ഔഷധ മേന്മകളാൽ സമ്പന്നമാണ് പേരയ്ക്ക. ജന്മദേശം ട്രോപ്പിക്കൽ അമേരിക്ക, ശാസ്ത്രനാമം Psidium guajava. പേരയ്ക്കയിൽ വൈറ്റമിൻ സി സമൃദ്ധം. ഒപ്പം, വൈറ്റമിൻ B6, കാത്സ്യം, മഗ്നീഷ്യം, നാരുകൾ, സോഡിയം, ഇരുമ്പ് എന്നിവയും. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ദഹനപ്രശ്നങ്ങൾ പരിഹരിക്കാനും പേരയ്ക്ക ഉത്തമം.
നടീൽ
ഉഷ്ണമേഖല-അർധ ഉഷ്‌ണമേഖലാ പ്രദേശങ്ങളിലെ നല്ല ചൂടും ഈർപ്പവുമുള്ള കാലാവസ്‌ഥയാണ് പേരയുടെ വളർച്ചയ്ക്ക് ഉത്തമം. എല്ലാത്തരം മണ്ണിലും വളരുമെങ്കിലും നല്ല ബാരലുകളിലും മറ്റും നട്ടു വളർത്താം.
നിലം നന്നായി കിളച്ചൊരുക്കി കളകൾ നീക്കം ചെയ്ത് 75x75x75 സെ.മീ. അളവിലും 5 മീറ്റർ അകലത്തിലും കുഴികൾ എടുക്കുക. 100 ഗ്രാം കുമ്മായം ചേർത്ത് ഒരാഴ്ച ഇടുക. തുടർന്ന് മണ്ണും ട്രൈക്കോഡെർമ ചേർത്തു സമ്പുഷ്‌ടീകരിച്ച ചാണകവും വേപ്പിൻപിണ്ണാക്കും നിറയ്ക്കുക. 100 ഗ്രാം യൂറിയ, 250 ഗ്രാം മസൂറിഫോസ്, 50 ഗ്രാം പൊട്ടാഷ് എന്നിവ കൂടി ചേർത്ത് നന്നായി നനച്ചു കൊടുക്കുക. രണ്ടാഴ്ചയ്ക്കു ശേഷം വാം ചേർത്തിളക്കി, തൈകൾ നടാം. യൂറിയ, മസൂറിഫോസ്, പൊട്ടാഷ് എന്നിവ നടുമ്പോൾ ചേർത്തതിന്റെ ഒന്നര ഇരട്ടി കണക്കാക്കി രണ്ടാം വർഷവും രണ്ടിരട്ടി കണക്കാക്കി മൂന്നാം വർഷവും നൽകുക. ഒപ്പം 50 ഗ്രാം സൂക്ഷ്‌മ മൂലകങ്ങളും ഓരോ വർഷവും നൽകാം.
ഇനങ്ങൾ, പരിപാലനം
വിഎൻആർ, തയ്വാൻ പിങ്ക്, തയ്‌വാൻ റെഡ്, മലേഷ്യൻ റെഡ്, ജാപ്പനീസ് റെഡ് ഡയമണ്ട് തുടങ്ങി ഒട്ടേറെ പുതിയ ഇനങ്ങളുടെ തൈകൾ നഴ്‌സറികളിൽ ലഭ്യമാണ്. രോഗ, കീടങ്ങൾ കണ്ടു തുടങ്ങുമ്പോൾ രോഗം ബാധിച്ച ഭാഗവും കീടങ്ങളെയും നശിപ്പിക്കുക.
10 മില്ലി വേപ്പെണ്ണ ഒരു ലീറ്റർ വെള്ളത്തിൽ ചേർത്തു തളിക്കുന്നത് കായ്കൾക്കു നേരെയുള്ള കീടാക്രമണത്തെ പ്രതിരോധിക്കും.
സ്യൂഡോമോണാസ് 10 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ ചേർത്ത് 10 ദിവസം ഇടവിട്ടു തളിക്കുന്നത് പൂക്കുന്ന കാലത്ത് വരാവുന്ന രോഗങ്ങൾ നിയന്ത്രിക്കും. ജൈവവളമായി ചാണകം, വേപ്പിൻപിണ്ണാക്ക്, കടലപ്പിണ്ണാക്ക് എന്നിവ പുളിപ്പിച്ച് ഒരു ലീറ്ററിന് 10 ലീറ്റർ വെള്ളം എന്ന അനുപാതത്തിൽ നേർപ്പിച്ച് മാസത്തിലൊരിക്കൽ നൽകുക.
മരത്തിന് 80 സെ.മീ. ഉയരം എത്തുമ്പോൾ മുതൽ ശിഖരങ്ങൾ മുറിച്ച് വളർച്ച നിയന്ത്രിച്ചു തുടങ്ങാം. മണ്ണിനോടു ചേർന്നു വളരുന്ന ശാഖകൾ മുറിച്ചു മാറ്റാം