോ മുകുളങ്ങളും ഉണ്ടാകണം. കുഴികളില്‍ ചാണകപ്പൊടിയും ശുപാര്‍ശചെയ്ത ഫോസ്ഫറസ, പൊട്ടാഷ് എന്നിവ പകുതി വീതവും കലര്‍ത്തി മുകുളങ്ങള്‍ മുകളില്‍ വരുംവിധം തിരശ്ചീനമായി ഇഞ്ചിവിത്തുകള്‍ നടണം. ഇഞ്ചി ഇനങ്ങളായ നെടുമങ്ങാട്, ഹിമാചല്‍, മാരന്‍, കുറുപ്പംപടി, ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തില്‍ നിന്ന് പുറത്തിറക്കിയ വരദ, മഹിമ, രജത എന്നിവയും തെങ്ങിന്‍ തോട്ടങ്ങള്‍ക്ക് അനുയോജ്യമായ ഇനങ്ങളാണ്.
പുതയിടൽ ഇഞ്ചിക്കൃഷിയില്‍ ഒഴിവാക്കാനാകാത്ത ഒരു പരിചരണമാണ്.. ഇത് മണ്ണൊലിപ്പ് തടയും. അതുപോലെ മണ്ണിലേക്ക് ശക്തിയായി മഴത്തുളികൾ വീഴാനും കളകളെ നിയന്ത്രിക്കാനും സഹായിക്കും. ജൈവാംശത്തിന്റെ അളവ് കൂട്ടാനും പുതയിടുന്നത് സഹായകമാണ്. ഇഞ്ചി നട്ടയുടന്‍ സെന്റിന് 40 കി.ഗ്രാം എന്ന തോതില്‍ പച്ചില ഉപയോഗിച്ച് വാരങ്ങളില്‍ പുതയിടണം പിന്നീട് 40,90 ദിവസം കഴിഞ്ഞ് 30 കി.ഗ്രാം എന്ന തോതില്‍ പുതയിടല്‍ ആവര്‍ത്തിക്കാം.
തെങ്ങിന്‍തോപ്പിനു പുറമെ കവുങ്ങിന്‍ തോപ്പിലും കുരുമുളക് തോട്ടങ്ങളിലും ഇടവിളയായി ഇഞ്ചി പോലെ തന്നെ മഞ്ഞളും കൃഷിയിറക്കാം. അത്യുത്പാദനശേഷിയുള്ള സുഗുണ, സുവര്‍ണ്ണ, സുദര്‍ശന, പ്രതിഭ, പ്രഭ, ആലപ്പി സുപ്രീം, കാന്തി, ശോഭ, സോന, വര്‍ണ്ണ എന്നീ ഇനങ്ങള്‍ ഇടവിള കൃഷിയ്ക്ക് അനുയോജ്യമാണ്. ഒരു സെന്റിന് ആവശ്യമായ വിത്ത് 10 കി.ഗ്രാം. ചാണകപ്പൊടി 160 കി.ഗ്രാം, 120 കി.ഗ്രാം പച്ചില ഒരു സെന്റിന് എന്ന തോതില്‍ ചേര്‍ക്കണം. ഒരു സെന്റിന് 500 ഗ്രാം യൂറിയ, 1 കി.ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്, 1 കി.ഗ്രാം പൊട്ടാഷ് എന്നിവ വേണം.വളം ചെയ്യുന്നരീതിയും കാലവും എല്ലാം ഇഞ്ചിയുടേത് പോലെ തന്നെ. മഞ്ഞളിൽ താരതമ്യേന കീടബാധ കുറവാണ് .
കടപ്പാട്