മണ്ണിലെ അമ്ലത്വം കൂടുന്നതു കൊണ്ട് ചെടികൾ പല ലക്ഷണങ്ങളും കാണിക്കും. ഇവ വിവിധ ചെടികളിൽ വ്യത്യസ്തമായിരിക്കും. കൂടാതെ മണ്ണിലടങ്ങിയ വിവിധ വസ്തുക്കളുടെ ഏറ്റക്കുറച്ചിലുകൾ കാരണം സസ്യങ്ങൾ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ വിഭിന്നമായിരിക്കും.
മണ്ണിൽ അമ്ലത്വം കൂടുതലാണെങ്കിൽ ചെടികളിൽ കാണുന്ന സാമാന്യ ലക്ഷണങ്ങളാണ് താഴെ നൽകിയിരിക്കുന്നത്.
കുറഞ്ഞ വിളവ്
സസ്യ ചൈതന്യ ശോഷണം പയറുവർഗ്ഗങ്ങളിൽ വേരുകളിൽ കാണുന്ന റൈസോബിയത്തിന്റെ അഭാവം
മുരടിച്ച വേരുകൾ
വർദ്ധിച്ച രോഗങ്ങൾ
ഇലകളിൽ അസാധാരണമായ നിറങ്ങൾ
മണ്ണിൽ അമ്ലത്വം കൂടിയാൽ സസ്യങ്ങൾക്ക് ആവശ്യമായ പല മൂലകങ്ങളുടെയും ലഭ്യത കുറയുന്നതു കൂടാതെ മറ്റു പല ദോഷഫലങ്ങളും കണ്ടുവരാറുണ്ട്.
മണ്ണിൽ അലൂമിനിയത്തിന്റെ അളവ് വർദ്ധിക്കുക, ഇതു മൂലമുണ്ടാകുന്ന ലക്ഷണങ്ങളാണ് മുരടിപ്പ്, കടും പച്ചനിറത്തിലുള്ള ചെറിയ ഇലകൾ, ചെടി മൂപ്പെത്തുവാനുള്ള കാലതാമസം, തണ്ടുകളിലും ഇലകളിലും ഞരമ്പുകളിലും മാന്തളിർ നിറം (പർപ്പിൾ), ഇലയുടെ അഗ്രഭാഗം മഞ്ഞളിക്കുക, കരിയുക എന്നിവ. മണ്ണിൽ മാംഗനീസിന്റെ അളവ് വർദ്ധിക്കുക, ഇലകളിലെ പ്രത്യേകിച്ചും മൂപ്പെത്തിയ ഇലകളിലെ മഞ്ഞളിപ്പ്, തവിട്ട് പുള്ളിക്കുത്തുകൾ, ഇലകളുടെ അഗ്രഭാഗം കരിയുക എന്നിവയാണ് മാംഗനീസ് കൂടിയാലുണ്ടാകുന്ന രോഗലക്ഷണങ്ങൾ. എങ്കിലും ഇത് കൃത്യമായി തിരിച്ചറിയാൻ പ്രയാസമാണ്.
ചെടികളിൽ കാൽസ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയു ലഭ്യതക്കുറവ്. ഭാവകം ചെടിക്ക് ലഭിക്കാത്ത വിധത്തിൽ മണ്ണിൽ പിടിച്ചു നിർത്തുന്നു. പയറുവർഗ്ഗ ചെടികളിലുള്ള റൈസോബിയം അണുക്കൾക്ക് അന്തരീക്ഷത്തിലെ പാക്യജനകം ചെടിക്ക് ലഭ്യമാകുന്ന വിധത്തിൽ ഉല്പാദിപ്പിക്കുവാൻ കഴിയാതെ വരുന്നു. മണ്ണിലെ ജൈവപദാർത്ഥങ്ങൾ ധാതുവത്കരിക്കുന്നു. ഇതുമൂലം മണ്ണിലെ ജൈവാംശം കുറയുകയും മൂലം ചെടികളുടെ വളർച്ച മന്ദീഭവിക്കുകയും ചെയ്യുന്നു. മണ്ണിന്റെ ഘടനയ്ക്ക് രൂപമാറ്റം വരുന്നു.