ഉയര്‍ന്ന കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനു പുറമേ രക്ത സമര്‍ദ്ദം, പ്രമേഹം, അമിതവണ്ണം തുടങ്ങിയ ജീവിത ശൈലീ രോഗങ്ങളേയും കാന്താരി മുളക് പ്രതിരോധിക്കും എന്നാണ് വിദഗ്ധർ പറയുന്നത്.
കാന്താരി കൃഷി ചെയ്താൽ എപ്പോഴും വലിയ വില ലഭിച്ചേക്കില്ല എങ്കിലും കാന്താരി കൃഷിയിൽ നിന്നും ന്യായമായ ആദായം പ്രതീക്ഷിക്കാം. പാകമെത്തിയശേഷം ശാസ്ത്രീയമായി സംസ്‌കരിച്ച് ഉണക്കിയെടുത്ത കാന്താരിക്ക് കൂടുതല്‍ വില ലഭിക്കും.
വെള്ളകാന്താരിക്ക് വിപണിയില്‍ പ്രിയം കുറവാണ്. ഔഷധങ്ങളെക്കുറിച്ചുള്ള പ്രചാരണം കാരണം വിദേശത്തും കാന്താരിക്ക് നല്ല ഡിമാന്റാണ്.പുതിയ ഇനം മുളകുകളുടെ വരവിൽ ഒരു സമയത്ത് എല്ലാവരും മറന്നിരുന്നു.
എന്നാൽ വീണ്ടും കൃഷിയിനങ്ങളിലേക്ക് തിരിച്ചു വന്ന കാന്താരിയുടെ തിളക്കത്തിനിടയില്‍ മറ്റു മുളകുകൾ നിഷ്പ്രഭം. കാന്താരി മുളകില്‍ ധരാളമായി കണ്ടു വരുന്ന ക്യാപ്‌സിയില്‍ എന്ന രാസ ഘടകത്തിന് ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവു കുറയ്ക്കാനും ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും കഴിയുമെന്ന ചില പഠനങ്ങളാണ് കാന്താരിയുടെ ശക്തമായ രണ്ടാം വരവിനു പിന്നിലെ രഹസ്യം.
ഫലപ്രദമായ ഒരു വേദന സംഹാരി കൂടിയാണ് കാന്താരിയിലെ ക്യാപ്‌സിസിന്‍. ദഹനം സുഗമമാക്കും. വിശപ്പ് കൂട്ടും.കാന്‍സര്‍ രോഗികള്‍ക്ക് വേദന കുറയ്ക്കാന്‍ ഇത് എങ്ങനെ ഉപയേഗിക്കാമെന്ന് ഗവേഷണം നടന്നു വരുന്നു. ശരീരത്തിന് ഹാനീകരമായ സൂക്ഷ്മാണുക്കളെ ഇത് പ്രതിരോധിക്കും.വാതരോഗങ്ങള്‍, പേശികളുടെ വേദന, ശരീര വേദന എന്നിവയ്‌ക്കെല്ലാം ക്യാപ്‌സിസിന്‍ ഫലപ്രദമായ ഔഷധമാണ്. പോഷക മേന്മയിലും മുന്‍ നിരയില്‍ തന്നെയാണ് കാന്താരി.
വൈറ്റമിന്‍ എ, സി, ഇ എന്നിവയ്ക്ക് പുറമേ കാത്സ്യം, ഇരുമ്പ് തുടങ്ങിയ പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. കാന്താരി മുളകിന്റെ രൂക്ഷമായ എരിവ് പണ്ടേ പ്രസിദ്ധമാണ്. പണ്ട് മന്ത്രവാദികള്‍ ഭൂതപ്രേതാദികളെ ഓടിക്കുവാന്‍ കാന്താരി പ്രയോഗിച്ചിരുന്നുവത്രെ.
കീടങ്ങളെ അകറ്റുമെന്നതിനാല്‍ കാന്താരി ലായനിക്ക് ജൈവകൃഷിയിലും പ്രാധാന്യമുണ്ട്. ചമ്മന്തി, സംഭാരം തുടങ്ങിയവയില്‍ കാന്താരി പണ്ടു കാലം മുതലേ ഉപയോഗിച്ചിരുന്നു. കാന്താരി മുളകിന്റെ ചെടികള്‍ ഏകദേശം രണ്ടു മീറ്ററോളം ഉയരത്തില്‍ വളരും. ധാരാളം ശഖോപശാഖകള്‍ ഉണ്ടായിരിക്കും.
കാപ്‌സിക്കം ഫ്രൂട്ടിസന്‍സ് എന്നാണ് കാന്താരിയുടെ ശാസ്ത്ര നാമം. ഇതിന് ചുനിയന്‍ മുളക്, പാല്‍ മുളക്, കിളി മുളക് തുടങ്ങിയ പേരുകളുണ്ട്.ബേര്‍ഡ്‌സ് ഐ ചില്ലി എന്നാണ് ഇതിന്റെ ഇംഗ്‌ളീഷ് പേര്. ചുവന്ന് പഴുത്ത് മുകളിലേക്ക് നില്‍ക്കുന്ന കാന്താരി മുളക് കിളികളെ പെട്ടെന്ന് ആകര്‍ഷിക്കുമെന്നതിനാലാണ് ഇങ്ങനെ വിളിക്കുന്നത്. പച്ച, മഞ്ഞ കലര്‍ന്ന വെളുപ്പ് എന്നീ നിറങ്ങളില്‍ കാന്താരിമുളക് കണ്ടു വരുന്നു. തീവ്രമായ എരിവും, പ്രത്യേകമായ സുഗന്ധവും മറ്റ് മുളകിനങ്ങളില്‍ നിന്നും കാന്താരിയെ വ്യത്യസ്തമാക്കുന്നു.ചെടികള്‍ക്ക് മൂന്നുവര്‍ഷം വരെ ആയുസ്സുണ്ട്. ചെറിയ തണലുള്ള സ്ഥലത്തും വളര്‍ത്താം. നേരിട്ടു സുര്യപ്രകാശം പതിക്കാത്ത സ്ഥലങ്ങളിലും വളരുമെന്നതിനാല്‍ കാന്താരി തെങ്ങിന്‍ തോപ്പുകളിലും മറ്റും ഇടവിളയായും കൃഷി ചെയ്യാം. തനി വിളയായും ഇടവിളയായും കാന്താരി കൃഷി ചെയ്യാം.