തെങ്ങിനെ ബാധിക്കുന്ന മഹാളി എന്ന കുമിൾരോഗത്തിന് "ഫൈറ്റോഫ്തോറ' എന്ന കുമിളാണ് രോഗഹേതു.
കായ്അഴുകൽ, കായ് പൊഴിയൽ എന്നെല്ലാം ഈ രോഗത്തെ വിളിക്കാറുണ്ട്.
മച്ചിങ്ങ ഉൾപ്പെടെ വലിയ കായ്കൾ കൊഴിയുന്നതാണ് അവസാനലക്ഷണം. സാധാരണ ഗതിയിൽ അഞ്ചുമാസംവരെ വളർന്ന നാളികേരം കൊഴിയാമെങ്കിലും വലിയവയും കൊഴിയുക പതിവാണ്. സാമാന്യം വളർന്നുകഴിഞ്ഞാവും ഒരുപക്ഷേ, ഇവ കൊഴിയുക.
കായയുടെ മോടിൽ വെള്ളനിറത്തിൽ പൂപ്പൽ വളർന്ന് ചീഞ്ഞിരിക്കുന്നത് കാണാം. ഇത് ബ്രൗൺ നിറത്തിൽ നിറഭേദം വന്ന് തൊണ്ടിലേക്കും ക്രമേണ തേങ്ങയുടെ ഉൾഭാഗത്തേക്കും വ്യാപിച്ച് കാമ്പ് അഴുകുകയും പതിവാണ്. ഇത്തരം തേങ്ങ കൊഴിയാതെ പിടിച്ചുനിന്നാൽ പോലും ഉപയോഗയോഗ്യമായിരിക്കില്ല. രാസവ്യത്യാസം വരുകയുംചെയ്യും.
കൊഴിഞ്ഞുവീണ തേങ്ങയിലും ഇത്തരം കുമിൾവളർച്ചയും അഴുകലും വ്യക്തമായിക്കാണാം. യഥാസമയം നിയന്ത്രിച്ചില്ലെങ്കിൽ അഴുകൽ പൂങ്കുലയുടെ കുലഞഞ്ഞിലിലേക്കും പടർന്ന് പൂങ്കുലതന്നെ ഉണങ്ങി നശിക്കാനും മതി. അതുകൊണ്ടുതന്നെ മഹാളി യഥാസമയം നിയന്ത്രിച്ചേ തീരൂ.
• മഴ തുടങ്ങുന്നതിനുമുമ്പുതന്നെ തെങ്ങിൻറ മണ്ട വൃത്തിയാക്കിയതിനുശേഷം ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതമോ കോപ്പർ ഓക്സി ക്ലോറൈഡോ (രണ്ടുഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയത്) കുലകളിലും മണ്ടയിലും മഴയ്ക്കുമുമ്പുതന്നെ ഒരുതവണ നന്നായി തളിക്കുക. തുടർന്ന് 40 ദിവസം കഴിഞ്ഞ് വീണ്ടും തളിക്കാം. മഴ നീണ്ടുനിന്നാൽ മൂന്നാമതും മരുന്നുതളി ആവർത്തിക്കാം. പശയായി റോസിൻ സോഡ ഉപയോഗിക്കാം.
• രോഗം വന്ന് കൊഴിഞ്ഞുവീണ് മച്ചിങ്ങകൾ ശേഖരിച്ച് കത്തിച്ചു നശിപ്പിച്ച് കുമിൾ വ്യാപനം തടയുക.
രോഗസാധ്യതയുള്ള സ്ഥലങ്ങളിൽ തെങ്ങിൻതൈകൾ നിശ്ചിത അകലത്തിൽമാത്രം നടുക.
• തടത്തിൽ വെള്ളക്കെട്ടിന് ഇടയാക്കാതിരിക്കുക.
• ശുപാർശ ചെയ്തിരിക്കുന്ന തോതിൽ വളം ചേർക്കുകയും പരിപാലനമാർഗങ്ങൾ സ്വീകരിക്കുകയും ചെയ്താൽ രോഗസാധ്യത കുറയ്ക്കാനും തെങ്ങിന് ആരോഗ്യം നിലനിർത്താനും ഇടയാക്കും.