Updated on: 1 March, 2023 7:35 AM IST
ആലുവ സീഡ് ഫാമിന്റെ അസിറ്റൻഡ് ഡയറക്ടർ ലിസിമോൾ കൃഷിമന്ത്രി പി പ്രസാദിനൊപ്പം

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന വൈഗ 2023 ൽ ആലുവ സീഡ് ഫാമിന്റെ സ്റ്റാളിൽ ജൈവരീതിയിൽ കൃഷി ചെയ്ത വിവിധയിനം അരികൾ, പഞ്ചഗവ്യം, കുണപ്പജല, വെർമിവാഷ്, രക്തശാലി അരി, തവിടോടു കൂടിയ പുട്ടുപൊടി, അവൽ, റാഗി പൊടി, ചിയ വിത്ത്, മഞ്ഞൾപൊടി എന്നിവ കാണാൻ കഴിയും.
ആലുവ സീഡ് ഫാമിന്റെ അസിറ്റൻഡ് ഡയറക്ടർ ആയ ലിസിമോൾ ജെ വടക്കാട്ടിന്റെ മേൽനോട്ടത്തിലാണ് ഈ ഉൽപ്പന്നങ്ങൾ ഇവിടെ കൊണ്ടുവന്നിരിക്കുന്നത്.

ആലുവ സീഡ് ഫാം - സംമ്പൂർണ്ണ ജൈവകൃഷിയുടെ സാക്ഷ്യപത്രം

10 വർഷമായി ജൈവ സാക്ഷ്യപത്രത്തോടെ പ്രവർത്തിച്ചു വരുന്ന, സംസ്ഥാന കൃഷിവകുപ്പിന് കീഴിലെ വിത്തുല്പാദന കേന്ദ്രമാണ് ആലുവ സീഡ് ഫാം. പെരിയാറിന്റെ തീരത്ത് 1919-ൽ കൃഷി പാഠശാലയായി ആരംഭിച്ച വിത്തുല്പാദന കേന്ദ്രം ജൈവകാർഷിക രംഗത്ത് മാതൃകയാണ്. കാർബൺ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് പ്രകൃതിയോടിണങ്ങിയ ശാസ്ത്രീയമായ കൃഷിരീതികൾ ഇവിടെ നടപ്പിലാക്കി വരുന്നു. രാസവളങ്ങളെ പൂർണ്ണമായി ഒഴിവാക്കി സുരക്ഷിത ഭക്ഷണവും ഫലഭൂയിഷ്ഠമായ മണ്ണും ലക്ഷ്യമിട്ടു കൊണ്ടുള്ള സംയോജിത കൃഷിരീതിയാണ് ഈ ഫാമിലെ പ്രത്യേകത. ആലുവയുടെ ഹൃദയഭാഗത്ത് പെരിയാറിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതിരമണീയമായ ഈ തുരുത്ത് ഇപ്പോൾ ഒരു പ്രത്യേക ജൈവ ആവാസവ്യവസ്ഥ തന്നെ ആയി മാറിക്കഴിഞ്ഞു.

ആലുവ ഫാമിനെ കാർബൺ ന്യൂട്രൽ ഫാമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ബേസ് ലൈൻ സർവ്വേ നടത്തുകയും കാർബൺ ബഹിർഗമനം, കാർബൺ സംഭരണം എന്നിവയുടെ കണക്കെടുപ്പ് കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള കോളേജ് ഓഫ് ക്ലൈമറ്റ് ചേഞ്ച് & എൻവയോൺമെന്റൽ സയൻസിനെ ചുമതലപ്പെടുത്തുകയും ആലുവയിലെ സ്റ്റേറ്റ് സീഡ് ഫാമിൽ നിന്നുള്ള കാർബൺ ബഹിർഗമനത്തിന്റെയും, കാർബൺ ആഗിരണത്തിന്റെയും കണക്ക് ഉൾപ്പെടുന്ന വിശദമായ കാർബൺ ഫുട്ട്പ്രിന്റ് വിലയിരുത്തൽ നടത്തുകയും ചെയ്തു.

ആലുവ സീഡ് ഫാമിലെ കാർബൺ സംഭരണം

IPCC 2006 സ്റ്റാന്റേർഡ് പ്രോട്ടോകോൾ പ്രകാരമാണ് ആലുവ ഫാമിൽ കാർബൺ കണക്കെടുപ്പ് നടത്തിയിട്ടുള്ളത്. ആലുവ ഫാമിൽ നിന്നും കഴിഞ്ഞ ഒരു വർഷം ബഹിർഗമിച്ച കാർബണിന്റെ അളവ് 43.08 ടണ്ണും സംഭരിച്ച കാർബണിന്റെ അളവ് 213.45 ടണ്ണും ആണെന്ന് പഠനത്തിൽ ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വിവിധ മേഖലകളിൽ നിന്നുള്ള മൊത്തം പുറന്തള്ളുന്ന കാർബണിനേക്കാൾ 170.37 ടൺ അധിക കാർബൺ ഫാമിൽ സംഭരിച്ചിരിക്കുന്നു. ആയതിനാൽ സ്റ്റേറ്റ് സീഡ് ഫാം, ആലുവ ഒരു കാർബൺ-നെഗറ്റീവ് ഫാം ആണെന്ന് കേരള കാർഷിക സർവ്വകലാശാല നടത്തിയ പഠനത്തിൽ കണ്ടെത്തുകയുണ്ടായി. ആയതിനാൽ, സംസ്ഥാന കൃഷി വകുപ്പിനു കീഴിലുള്ള ആലുവ സീഡ് ഫാമിനെ ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ഫാമായി പ്രഖ്യാപിച്ചു .

കാർബൺ ന്യൂട്രൽ ഫാം - നാൾവഴികൾ

എറണാകുളം ജില്ലയിൽ ആലുവ തുരുത്തിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാ വിത്തുല്പാദനകേന്ദ്രം രാജ്യത്തെ ആദ്യത്തെ കാർബൺ ന്യൂട്രൽ ഫാം എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ്.

1919-ൽ രാജഭരണകാലത്ത് കൃഷി പാഠശാലയെന്നനിലയിൽ ഇവിടെ കരിമ്പ് കൃഷി ആരംഭിച്ചിരുന്നു. പിന്നീട്. ജനകീയ സർക്കാർ നിലവിൽ വന്നതോടെ ഫാമിനെ നെൽവിത്തുല്പാദന കേന്ദ്രമാക്കി മാറ്റി.

10 വർഷമായി ജൈവസാക്ഷ്യപത്രത്തോടെ പ്രവർത്തിച്ചുവരുന്ന സംസ്ഥാന കൃഷി വകുപ്പിന് കീഴിലെ നെൽവിത്തുല്പാദന കേന്ദ്രമാണ് സ്റ്റേറ്റ് സീഡ് ഫാം ആലുവ.

2012 മുതൽ രാസവളങ്ങളോ കീടനാശിനികളോ കൃഷിയുടെയോ സംസ്കരണത്തിന്റെയോ സംഭരണത്തിന്റെയോ ഒരു ഘട്ടത്തിലും ഇവിടെ ഉപയോഗിക്കുന്നില്ല.

ഇവയ്ക്ക് പകരം തികച്ചും ശാസ്ത്രീയമായ രീതിയിൽ ജീവാണുവളങ്ങളും ജൈവവളർച്ചത്വരകങ്ങളും, ജൈവിക രോഗ കീട നിയന്ത്രണമാർഗ്ഗങ്ങളുമാണ് ഇവിടെ അവലംബിച്ചു വരുന്നത്.

സംയോജിത കൃഷിയുടെ ഭാഗമായി ആലുവ ഫാമിൽ നാടൻ പശുക്കൾ, മലബാറി ആടുകൾ, കോഴി, താറാവ്, മത്സ്യം, മണ്ണിര, തേനീച്ച എന്നിവയെ എല്ലാം പരിപാലിച്ചു വരുന്നുണ്ട്.

ജൈവ പുന:ചക്രമണമാണ് ഇവിടത്തെ കൃഷിരീതിയുടെ അടിസ്ഥാനം. കുമ്മായവും അടിവളമായി ഉപയോഗിക്കുന്ന വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും ഒഴിച്ചാൽ മറ്റൊരു വളവും ഇവിടെ പുറത്തു നിന്നും ഉപയോഗിക്കുന്നില്ല. ഇവിടെ തന്നെയുള്ള കാസർകോഡ് കുള്ളൻ പശുക്കളുടെ ചാണകവും മൂത്രവും ഉപയോഗിച്ചുണ്ടാക്കുന്ന ജൈവവളർച്ചാ ത്വർകങ്ങളും, ജൈവ രോഗ കീട നിയന്ത്രണ മാർഗങ്ങളുമാണ് ഇവിടെ അവലംബിച്ചു വരുന്നത്. ചാണകം നേരിട്ട് കൃഷിയിൽ ഉപയോഗിക്കുന്നില്ല. പുളിപ്പിച്ചു തയ്യാറാക്കുന്ന പഞ്ചഗവ്യം, കുണപജലം എന്നിവയാണ് വിളകൾക്ക് പത്രപോഷണത്തിലൂടെ നൽകുന്നത്. സാധാരണ ജൈവകൃഷി രീതിയിൽ നിന്നും വ്യത്യസ്തമായി ഇത്തരം ജൈവ വളർച്ചാത്വരകങ്ങൾ ഉപയോഗിക്കുമ്പോൾ ഏക്കറിന് പത്ത് കിലോയിൽ താഴെ ചാണകം മാത്രമേ ഒരു വിളയ്ക്ക് ആവശ്യമായി വരുന്നുള്ളൂ. തന്മൂലം ചാണകത്തിൽ നിന്നും ബഹിർഗമിക്കുന്ന മീഥേൻ എന്ന ഹരിതഗൃഹവാതകത്തിന്റെ അളവ് കുറയ്ക്കുവാൻ സാധിക്കുന്നു.

പച്ചിലവള ഉപയോഗത്തിനായി ശീമക്കൊന്ന ധാരാളമായി വളർത്തുന്നു. ഫാമിൽ ജൈവഅവശിഷ്ടങ്ങൾ കത്തിക്കുന്നത് പരമാവധി ഒഴിവാക്കിയിട്ടുണ്ട്. എല്ലാ ജൈവാവശിഷ്ടങ്ങളും കമ്പോസ്റ്റ് ചെയ്ത് ജൈവ പുന:ചംക്രമണം ഉറപ്പാക്കുന്നു. മണ്ണിൽ എപോഴും ജൈവാവരണം ഉറപ്പാക്കുന്നു. വിളകൾക്ക് കരിയിലകൾ കൊണ്ട് പുതയിടുന്നു.അനാവശ്യമായി മണ്ണ് ഇളക്കി മറിക്കാറില്ല. കൃത്യമായ ഇടവേളകളിൽ മണ്ണ് പരിശോധന നടത്തുന്നു. മെച്ചപ്പെട്ട കാർബൺ സംശ്ലേഷണ ശേഷിയുള്ള C4 സസ്യങ്ങളായ ചോളം, സൊർഗ്ഗം, റാഗി തുടങ്ങിയ വിളകൾ കൃഷിയിടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. എള്ള്, ചിയ, സൂര്യകാന്തി എന്നിവയും പാരിസ്ഥിതിക രൂപകല്പനയുടെ ഭാഗമായി കൃഷിയിടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാർബൺ ആഗിരണത്തിനായി വിവിധയിനം ഫലവൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചിരിക്കുന്നു. വിവിധയിനം മാവുകൾ, പ്ലാവുകൾ, മാങ്കോസ്റ്റീൻ, ലിച്ചി, അബിയു, റംബൂട്ടാൻ, പേര, സപ്പോട്ട, ചാമ്പ, കുടംപുളി, പാഷൻ ഫ്രൂട്ട്, ഡ്രാഗൺ ഫ്രൂട്ട് എന്നിവയെല്ലാം ഇതിൽപ്പെടും.

താറാവുകളെ ഉപയോഗിച്ചുകൊണ്ടുള്ള നെൽകൃഷിയാണ് ആലുവ ഫാമിലെ ഏറ്റവും വലിയ പ്രത്യേകത. കള -രോഗ - കീട നിയന്ത്രണത്തിനായി വളരെ ഫലപ്രദമായ രീതിയിൽ കുട്ടനാടൻ താറാവുകളെ ഇവിടെ ഉപയോഗിച്ചുവരുന്നു. കൊക്കു കൊണ്ടും കാലു കൊണ്ടും ഉള്ള താറാവിന്റെ ചലനങ്ങൾ നിമിത്തം നെൽപ്പാടത്തെ വെള്ളവും മണ്ണും നെൽച്ചെടികളുടെ വേരുപടലവും സദാ സമയവും ഇളക്കിമറിക്കപ്പെടുന്നതിനാൽ പാടത്തെ വായു രഹിത അവസ്ഥ ഇല്ലാതാക്കപ്പെടുന്നു. തന്മൂലം ശക്തമായ വേരുകളും ധാരാളം ചിനപ്പുകളും രൂപം കൊള്ളുകയും നല്ല വിളവ് ലഭിക്കുകയും ചെയ്യുന്നു.

അത്യുത്പാദനശേഷിയുള്ള നെൽവിത്തിനങ്ങൾക്ക് പുറമെ അന്യം നിന്നുപോകുന്ന നാടൻ നെൽവിത്തിനങ്ങളും കാർഷിക സർവ്വകലാശാലയിൽ നിന്നും ലഭ്യമാക്കി കൃഷി ചെയ്ത്, പുതിയ തലമുറയ്ക്ക് അവയെ പരിചയപ്പെടുത്തുകയും, പരമ്പരാഗത ഇനങ്ങളുടെ വിത്ത് കർഷകർക്ക് ലഭ്യമാക്കുകയും ചെയ്യുന്ന പ്രവർത്തനവും ഇവിടെ നടന്നു വരുന്നുണ്ട്.

ഫാമിൽ വരുന്ന തൊഴിലാളികളും ജീവനക്കാരും പ്ലാസ്റ്റിക് ഉപയോഗം പരമാവധി ഒഴിവാക്കിയിട്ടുണ്ട്. സന്ദർശകർക്കും പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കരുതെന്ന കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ പദ്ധതിവിഹിതം ഉപയോഗിച്ച് ഫാം ഓഫീസിന്റെ പ്രവർത്തനം മുഴുവനും ANERT മുഖാന്തിരം സൗരോർജ്ജത്തിന് കീഴിൽ മാറ്റിക്കഴിഞ്ഞു. ജലസേചനം, മൂല്യവർധന തുടങ്ങിയ ബാക്കി പ്രവർത്തനങ്ങൾക്കുള്ള ഊർജ്ജ ആവശ്യങ്ങൾക്കായി കൂടുതൽ സോളാർ പാനലുകൾ സ്ഥാപിച്ച് ഫാമിനെ സമ്പൂർണ്ണ ഊർജ്ജസ്വയം പര്യാപ്തമാക്കുന്നതിന് ANERT ന് ഫണ്ട് കൈമാറിക്കഴിഞ്ഞു.

കൃഷിവകുപ്പിന്റെ RIDF ഫണ്ട് ഉപയോഗിച്ച് ഫാമിൽ തന്നെ സോളാർ ഡ്രയർ, മിനി പ്രോസസിംഗ് യൂണിറ്റ് എന്നിവ കൂടി 22- 23 വർഷത്തിൽ തന്നെ സ്ഥാപിക്കുമ്പോൾ ഇനിയും കാർബൺ പാദ മുദ്രകൾ കുറയ്ക്കാനാകും.

ആലുവയുടെ ഹൃദയഭാഗത്ത് പെരിയാറിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതിരമണിയമായ ഈ തുരുത്ത് ഇപ്പോൾ ഒരു പ്രത്യേക ജൈവ ആവാസ വ്യവസ്ഥ തന്നെ ആയി മാറിക്കഴിഞ്ഞു. അതിനാൽ ഇവിടുത്തെ ഉൽപ്പന്നങ്ങളും പരിപൂർണ്ണമായും ജൈവമാണ്.

English Summary: great demand for aluva seed farm products
Published on: 01 March 2023, 07:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now