കൃഷിയിടത്തിൽ കാവ് ഇല്ലാതെ പറ്റില്ല. ഇവിടെ കുളത്തിലെ മണ്ണെടുത്ത് ഒരു കുന്നാക്കിയിട്ടുണ്ട്. കുന്നിലും മരങ്ങൾ പിടിപ്പിച്ചിട്ടുണ്ട്. കൂവം, മട്ടി, കാനൻബോൾ ട്രീ എന്നിങ്ങനെ. കുന്നിനോട് ചേർന്നാണ് കാവുനിൽക്കുന്നത്. തെക്കുപടിഞ്ഞാറ് വശത്തായി മുള പിടിപ്പിച്ചു. നമുക്ക് തെക്കുപടിഞ്ഞാറൻ മൺസൂണാണ്. കാറ്റ് മണ്ണിൽ തട്ടി, മരത്തിൽ തട്ടി കുളത്തിലേക്ക് വന്നാൽ കാറ്റിൻ്റെ ശക്തി കുറയും. കൃഷിയിടത്തിൽ കാറ്റ് നാശം വിതയ്ക്കില്ല.
ഇന്ത്യയിൽ സമതലത്തിൽ കൃഷി നാശം തടയാനുള്ള ഒരു ഡിസൈനാണ് ഇത്. കുന്നിൽവീഴുന്ന വെള്ളം ഒഴുകിയൂറി കുളത്തിൽ വരും. കാവിലെ മരങ്ങളുടെ വേരുകൾ ഭൂഗർഭജലത്തെ തടഞ്ഞുനിർത്തും. കാവില് ഈ പ്രദേശത്തെ സകലജീവജാലങ്ങൾക്കും ചേക്കേറാനും കൂടുകൂട്ടാനും വംശവർദ്ധനവ് നടത്താനും പറ്റും. ഇവ ഇര തേടുന്നത് നമ്മുടെ കൃഷിയിടത്തിലായിരിക്കും. കീടശല്യം കുറയും.
മൾട്ടി പർപസ് സിസ്റ്റം മോഡലാണിത്. കാവിലെ പ്രതിഷ്ഠയുണ്ട്. അത് പാട്ടുപാടി തുള്ളാനും, വിളക്കു കത്തിക്കാനും ഉള്ളതല്ല. ഒരു വിഷജന്തുവാണെങ്കിൽപ്പോലും നമ്മൾ സംരക്ഷിക്കേണ്ടതാണെന്ന് കുട്ടികൾക്ക് പറഞ്ഞു കൊടുക്കാനാണത്. വീട് വച്ച് താമസിക്കുമ്പോൾ നമുക്ക് വേണ്ടാത്ത സസ്യങ്ങൾക്കും ജന്തുക്കൾക്കും ഒരിടം കൊടുത്തിരുന്നു. അത് പ്രകൃതിയോടുള്ള ആദരവായിരുന്നു. അതൊരു അന്ധവിശ്വാസമായി കരുതി വെട്ടിക്കളഞ്ഞത് തെറ്റായെന്നാണ് ഇന്ന് ഇക്കോളജിസ്റ്റുകളും പറയുന്നത്. പരിസ്ഥിതി സംതുലനത്തിന് കാവ് തിരിച്ചു പിടിക്കണം.
ഈ കുളം കുഴിച്ചെടുത്തതാണ്. ഈ പ്രദേശത്ത് മണൽ ഇടിഞ്ഞു വീഴും. ഇവിടെ മാത്രം ചുറ്റോടു ചുറ്റും മരമുള്ളതിനാൽ മണ്ണിടിച്ചിലില്ല. വേരുകൾ മണ്ണിനെ പിടിച്ചു നിർത്തും. കരയിലുള്ളത് മുഹമ്മ പഞ്ചായത്തിലെ ഏറ്റവും വലിയ മരമായ മട്ടിയാണ്. ഞാൻ നട്ടതല്ല. താനെ വളർന്നു വന്നതാണ്. വനം വകുപ്പില് നിന്ന് വന്നവർ അവരുടെ മഹാഗണിയും താന്നിയും മട്ടിയും താരതമ്യപ്പെടുത്തി അളന്നു നോക്കി. ഇത്രയും വലിപ്പമില്ല. ഇവിടെ കരിയില കത്തിക്കാത്തതിന്റെ ഗുണമാണതെന്ന് അവർക്കു മനസ്സിലായി.
തമിഴ്‌നാടും ആന്ധ്രയും കുളവും കുന്നും കാടുമെന്ന ഡിസൈൻ സ്വീകരിച്ചിട്ടുണ്ട്. പത്തുശതമാനം നാച്ചുറൽ ഇക്കോസിസ്റ്റം, ബാക്കി വിളകൾകൊണ്ടുള്ള കാട്. ഇത് മൾട്ടിപ്ലൈ ചെയ്താൽ മതി. ഒരിടത്തും നമുക്ക് ക്ഷാമം വരില്ല. ഭക്ഷണം മുട്ടില്ല. കുടിവെള്ളമുണ്ടാകും. മണ്ണിന്റെ ആർദ്രത നിലനിർത്താം. കൃഷി അനായാസമാകും. ഏത് കൃഷിരീതിയെയും വെല്ലുന്ന വിളവ് കിട്ടും. ഇതൊക്കെ വളരെ ലളിതമാണ്. ഓരോരുത്തരും മനസ്സിലാക്കി ചെയ്യണമെന്നു മാത്രം.