രോഗബാധയില്ലാത്ത കൃഷിയിടത്തിലെ നല്ല പുഷ്ട്‌ടിയോടെ വളർന്ന ചേനയാണ് വിത്തിനായി ശേഖരിക്കേണ്ടത്. ചേനയുടെ തണ്ട് മാഞ്ഞു പോയ ഉടനെ വിത്തിനായുള്ള ചേന കുഴിച്ചെടുക്കണം.
ചതവോ മുറിവോ തട്ടാത്ത ചേനയുടെ വേരുകൾ നീക്കി പഴയ തണ്ട് നിന്ന ഭാഗം തുരന്ന് കളയണം. ഇങ്ങനെ ചെയ്‌തില്ലെങ്കിൽ അവിടെ നിന്ന് പൂവാണ് പുറത്ത് വരുക. അതിന് ശേഷം ചേനകൾ കമഴ്ത്തി വച്ച് സൂക്ഷിക്കണം. നടുന്നതിന് മുമ്പ് രണ്ട് മാസം മുമ്പ് വിത്ത് ചേന സംഭരിച്ച് വെക്കുന്നതാണ് നല്ലത്.
രണ്ട് രീതികളിൽ വിത്ത് ഉപചാരം ചെയ്യുന്നവരുണ്ട്. വിത്തിനായി ശേഖരിച്ച ചേനകൾ വൃത്തിയാക്കിയ ശേഷം കട്ടി കുറഞ്ഞ ചാണകനീരിൽ മുക്കി നിഴലത്ത് നിരത്തി ഉണങ്ങിയ ശേഷം ഉയരത്തിൽ ഒരുക്കിയ തട്ടിൽ പാണലിൻ്റേയോ, മാവിന്റെയോ ഇലകൾ നിരത്തിയ ശേഷം കമഴ്ത്തിയടുക്കി ചപ്പ് ഇട്ട് മൂടും. തുടർന്ന് തട്ടിനടിയിൽ ചെറുതീ കൂട്ടി പുകയിടുന്നു. ഇങ്ങനെ സൂക്ഷിക്കുന്ന ചേനകൾ നല്ല കരുത്തോടെ മുളച്ചു വരും
മറ്റൊരു രീതിയിൽ ചേന വൃത്തിയാക്കി നേരിട്ട് ചൂടടിക്കാത്ത സ്ഥലത്ത് കമഴ്ത്തിയടുക്കി സൂക്ഷിക്കുന്നു. വിത്തിനായി ശേഖരിച്ച ചേനകളിൽ മീലിബഗ്ഗിൻ്റെ സാന്നിദ്ധ്യം കാണുന്നുവെങ്കിൽ രണ്ട് ശതമാനം വീര്യമുള്ള വേപ്പെണ്ണ എമൽഷൻ ലായനിയിൽ 5, 10 മിനുട്ട് മുക്കി വെച്ച ശേഷം നിഴലത്തുണക്കി സൂക്ഷിക്കുന്നു.