നീണ്ട പ്ലാസ്റ്റിക് കപ്പുകളിൽ തൈകൾ വളർത്തിയെടുക്കുന്ന രീതിയാണിത്. സിലിണ്ടർ ആകൃതിയിലുള്ള ഈ കപ്പുകൾ മുകളിൽ നിന്ന് താഴേക്ക് വ്യാസം കുറഞ്ഞു വന്ന് ചുവട്ടിൽ ഒരു ദ്വാരത്തിൽ അവസാനിക്കുന്നു. അധിക ജലം വാർന്നു പോകുന്നതിനും ആവശ്യത്തിന് വായുസഞ്ചാരം കിട്ടുന്നതിനും വേണ്ടിയാണ് ഈ ദ്വാരം ഇട്ടിരിക്കുന്നത്.
കറ നീക്കം ചെയ്‌ത ചകിരിച്ചോർ മിശ്രിതമാണ് ( ചകിരിച്ചോർ, റോക്ക് ഫോസ്ഫേറ്റ്, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയോടൊപ്പം ശിപാർശ ചെയ്തിട്ടുള്ള അളവിൽ കുമിൾനാശിനിയും കീടനാശിനിയും ചേർത്തത്) ഈ കപ്പുകളിൽ നിറയ്ക്കുന്നത്.
കൂടത്തൈകളെപ്പോലെ തന്നെ കപ്പു തൈകളും രണ്ടു രീതിയിൽ തയാറാക്കാം. കപ്പിൽത്തന്നെ വിത്തിട്ട് മുളപ്പിച്ചു വളർത്തി ബഡ്ഡു ചെയ്തെടുക്കുന്നതാണ് ഒരു രീതി.
തവാരണകളിൽ വളർത്തിയെടുത്ത തൈകളിൽ ഗ്രീൻ ബഡ്ഡു ചെയ്‌ത ശേഷം ഈ ഒട്ടുതൈക്കുറ്റികൾ കപ്പുകളിൽ നട്ടു വളർത്തിയെടുക്കുന്നതാണ് മറ്റൊരു രീതി. 26 സെന്റീമീറ്റർ നീളവും 600 മര വ്യാപ്തവുമുള്ള കപ്പുകളാണ് ഇതിനുപയോഗിക്കുന്നത്.
ഒരു വർഷം പ്രായമുള്ള അധികം വലിപ്പമില്ലാത്ത ബ്രൗൺ ബഡ്ഡു ചെയ്ത തൈകളുടെ ഒട്ടു തൈക്കുറ്റികളും കപ്പുകളിൽ നടാവുന്നതാണ്. 30 സെൻ്റീമീറ്റർ നീളവും 800 മര വ്യാപ്‌തവുമുള്ള കപ്പുകൾ ആണ് ഇത്തരം തൈകൾ നടാൻ ഉപയോഗിക്കേണ്ടത്.
കപ്പുതൈകളുടെ പ്രധാന മേന്മകൾ
തൈകളുടെ തായ്‌വേരിൻ്റെ വികലമായ വളർച്ച പൂർണമായും ഒഴിവാക്കി ധാരാളം പക്കവേരുകളെ വളർത്തിയെടുക്കും.
ദൃഢപ്പെടുത്തൽ വഴി പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ തൈകളെ പ്രാപ്തമാക്കുന്നതിലൂടെ കുഴിക്കേടു കൊണ്ടുള്ള നഷ്ടം ഒഴിവാക്കാം.
നഴ്‌സറിയിൽ വച്ചു തന്നെ തൈകളുടെ വേരുപടലം നേരിൽ കണ്ട് ബോധ്യപ്പെടാനാകും.
കപ്പുതൈകൾക്കും സ്റ്റാന്റുകൾക്കും വേണ്ടി വരുന്ന പ്രാരംഭ ചെലവ് കൂടുതലാണെങ്കിലും അവരണ്ടും ദീർഘകാലം ഉപയോഗിക്കാമെന്നതിനാൽ കൂടത്തകളെയപേക്ഷിച്ച് ഉല്‌പാദനച്ചെലവ് കുറയുന്നു.
തൈകൾ തോട്ടത്തിൽ എത്തിക്കുന്നതിനും നടുന്നതിനുമുള്ള ചെലവ് കുറയുന്നു.
കപ്പുകൾ ദീർഘകാലം ഉപയോഗിക്കാമെന്നതിനാലും മേൽമണ്ണിനു പകരം ഒരു പാഴ് വസ്തുവായ ചകിരിച്ചോറ് വളർച്ചാ മാധ്യമമായി ഉപയോഗപ്പെടുത്താമെന്നതിനാലും ഈ നടീൽ രീതി കൂടുതൽ പരിസ്ഥിതി സൗഹൃദമാകുന്നു.