അടുക്കള വേസ്‌റ്റിൽ ഏതൊക്കെ ജൈവവളമായി മാറ്റാമെന്നു പരിശോധിക്കാം.
1. ചാരം: മിക്ക പച്ചക്കറിക്കും ചാരം ഉപയോഗിക്കാം. നെട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് മൂലകങ്ങൾക്കു പുറമെ ഇത് കീടനാശിനിയായും പ്രയോഗിക്കാം. ഇലതീനിപ്പുഴുവിനു മുകളിൽ ഇലയിൽ ചാരം വിതറിയാൽ മതി. കുടാതെ ഇതിൽ ഒരു കിലോഗ്രാം ചാരം അരിച്ചെടുത്ത് അതിൽ 200 ഗ്രാം ഉപ്പുപൊടി (പരലുപ്പ് പൊടിച്ചത്) 200 ഗ്രാം നീറ്റുകക്കപ്പൊടി എന്നിവ കൂട്ടിച്ചേർത്ത് കീടങ്ങളുള്ള ഭാഗത്ത് നന്നായി തൂവിക്കൊടുത്താൽ പുഴുക്കളും മുഞ്ഞയും മാറിക്കിട്ടും.
2. അരികഴുകിയ കാടിവെള്ളവും കഞ്ഞിവെള്ളവും വളർച്ച ത്വരിതമാക്കാൻ സഹായിക്കും. ചുവട്ടിൽ ഒഴിച്ചു കൊടുത്താൽ മതി. കഞ്ഞി വെള്ളം ഒഴിച്ചാൽ ചിത്രകീടം, മിലിമുട്ട എന്നിവയെ നിയന്ത്രിക്കാനാവും
3. മത്സ്യം കഴുകിയ വെള്ളവും മത്സ്യാവശിഷ്ടവും ഇതു രണ്ടും പച്ചക്കറികൾ, വാഴ എന്നിവയ്ക്ക് നല്ല വളമാണ്. മത്സ്യാവശിഷ്ടം വാഴയ്ക്ക് ഏറെ സമൃദ്ധി നൽകും. ചുവട്ടിൽ ഇട്ട് അൽപ്പം മണ്ണ് മുടിയാൽ മതി. മീൻ കഴുകിയ വെള്ളം പച്ചക്കറിക്ക് ചുവട്ടിൽ ഒഴിച്ചു കൊടുക്കാം. അലങ്കാരച്ചെടികളിൽ പ്രയോഗിച്ചാൽ ധാരാളം പൂക്കളുണ്ടാകും.
4. മാംസാവശിഷ്ടം: മാംസാവശിഷ്ടം (എല്ല് ഉൾപ്പെടെ) തെങ്ങ്, കമുക് എന്നിവയ്ക്കും എല്ല് നുറുക്കിയത് പുച്ചെടികൾക്കും ഉത്തമമാണ്. എല്ലിലെ ഫോസ്ഫറസ് ഘടകം പ്രത്യേകം ഗുണം ചെയ്യും.
5. പച്ചക്കറി-ഇലക്കറി-പഴ വർഗ അവശിഷ്ടങ്ങൾ ഇവ ചെടികളുടെ ചുവട്ടിൽ ഇട്ട് അഴുകാൻ അനുവദിച്ചും അല്ലാത്ത പക്ഷം വിവിധ കമ്പോസ്റ്റു വഴിയും ജൈവവളമാക്കാം. പൈപ്പ് കമ്പോസ്റ്റ് സ്ഥാപിച്ചാൽ ചെറിയ ചെലവിൽ നല്ല ജൈവവളമുണ്ടാക്കി ഉപയോഗിക്കാം. ഇതുപയോഗിച്ച് മണ്ണിരക്കമ്പോസ്റ്റും- സാധാരണ കുഴികമ്പോസ്റ്റും നിർമിച്ച് വളമാക്കി മാറ്റാം.
തേയില, കാപ്പി, മുട്ടത്തോട് അവശിഷ്ടങ്ങൾ ചെടികൾക്കു തേയില, കാപ്പി, മുട്ടത്തോട്
അവശിഷ്ടങ്ങൾ ചെടികൾക്കു ചുറ്റും മണ്ണിൽ വിതറിക്കൊടുക്കാം. തേയിലയും കാപ്പിയും വെയിലത്തിട്ടുണക്കി വേണം നൽകാൻ. മുട്ടത്തോട് വളർച്ച ത്വരിതപ്പെടുത്തും. പൂച്ചെടികൾക്കും ഉത്തമമാണ്. തേങ്ങാവെള്ളം പാഴാക്കരുത്. കീടനാശിനിയായും ഉത്തേജകവസ്തുവായും ഉപയോഗിക്കാം. പയർ പൂവിടുമ്പോൾ തളിച്ചാൽ ഉൽപ്പാദന വർധനവുണ്ടാക്കും. കൂടാതെ വിവിധ ജൈവ കീടനാശിനി കൂട്ടുകൾക്കും തേങ്ങാവെള്ളം ഉപയോഗിക്കാം.