ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇഞ്ചി ഉണ്ടാക്കുന്നത് കേരളത്തിൽ അല്ല. മധ്യപ്രദേശ്, കർണാടക, ഒറീസ്സ, മേഘാലയ, ആസാം, സിക്കിം എന്നിവരൊക്കെയാണ്. നമ്മളും അല്പം ഉണ്ടാക്കുന്നു എന്ന് പറയാം. ഞാറ്റുവേല നിയമങ്ങൾ പ്രകാരം കാർത്തികയുടെ ഒന്നാം കാലിൽ (അതായത് മെയ് മാസം 11-14 തീയതികളിൽ) ആണ് ഇഞ്ചി നടേണ്ടത്. അതും ഒരു പാട് വിത്തൊന്നും വേണ്ട, ഒന്നോ രണ്ടോ മുളകൾ ഉള്ള കാശോളം വരുന്ന ഒരു കഷ്ണം.
നല്ല വിത്ത് കിട്ടുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. മൃദുചീയൽ എന്ന രോഗം ഇല്ലാത്ത തോട്ടത്തിൽ നിന്നും ആയിരിക്കണം വിത്ത് എടുക്കേണ്ടത്. വലിയ പാടാണ്. കാരണം ഈ രോഗം ഇഞ്ചിയുടെ കൂടെ പിറപ്പാണ്. നടാനുള്ള സ്ഥലം തുറസ്സായ, അത്യാവശ്യം വെയിൽ കിട്ടുന്ന ഇളക്കമുള്ള മണ്ണായിരിക്കണം. അല്പസ്വല്പം തണൽ ഇഞ്ചിയങ്ങ് സഹിക്കും.
മണ്ണ് നന്നായി കിളച്ച് കട്ടയുടച്ച് സെന്റിന് 2-3 കിലോഗ്രാം കുമ്മായം ചേർത്ത് ഇളക്കി 15-20 സെ.മീ. ഉയരമുള്ള വാരം പണ കോരണം. വെള്ളം അല്പം പോലും കെട്ടി നിൽക്കാതിരിക്കാൻ ആണിത്. മണ്ണിൽ കിഴങ്ങ് വളർച്ചയ്ക്കുള്ള ഉലർച്ച (looseness) കിട്ടുകയും ചെയ്യും. കുമ്മായം ചേർത്ത് പുട്ടുപൊടി പരുവത്തിൽ നനച്ച് കരിയിലകൾ കൊണ്ട് പുതിയിട്ട് രണ്ടാഴ്ച മണ്ണ് അമ്ല സംഹാരത്തിനായി ഇടണം. അതിനു ശേഷം കുമിൾ മിത്രമായ ട്രൈക്കോഡെർമ, അഴുകി പൊടിഞ്ഞ ചാണകപ്പൊടി, പൊടിച്ച വേപ്പിൻ പിണ്ണാക്ക് എന്നിവ 1:90:10 എന്ന അനുപാതത്തിൽ കലർത്തി അതിൽ നിന്നും ഓരോ പിടി ഓരോ തടത്തിലും ചേർക്കണം.
മണ്ണിൽ കൊടുക്കുന്ന ജൈവ വളങ്ങൾ ആണ് തുടർന്നുള്ള ആറേഴ് മാസത്തേക്ക് മണ്ണിനെ ലൂസാക്കി നിർത്തേണ്ടത്. സെന്റിന് 100 കിലോഗ്രാം വച്ച് ചാണകപ്പൊടിയും കട്ടയ്ക്ക് കരിയിലകൾ കൊണ്ടുള്ള പുതയും അനിവാര്യം. കാഞ്ഞിരം, വേപ്പ് എന്നിവയുടെ തോലാണ് പഥ്യം. നല്ല തണുപ്പ് കിട്ടാൻ ഇത് സഹായിക്കും. അകലത്തിൽ നട്ടാൽ വിളവ്, അടുത്ത് നട്ടാൽ അഴക് എന്ന് പാണന്മാർ. വിത്ത് കാശോളം മതി. ഒന്നോ രണ്ടോ മുളയുള്ള കുഞ്ഞ് കഷ്ണം വിത്ത്. ഇതിൽ ഒരു മുളയിൽ നിന്നായിരിക്കും അവന്റെ പെരുക്കം.
കരിയിലകൾ കൊണ്ട് പുതയിട്ട് മിതമായി നനയ്ക്കാം. തെങ്ങോലകൾ മലർത്തി കരിയിലയ്ക്ക് മുകളിൽ വിരിക്കാം. പണയുടെ രണ്ടറ്റത്തും ഓരോ ഉണ്ട മുളകും നടാം.
മുളച്ച് തുടങ്ങിയാൽ പച്ചച്ചാണകം കലക്കി ഒഴിക്കാം. കരിയിലകൾ ദ്രവിച്ച് ചേരുന്നതിന് അനുസരിച്ച് വീണ്ടും ചേർത്ത് കൊടുത്താൽ അവരവർക്കു കൊള്ളാം. മാലപ്പടക്കം പൊട്ടുന്നത് പോലെ ചിനപ്പുകൾ പൊട്ടണം. മണ്ണിനടിയിൽ ഇഞ്ചിപ്പെരുക്കത്തിന്റെ ആരവമാണത്.
മാസത്തിൽ ഒരിക്കൽ സ്യൂഡോമോണാസ് ലായനി ഇഞ്ചിത്തടങ്ങളിൽ ഒഴിച്ച് കുതിർത്ത് കൊടുക്കണം. കളകൾ വളരാൻ അനുവദിക്കരുത്. പച്ചക്കറി ആവശ്യത്തിന് ആറ് മാസമാകുമ്പോൾ വിളവെടുക്കാം. പക്ഷെ വിത്താവശ്യത്തിന് എട്ട് മാസം എങ്കിലും എടുക്കും. വരദ, രജത, മഹിമ, മാരൻ, വയനാടൻ, മാനന്തോടി എന്നിവർ വിത്തിൽ കേമന്മാരും കേമികളും. നാടൻമാരും ഉണ്ട്.