മുൻകാലങ്ങളിൽ കേരളത്തിൽ നെൽപാടങ്ങളിലും, കുളങ്ങളിലും തോട്ടുവക്കിലും, സാധാരണയായി കണ്ടു വന്നിരുന്ന വെയിലേറ്റാൽ വാടിപ്പോകുന്ന ഒരു ചെടിയാണ് കരിങ്കൂവളം. കരൾ സംബന്ധമായ രോഗങ്ങൾക്കുള്ള ചികിത്സക്ക് ഇതിന്റെ വേര് ഉപയോഗിക്കുന്നു, പല്ലുവേദനക്കും വേര് ഔഷധമാണ് ശരീര താപത്തെ ശമിപ്പിക്കുന്ന നല്ലൊരു ഔഷധം കൂടിയാണ് കരിങ്കൂവളം.
കരിങ്കൂവളം പ്രധാന ചേരുവയായി ഉണ്ടാക്കുന്ന “നീലോൽപലാദി' എണ്ണ മാനസികരോഗങ്ങൾക്ക് തലയ്ക്ക് തണുപ്പു കിട്ടാൻ ഏറെ ഉത്തമമാണ്. കരിങ്കൂവളക്കിഴങ്ങ്, മണ്ഡൂരം, നെല്ലിക്കത്തൊണ്ട്, ചെമ്പരത്തിപ്പൂവ് ഇവ സമം പൊടിച്ച് പശുവിൻ പാൽ യോജിപ്പിച്ച് മൺകുടത്തിൽ ഒഴിച്ച് അടച്ചു വക്കുക. ഇത് മണ്ണിൽ പൊതിഞ്ഞ് 41 ദിവസം കുഴിച്ചിട്ടതിനു ശേഷം ഇതെടുത്ത് തലയിൽ തേച്ചാൽ നരച്ച മുടി കറുക്കുമെന്ന് നാട്ടുവൈദ്യത്തിൽ പറയുന്നു.
കരിങ്കൂവള സർബത്ത്
ആമ്പലിന്റെ പൂവും കരിങ്കൂവളത്തിന്റെ പൂവും കുടി സർബത്താക്കി സേവിക്കുന്നത് വർഷകാലത്തുണ്ടാവുന്ന പനി, വൈറൽ പനി, ജലദോഷം, ചുമ, എന്നീ രോഗങ്ങളെ ശമിപ്പിക്കും. ആമ്പലിന്റെ മൂന്ന് പൂവും കരിങ്കൂവളത്തിന്റെ മൂന്ന് പൂവും കൂടി അര ഗ്ലാസ് തിളപ്പിച്ച വെള്ളത്തിൽ ഇട്ട് മൂടി വച്ചിരുന്ന് ആറിയശേഷം കുടിക്കുന്നതും മേൽപറഞ്ഞ രോഗങ്ങൾക്ക് നല്ലതാണ്.
ചെമ്പരത്തി ചായ
ചുവന്ന നിറമുള്ള ചെമ്പരത്തിപ്പൂവിന്റെ ഇതളുകൾ കൊണ്ട് നിർമ്മിക്കുന്ന ഔഷധചായ ആണിത്. ചൂടുപാനീയമായും തണുപ്പിച്ചും ഇതുപയോഗിക്കാം. 100 മില്ലി വെള്ളത്തിൽ ആറോ ഏഴോ പൂവിന്റെ ഇതളുകൾ എടുത്ത് തിളപ്പിച്ചാൽ ഒരു ചുവന്ന ദ്രാവകം കിട്ടും. ഇത് അരിച്ചെടുത്ത് ഉപയോഗിക്കാം. തുല്യയളവിൽ പാൽ ചേർത്ത് പാൽ ചായയായും ഉപയോഗിക്കാം. ഇതിൽ ജൈവാമ്ലങ്ങളായ സിട്രിക് ആസിഡ്, മാലിക് ആസിഡ്, ടാർടാറിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ പോളിസാക്കറൈഡ്സ്, സയാനിഡിൻ, ഡെൽഫിനിഡിൻ തുടങ്ങിയ ഫ്ളാവനോയിഡ് ഗ്ലൈക്കോസൈഡുകൾ അടങ്ങിയിട്ടുണ്ട്.
വൃക്കത്തകരാറുള്ളവരിൽ മൂത്രോൽപാദനം സുഗമമാക്കാൻ പഞ്ചസാര ചേർക്കാത്ത ചെമ്പരത്തി ചായ നല്ലതാണ്. ദഹന സംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കാനും ടെൻഷൻ കുറക്കുന്നതിനും ഇത് ഉത്തമമാണ്. ഹൃദയരോഗങ്ങളുടെ ശമനത്തിന് ഉത്തമമാണ് ചെമ്പരത്തിചായ എന്നു പറയുന്നു. അമിതശരീരഭാരം നിയന്ത്രിക്കുന്നതിനും ഇത് നല്ലതാണ്. ദോഷകരമായ എൽ.ഡി.എൽ കൊളസ്ട്രോൾ കുറക്കുന്നതിനും ചെമ്പരത്തിചായ നല്ലതാണ്.