സസ്യഭുക്കുകളായ ആടുകൾ ദിവസേന അതിന്റെ ശരീരഭാരത്തിന്റെ 5% കാഷ്ഠമായി പുറന്തള്ളുന്നു. ഇങ്ങനെ പുറന്തള്ളപ്പെടുന്ന വിസർജ്ജ്യങ്ങൾ ഈച്ചകളും മറ്റു പരാദങ്ങളും പെരുകുന്നതിനു കാരണമാകുന്നു. മാത്രമല്ല ഇവയിൽ നിന്നും സ്വതന്ത്രമാകുന്ന അമോണിയ രാസവസ്തു ആടുകളുടെ ശ്വസനേന്ദ്രിയങ്ങളെ ദോഷകരമായി ബാധിക്കുന്നു. അതിനാൽ ശരിയായ മാലിന്യ നിർമാർജ്ജനം ആടുകളുടെ ആരോഗ്യ സംരക്ഷണത്തിനും രോഗനിവാരണത്തിനും അനിവാര്യ മാണ്. ആട്ടിൻകാഷ്ഠത്തെ എങ്ങനെ ഉപയോഗപ്രദമാക്കാം എന്ന് നോക്കാം.
ചാണകവുമായി തുലനം ചെയ്യുമ്പോൾ ആട്ടിൻ കാഷ്ഠത്തിൽ നൈട്രജൻ, ഫോസ്ഫറസ് എന്നീ രാസവസ്തുക്കൾ രണ്ടര ഇരട്ടിയുണ്ട്. ഇത് ചെടികളുടെ വളർച്ചാ നിരക്ക് കൂട്ടുകയും വിളയിൽ 20 ശതമാനംവരെ വർദ്ധനവ് ഉണ്ടാക്കുകയും ചെയ്യുന്നു. ആയതിനാൽ ഇവ ഒരു ഉത്തമ വളമാണ്
മുഷിഞ്ഞ ഗന്ധം കുറവായതിനാൽ മിക്ക നഗരങ്ങളിലും വീടുകളിലും അലങ്കാര ചെടികൾക്ക് വളമായി ആട്ടിൻ കാഷ്ഠം ഉപയോഗിച്ചുവരുന്നു
ഗുളിക രൂപത്തിലായതിനാൽ വായു സഞ്ചാരം കൂട്ടി മണ്ണിൽ ഈർപ്പം കൂടുതൽ നേരം തങ്ങി നിൽക്കാൻ സഹായിക്കുന്നു
പ്ലാറ്റ് ഫോമിന് താഴെ വീഴുന്ന കാഷ്ഠം മൂത്രവുമായി കുതിരുമ്പോൾ നൈട്രജന്റേയും, ഫോസ്ഫറസിന്റേയും അളവ് കൂടുകയും ഇവ ആയുർവ്വേദ ഉൽപന്നങ്ങൾക്കും ബയോഗ്യാസ് ഉൽപാദനത്തിനും ഉപയോഗിക്കുന്നു
കൂടാതെ ബാക്കിവന്ന പച്ചിലയും മറ്റ് അവശിഷ്ടങ്ങളും ചേർത്ത് കമ്പോസ്റ്റാക്കിയും ഉപയോഗിക്കാം. വെയിലത്ത് ഉണക്കി ഉപയോഗിക്കുമ്പോൾ ഫോസ്ഫറസും നൈട്രജനും നഷ്ടപ്പെടുന്നതിനാൽ ശേഖരിച്ച് അപ്പപ്പോൾ ഉപയോഗിക്കുന്നതാണ് ഉത്തമം
ഇവയ്ക്ക് പുറമേ ഏകീകൃത കൃഷിരീതികൾക്കും ആട്ടിൻ കാഷ്ഠം ഉപയോഗിക്കാം
മീൻ വളർത്തലിൽ ആട്ടിൻകാഷ്ഠത്തിന് നല്ല പങ്കുണ്ട്. അത് നേരിട്ടുള്ള ഭക്ഷണമായോ അല്ലെങ്കിൽ മത്സ്യങ്ങളുടെ പ്രധാന ഭക്ഷണമായ പ്ലാംഗ്ടൺ, സൂപ്ലാംഗ്ടൺ എന്നീ അണുജീവികളുടെ സാന്നിദ്ധ്യം വർദ്ധിപ്പിച്ചോ ഉപയോഗിക്കാം
മൂത്രത്തിന് ധാരാളം ഔഷധ ഗുണങ്ങളുണ്ട്. ആട്ടിൻ കാഷ്ഠവുമായി കലരാൻ സാധ്യതയേറിയതിനാൽ പ്ലാറ്റ്ഫോമിന് താഴെ ചരിവുള്ള പ്രതലംവെച്ച് ഇവ വേർതിരിച്ചെടുക്കാം. ഇവയിൽ നിന്നും പലതരം ആയുർവ്വേദ മരുന്നുകൾ ഉണ്ടാക്കുന്നു.