മരുന്നുത്പാദത്തിന് ഉപയോഗിക്കുന്ന ചെടികളുടെ കൃഷിവ്യാപനത്തിന് നാഷണൽ മെഡിസിനൽ പ്ലാന്റ് ബോർഡിന്റെയും ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സംയുക്ത സംരംഭം. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിർദേശാനുസരണം ഇരുസ്ഥാപനങ്ങളും തമ്മിൽ ഇതിന് ധാരണാപത്രമായി.
ഗുണനിലവാരമുള്ള ചെടികളുടെ കൃഷിയും അവയുടെ സംസ്‌കരണവുമാണ് ലക്ഷ്യം. ഓരോ സംസ്ഥാനത്തെയും കാലാവസ്ഥയ്ക്ക് അനുയോജ്യമായ സസ്യങ്ങൾ കണ്ടെത്തി സ്റ്റേറ്റ് മെഡിസിനൽ പ്ലാന്റ്‌സ് ബോർഡുകളുമായി സഹകരിച്ച് കൃഷി ചെയ്യും.
പൊതുസ്ഥലങ്ങളിലും സർക്കാർ സ്ഥാപനവളപ്പുകളിലും ഔഷധസസ്യകൃഷി വ്യാപിപ്പിക്കും.
ആദ്യഘട്ടമായി ആയുഷ് വകുപ്പ് എല്ലാ ക്ലിനിക്കുകളിലും ഔഷധത്തോട്ടമുണ്ടാക്കാനുള്ള പദ്ധതി തുടങ്ങിയിരുന്നു.
അലോപ്പതി, ആയുർവേദം, ഹോമിയോ, യുനാനി തുടങ്ങിയ ചികിത്സാശാഖകളിൽ ഉപയോഗിക്കുന്ന സസ്യങ്ങളുണ്ട്. പലതും നാശോന്മുഖമാണ്. വിവിധ കാലാവസ്ഥകളിൽ വളരുന്ന ഔഷധച്ചെടികളെക്കുറിച്ച് എൻ.എം.പി.ബി. ഗവേഷണം നടത്തിയിരുന്നു.
ഇവയുടെ ഉത്പാദനവും വിതരണവും വിളവെടുപ്പും സംസ്‌കരണവും വേണം. ഉയർന്ന വിപണനസാധ്യതയും കയറ്റുമതിക്ക് അവസരവുമുള്ള ചെടികളുണ്ട്. ഇവയുടെ വിത്ത്ബാങ്കും ഉണ്ടാക്കും.
നിലവിൽ ഔഷധച്ചെടികളിൽ 40 ശതമാനത്തിലേറെ സംഭരിക്കുന്നത് വനമേഖലയിൽനിന്നാണ്. അത്യപൂർവമായ ചെടികൾ വനത്തിനുള്ളിലുണ്ട്. അത്തരം ചെടികൾ, നാട്ടിൽ അനുകൂല സാഹചര്യമൊരുക്കി വളർത്തുന്നതും പരിഗണിക്കും.
6,500 ഇനത്തിൽപ്പെട്ട മരുന്നുചെടികൾ രാജ്യത്തുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
ആഭ്യന്തര ഔഷധവ്യവസായമേഖലയിൽ പ്രതിവർഷം രണ്ടു ലക്ഷം ടൺ ഔഷധച്ചെടികൾ ഉപയോഗിക്കുന്നു.
1,178 ഇനം ചെടികളാണ് കൂടുതലായും ഉപയോഗിക്കുന്നത്. അതിൽ 242 ഇനങ്ങൾ പ്രതിവർഷം നൂറു ടൺ വീതം വേണ്ടിവരുന്നു.