ശരിയായി പരിപാലിക്കുന്ന ഒരു തെങ്ങിൽ ഓരോ മാസവും ഓരോ ഓല ഉണ്ടാകും. സ്വാഭാവികമായും ആ ഓലയുടെ കക്ഷത്ത് (Leaf axil) ഒരു പൂങ്കുല (Inflorescence) ഉണ്ടാകും . അത് വിരിയുമ്പോൾ അതിൽ ആൺ പൂക്കളും (Staminate Flower) പെൺപൂക്കളും (Pistillate Flower) ഉണ്ടാകും. ഇതിൽ പെൺപൂക്കളാണ് മച്ചിങ്ങകൾ അഥവാ വെള്ളക്കകൾ.
മനുഷ്യനിൽ പ്രത്യുല്പാദന തകരാറുകളും ഹോർമോൺ വ്യതിയാനങ്ങളും മറ്റും മൂലം വന്ധ്യതയും ഗർഭം അലസലും ഉണ്ടാകുന്നത് പോലെ തന്നെ അവ ചെടികളിലും ഉണ്ടാകുന്നുണ്ട്.
തെങ്ങിന്റെ അസ്വാഭാവികമായ വെള്ളയ്ക്ക കൊഴിച്ചിലിന് ഏതാണ്ട് ഒൻപതോളം കാരണങ്ങൾ ചൂണ്ടികാട്ടാം.
1. പാരമ്പര്യം (അവിടെയാണ് മാതൃവൃക്ഷം പ്രധാനമാകുന്നത്)
2. രോഗ കീടാക്രമണം (മണ്ഡരി, പൂങ്കുല ചാഴി, കുമിൾബാധ മൂലമുള്ള പൂങ്കുല കരിച്ചിൽ മുതലായവ).
3. പോഷകാഹാരക്കുറവ് (NPK, Ca, Mg, S, Boron, Chlorine എന്നിവ സന്തുലിതമായ അളവിൽ മണ്ണിൽ ഉണ്ടായിരിക്കണം)
4. മണ്ണിലേയും കാലാവസ്ഥയിലേയും വ്യതിയാനങ്ങൾ.
5. പരാഗണത്തിലും സങ്കരണത്തിലും ഉണ്ടാകുന്ന അപാകതകൾ.
6. പൂക്കളുടെ ഘടനാ വൈകല്യങ്ങൾ.
7. സങ്കരണത്തിന് ശേഷമുള്ള ഭ്രൂണനാശം (പലപ്പോഴും ബോറോൺ മണ്ണിൽ കുറയുമ്പോൾ, അല്ലെങ്കിൽ ചെടിയ്ക്ക് വലിച്ചെടുക്കാൻ കഴിയാതാകുമ്പോൾ അങ്ങനെ സംഭവിക്കാം).
8. കൂടുതൽ കായ്കൾ താങ്ങാനുള്ള മരത്തിന്റെ ശേഷിക്കുറവ് (അതും പാരമ്പര്യമായി കരുതാം).
9. മണ്ണിലെ ഈർപ്പക്കുറവ്, വെള്ളക്കെട്ട് എന്നിങ്ങനെയുള്ള പ്രതികൂല സാഹചര്യങ്ങൾ.
ഇതിൽ ഏതാണ് കാരണം എന്ന് കണ്ടെത്തി അതിനുള്ള പ്രതിവിധി ചെയ്യണം.
ഇതൊക്കെ ആണ് തെങ്ങിലെ വെള്ളയ്ക്കാകൊഴിച്ചിലുമായി ബന്ധപ്പെട്ട വിശേഷങ്ങൾ.
കഴിവുള്ളവർ തെങ്ങിൻ തോട്ടങ്ങളിൽ തേനീച്ച കോളനികൾ സ്ഥാപിക്കുക. അത് മറ്റുള്ളവർക്കും ഗുണകരമാകും.
കടപ്പാട് : പ്രമോദ് മാധവൻ
അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ