നാളികേരത്തിന്റെ വിവിധ ഭാഗങ്ങൾ ആരോഗ്യ പരിപാലനത്തിനായി ഉപയോഗിക്കാവുന്നതാണ്. തെങ്ങിൻ വേരും, ചുക്കും വെള്ളത്തിൽ തിളപ്പിച്ച് കുടിക്കുന്നത് പനിക്കുള്ള ഒരു ഫലപ്രദമായ ചികിത്സയാണ്. വേര് തിളപ്പിച്ച വെള്ളം കുടിച്ചാൽ മൂത്രതടസ്സം മാറുകയും വിരശല്യം ശമിക്കുകയും ചെയ്യും. തെങ്ങിൻ വെള്ളയ്ക്ക വെള്ളത്തിൽ ചാലിച്ചും അരച്ച് നെറ്റിയിൽ പുരട്ടുന്നത് തലവേദന ശമിപ്പിക്കുന്നു. തെങ്ങിൻ പൂക്കുലാദി ലേഹ്യം പ്രസവിച്ച സ്ത്രീകൾക്ക് ആരോഗ്യ സംരക്ഷണത്തിനായി ആയുർവ്വേദം നിഷ്ക്കർഷിക്കുന്നു.
പലവിധ പ്രോട്ടീനുകളുടെ കലവറയാണ് തെങ്ങിൻ പൂക്കുല. കുട്ടികൾക്കും പ്രസവിച്ച സ്ത്രീകൾക്കും ഇവ ചേർത്തുള്ള ആഹാര വിഭവങ്ങൾ സാധാരണയായി നൽകാറുണ്ട്. കരിക്കിൻ വെള്ളം, തേങ്ങാ വെള്ളം എന്നിവ വളരെ പോഷക സമൃദ്ധവും ആമാശയത്തിലെ ആഗിരണശക്തി വർദ്ധിപ്പിക്കുന്നതിന് ഫലപ്രദമാണ്. ഇവ ഛർദ്ദിയുള്ള അവസരങ്ങളിൽ ജലാംശം ശരീര ത്തിൽ നിലനിർത്തുന്നതിനും, ചുമയുണ്ടെങ്കിൽ ഏലക്കാ ചേർത്ത് കുടിക്കുന്നത് വളരെ ഫലപ്രദമാണ്. ഉരുക്കു വെളിച്ചെണ്ണ അഥവാ വെർജിൻ വെളിച്ചെണ്ണ ദേഹമാസകലം പുരട്ടുന്നത് ആരോഗ്യം വർദ്ധിപ്പിക്കുന്നതായി കണ്ടു വരുന്നു.
ആയുർവ്വേദ പ്രകാരം രസം, മധുരവും, ഗുണം, ഗുരു, സ്നിഗ്ദ്ധവും, വീര്യം, ശീത, വിപാകം മധുരവുമാകുന്നു നാളികേരം. നാളികേരലവണം, നാളികേര ഖണ്ഡം എന്നീ ആയുർവേദ ഔഷധങ്ങളിൽ തേങ്ങ ചിരകിയത് ആണ് പ്രധാന ഘടകം. രണ്ട് ഔഷധങ്ങളും ശൂലയ്ക്ക് അഥവാ വയറുവേദനയ്ക്ക് പ്രയോഗിക്കുന്ന ഔഷധങ്ങളാണ്. കൂടാതെ നാളികേരം പൊതുവേ പറയുകയാണെങ്കിൽ ശരീരത്തെ തടിപ്പിക്കുന്ന ഒരു ദ്രവ്യം, ഔഷധം എന്നീ നിലകളിൽ വർത്തിക്കുന്നു. ഔഷധങ്ങളിൽ കൂടാതെ കേരളീയർ കറികളിലും, പലഹാരങ്ങളിലും തേങ്ങ ചിരകിയത്, നാളീകേരപ്പാൽ എന്നിവ കൂടുതലായി ഉപയോഗിക്കുന്നു.